ഒന്ന്
B.Com ന് കിട്ടിയ മാര്‍ക്കിന്റെ കനം കണ്ടപ്പോള്‍
ഇനി ഞാന്‍ ഗള്‍ഫില്‍ പോകുന്നതായിരിക്കും നല്ലത് എന്ന് എന്റെ വീട്ടുകാര്‍ക്ക് തോന്നി. എന്റെ തീറ്റക്കൂലിയും, ബത്തയും വച്ചു നോക്കുമ്പോള്‍ എങ്ങനെയും ഒരു കന്നാലി വിസ [ഗള്‍ഫില്‍ ചെന്നാല്‍ ഒട്ടകത്തെ മേയ്ക്കുന്ന പണി.. അല്ലാതെ.. ഹേയ്.. കന്നുകാലികള്‍ക്കുള്ള വിസ ഒന്നും അല്ല] എടുത്ത് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന്
ഗള്‍ഫിലുള്ള ചേട്ടന്മാരും കൂടി തീരുമാനിച്ചപ്പോള്‍
എനിക്ക് കാത്തിരിക്കാനും ഒരു വക ആയി. വിസ കിട്ടുന്നതുവരെ വായില്‍ നോക്കാന്‍ ഒരു പണി ആയിക്കോട്ടെ
എന്ന് വിചാരിച്ച് ടൌണില്‍ ഉള്ള പാരലല്‍ കോളേജില്‍ മാഷ് ആയി.
വിദ്യാഭ്യാസയോഗ്യത വച്ച്, പ്രിന്‍സിപ്പല്‍ ആയി ചാര്‍ജ് എടുത്തുകൊള്ളാമെന്നു ഞാന്‍ അറിയിച്ചെങ്കിലും
M.A കാരന് ആയ Owner-cum-Principal സമ്മതിച്ചില്ല. പിന്നെ അങ്ങേര് എന്റെ കീഴില്‍ ജോലി ചെയ്യേണ്ടി വരില്ലേ
! ആ കോംപ്ലക്സ് ആണ്. പഠിക്കാന്‍ വരുന്ന കുട്ട്യോള്ടെ
ചീത്ത സമയം, അല്ലാതെന്താ
.. നല്ലൊരു
പ്രിന്‍സിപ്പലിനെ അവര്‍ക്ക് നഷ്ടപ്പെട്ടു
. ..
10-20 കിലോമീറ്റര്‍ ഏരിയായില്‍ എവിടെയെങ്കിലും പൂരം, ഗജമേള, ആനഊട്ട്, ആന ഇടയല്‍ , ആന പ്രസവം ഇത്യാദി ഉണ്ടായാല്‍ ഞാന്‍ അവധി ആയിരിക്കും. ഗുരുവായൂര്‍ ആനയോട്ടം നടക്കുന്ന ദിവസം എനിക്ക് PAID HOLIDAY ആക്കിതരണമെന്ന് ഞാന്‍ ഒരു കഷ്ണം കടലാസ്സില്‍ എഴുതി പ്രിന്‍സിപ്പലിന് കൊടുത്തിരുന്നു. അന്ന് അവസാനത്തെ പിരിയഡ്, ആ കടലാസുകഷ്ണം ചുരുട്ടി ഒരു കുഴല്‍ ആക്കി ആ വിദ്വാന് ചെവിയില്‍ ഇട്ടു ഇളക്കി രസിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. വൃത്തികെട്ടവന് ...
ആനയോടുള്ള ഈ ഭ്രമം എന്റെ കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. എന്റെ അയല്‍വാസി ശേഖരേട്ടന് ഒരു ആന ഉണ്ടായിരുന്നു. ഏകദേശം 9 അടിക്ക് മേല്‍ ഉയരം ഉള്ള ലക്ഷണമൊത്ത കൊമ്പന് "കുട്ടികൃഷ്ണന് ". ഞാന്‍ SSLC-യ്ക്ക് പഠിക്കുമ്പോള്‍ ആയിരുന്നു പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ ഉള്ള ഒരു കുമാരന് ചെട്ടിയാര്‍ എന്ന കുമാരേട്ടന് , കുട്ടികൃഷ്ണന്റെ ചട്ടക്കാരന് [ഒന്നാം പാപ്പാന് ] ആയിട്ട് വന്നത്.
"ഒരു സാധു മനുഷ്യന് .കണ്ടാല്‍ ആനക്കാരനാണ്ന്ന് തോന്നില്ല്യ ട്ടോ."
കണ്ട ഉടനെ അമ്മമ്മ ഒരു സര്‍ട്ടിഫിക്കറ്റ് കൊടുത്തു. അയാടെ കാര്യം കട്ടപ്പൊക. ഇനി ഈ പണി എടുത്ത് ജീവിക്കാന്‍ നോക്കേണ്ട. അമ്മമ്മക്ക് കരിനാക്ക് ഉണ്ടേ...
നാട്ടില്‍ പ്രായമായ അമ്മയും, ഭാര്യയും, നാല് കുട്ടികളും ഉള്ള ഒരു പ്രാരാബ്ധക്കാരന് . ഞങ്ങള്‍ പിള്ളേര്‍ക്ക് കുമാരേട്ടനെ ഇഷ്ടായി. ആനക്കാരുടെ കൂടെപിറപ്പ് ആയ കള്ളുകുടി തീരെ ഇല്ല. ഇടക്ക് MGR ന്റെ സിനിമയിലെ പാട്ട് പാടും എന്നത് ഒഴികെ യാതൊരു ദു:ശ്ശീലവും ഇല്ല. തമിഴ് വലിയ പിടി ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ പിള്ളേരോ, ആനയോ അത് അത്ര കാര്യമാക്കി എടുത്തില്ല. SSLC പരീക്ഷ കഴിഞ്ഞതും വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് കുമാരേട്ടനുമായി കമ്പനി ആയി. എന്തായാലും കുമാരേട്ടന് എന്നോടുള്ള മമത, കുട്ടികൃഷ്ണന് എന്നോട് ഉള്ളതായി തോന്നിയില്ല. എങ്കിലും ഇടക്ക് ശര്‍ക്കര, വീട്ടില്‍ വാഴക്കുല പഴുക്കുമ്പോള്‍ ഒന്നുരണ്ടു പടല പഴം എന്നിവയെല്ലാം കൊടുത്ത് ഞാന്‍ കുട്ടികൃഷ്ണനെ വശത്താകാന്‍ തീരുമാനിച്ചു. അത് കുറച്ചൊക്കെ ഫലം കണ്ടു തുടങ്ങി.
ഞാന്‍ Pre-Degree എന്ന മഹാ ഡിഗ്രിക്ക് ചേര്‍ന്ന്, കോളേജില്‍ പോയി തുടങ്ങി. പക്ഷെ, ഒഴിവു ദിവസങ്ങളില്‍ അധികസമയവും ആനയുടെ അടുത്ത തന്നെ ആയിരിക്കും. ആന അവിടെ ഉള്ള ദിവസങ്ങളില്‍ അധികസമയവും വീട്ടില്‍ തന്നെ ചുറ്റിപ്പറ്റി നില്ക്കുന്നതുകൊണ്ട് വീട്ടുകാര്‍, ഞാന്‍ decent ആയി എന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ പ്രീഡിഗ്രി കഴിയുമ്പോഴേക്കും ആനയെ അത്യാവശ്യം അനുസരിപ്പിക്കാനും ഞാന്‍ ശീലിച്ചു. അല്ല, കുമാരേട്ടന് എന്നെ ശീലിപ്പിച്ചു എന്നതാവും കൂടുതല്‍ ശരി.
അടുത്ത് വല്ല എഴുന്നള്ളിപ്പും ഉണ്ടെങ്കില്‍ കുട്ടികൃഷ്ണന്റെ ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ഇടക്കുള്ള ഒന്നരാമത്തെ പാപ്പാന് ആയി ഞാന്‍ നില കൊണ്ടു. എന്നെ അടുത്തു പരിചയം ഇല്ലാത്തവരോട് ആന എന്റെ വീട്ടിലെ ആണെന്ന് തട്ടിവിടാനും ഞാന്‍ മറന്നില്ല. എമര്‍ജന്‍സി കേസില്‍ കുമാരേട്ടന് തന്റെ വീട്ടില്‍ പോയാലും കുട്ടികൃഷ്ണനെ അഴിക്കുക, തീറ്റ താങ്ങി വരിക [പനമ്പട്ട വെട്ടി ഇട്ടത് കൊമ്പില്‍ പൊക്കി എടുക്കുക] തുടങ്ങിയവയൊക്കെ എന്റെ control -ഇല് ആയിരുന്നു. അങ്ങനെ ശേഖരേട്ടനും എന്നെ സ്വന്തം ആള് ആയി കാണാന്‍ തുടങ്ങി. എന്നാല്‍ , ഈ ബഹുമാനമൊന്നും എന്റെ വീട്ടുകാര്‍ക്ക് എന്നോട് ഇല്ലായിരുന്നു.
അങ്ങനെ എന്റെ അട്ടപ്പാടിയില്‍ ഞാന്‍ ദിവാരേട്ടനും, ടൌണില്‍ ദിവാരന് മാഷും ആയി വാഴുന്ന കാലം. ഒരു ഞായറാഴ്ച രാവിലെ 10 മണി ആയിക്കാണും. ശേഖരേട്ടന്റെ മൂത്ത മകള്‍ നീനചേച്ചി വന്ന് പറഞ്ഞു "ദിവാരനെ അച്ഛന് വിളിക്ക്ണ്ണ്ട് "
ഞാന്‍ വേഗം തന്നെ ചെന്നു. ആള് കുറച്ച് ടെന്ഷനില് ആണ്. കണ്ട ഉടനെ ചോദിച്ചു,
"ദിവാരാ, നിനക്ക് കുട്ടീഷ്ണനെ എഴുന്നള്ളിപ്പിന് കൊണ്ടോക്കൂടെ?"
"അപ്പൊ കുമാരേട്ടനോ? "
"കുമാരന് ഭാര്യക്ക് സുഖമില്ലാതെ വീട്ടില്‍ പോയതാണ്. അവന് നേരിട്ട് അമ്പല പറമ്പിലിക്ക് വരും, ഫോണ്‍ വന്നിരുന്നു."
"ഹും..." ഞാന്‍ ദുര്‍ബ്ബലമായി ഒന്ന് മൂളി.
"ഞാനും വരണ്ണ്ട് ഡാ". എന്റെ മൂളലിന്റെ ബലക്കുറവ് കണ്ട് ശേഖരേട്ടന് എനിക്ക് ധൈര്യം തന്നു.
സത്യത്തില്‍ എനിക്ക് പേടി കുട്ടികൃഷ്ണനെ അല്ലായിരുന്നു. 70 ല്‍ പരം ആനകള്‍ വരുന്ന പൂരം ആണ്. വലിയ ജനത്തിരക്കും ഉണ്ടാകും. നമ്മുടെ ആനയുടെ തൊട്ടടുത്ത് നില്ക്കുന്ന ആന ഏത് ടൈപ്പ് ആണെന്ന് പറയാന്‍ പറ്റില്ല. മാത്രമല്ല ചില ആനകളുടെ നീര് [മദംപാട്] പൂര്‍ണ്ണമായി മാറിയിട്ടുണ്ടാകില്ല. ഏക്കം [ആനയെ എഴുന്നള്ളിക്കാനുള്ള ചാര്‍ജ്] വാങ്ങിപ്പോയതുകൊണ്ട്, മൊടയിലും [മദംപാടിന്റെ ആരംഭം], വറ്റുനീരിലും [മദംപാടിന്റെ അവസാന കാലം] ചിലര്‍ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുവരും.
വേഗം വീട്ടില്‍ പോയി ലുങ്കി മാറ്റി ഒരു കാവിമുണ്ട് ഉടുത്ത്, തലയില്‍ ഇടാന്‍ മറ്റൊരു ജൂനിയര്‍ കാവിമുണ്ടും എടുത്ത് തിരിച്ചു വന്നു. വീട്ടില്‍ പറയാനൊന്നും നിന്നില്ല. അപ്പോഴേക്കും ശേഖരേട്ടനും, ബാബുട്ടനും [അങ്ഗീകൃത രണ്ടാം പാപ്പാന് ] കൂടി ആനയെ അഴിച്ച്, കഴുത്തില്‍ വട്ടക്കയര്‍ കെട്ടി സുന്ദരനാക്കി നിറുത്തിയിരിക്കുന്നു. ഞാന്‍ വന്ന്, കുട്ടികൃഷ്ണനെ ഒന്ന് തൊട്ട് തലോടി. ശേഖരേട്ടന് കാരക്കോല് എടുത്ത് തന്നു, കൂടെ കുറച്ച് രൂപയും. പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാലോ... അന്ന് ഇന്നത്തെപ്പോലെ ആണി അടിച്ചുകയറ്റിയ കാരക്കോല് ആരുംതന്നെ ഉപയോഗിച്ചിരുന്നില്ല. ഇന്ന് ചെറിയ കോല് തന്നെ ആനയെ അടിക്കാനും , കുത്താനും [ആണി ഉള്ള കാരണം] ചില പാപ്പാന്മാര് ഉപയോഗിക്കുന്നത് കാണാം. തോട്ടി ഞാന്‍ തന്നെ എടുത്ത് ബാബുട്ടന്റെ കയ്യില്‍ കൊടുത്തു, ആനയുടെ കാല് പൊക്കാന്‍ ഓര്‍ഡര്‍ കൊടുത്തു. അടുത്ത നിമിഷം തന്നെ അവന് ആനപ്പുറത്ത് എത്തി. ആനപ്പുറത്ത് കയറാനും ഇറങ്ങാനും ഉള്ള ബാബൂട്ടന്റെ കഴിവ് ഒന്ന് വേറെ തന്നെ ആണ്. പക്ഷെ പനമ്പട്ട എങ്ങാനും ഒന്ന് എടുത്തോണ്ടുവരാന്‍ പറഞ്ഞാല്‍ അവന്റെ മുഖത്ത് അമാവാസി വരും.
"എങ്കില്‍ നിങ്ങള്‍ നടന്നോ.. ഞാന്‍ പിന്നാലെ വരാം .." ശേഖരേട്ടന്റെ വായ്ത്താരി.
അഞ്ചാറു കിലോമീറ്റര്‍ നടക്കണം. ഞങ്ങള്‍ വച്ചു പിടിച്ചു.

രണ്ട്
അങ്ങനെ എല്ലാം തികഞ്ഞ ഒരു കരിവീരനും, ഒന്നും തികയാത്ത രണ്ട് പാപ്പാന്മാരും കൂടി പൊരിവെയിലത്ത്, ടാറിട്ട റോഡിലൂടെ തെന്നിത്തെറിച്ചു നീങ്ങി. കുട്ടികള്‍ വീടിന്റെ ഉമ്മറത്തും, മുറ്റത്തും ഒക്കെ ആയി കൌതുകത്തോടെ ആനയെ നോക്കി നിന്നു. ചിലരൊക്കെ ആനയുടെ പേര് ചോദിച്ചു. ഞാന്‍ ഗമ വിടാതെ "കുട്ടികൃഷ്ണന് " എന്ന് പറഞ്ഞു. ചോദിക്കുന്നത് "പെണ്മണികള് " ആണെങ്കില്‍ ഉത്തരം ആനപ്പുറത്തുനിന്നും വളരെ കൃത്യമായി വന്നു. അതും പേരും, നാളും, ജാതകവും സഹിതം. ചിലരോടെക്കെ ആ തെണ്ടി, മസ്സിലും പിടിച്ച് താഴെ നടക്കുന്ന ഞാന്‍ ആനപ്പാപ്പാന്‍ അല്ല എന്ന് വരെ പറഞ്ഞു കളഞ്ഞു. ആനതോട്ടി അവന്റെ കയ്യില്‍ ആയത് അവന്റെ ഭാഗ്യം, അല്ലെങ്കില്‍ ഞാന്‍ ആ മരമാക്രിയെ വലിച്ച് താഴെ ഇട്ടേനെ...
അപ്പോള്‍ ആണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ഇരുനില വീടുകളുടെ മുന്നില്‍ എത്തുമ്പോള്‍ ബാബുട്ടന്റെ കഴുത്ത് ക്രമത്തിലധികം മേലോട്ട് പൊങ്ങും. എനിക്ക് കാര്യം പിടി കിട്ടി. അവന് തന്നെ മുന്‍പ് ഒരിക്കല്‍ രഹസ്യമായി എന്നോട് പറഞ്ഞത് ആണ്. ഒരു ദിവസം കുമാരേട്ടനും അവനും കൂടി രാത്രി ആനയുമായി വരുമ്പോള്‍ ഏതോ വീടിന്റെ ടെറസില്‍ അവന് ഒരു "പിശക്" സീന്‍ കണ്ടിരുന്നു. അതിന്റെ side effect ആണ് ഈ കഴുത്ത് നീളല്‍ !!. ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ ഞാന്‍ മേലോട്ട് നോക്കി ചോദിച്ചു:
"പകല്‍ ആണോടാ കൂതറെ കഴുത്ത് നീട്ടുന്നത് ?"
"ഇന്റെ ഭാഗ്യത്തിന് പകലും എന്തെങ്കിലും കണ്ടാലോ" വളരെ പ്രതീക്ഷയോടെ ഉള്ള മറുപടി..
പൂരകമ്മിറ്റി ഓഫീസിനുമുന്നില്‍ എത്തിയപ്പോള്‍ ബാബുട്ടന് ആനയുടെ ബ്രെയ്ക്ക് പിടിച്ചു. മൂന്ന് കൊല്ലമായി ഇതേ കമ്മിറ്റിക്ക് കുട്ടികൃഷ്ണന് തന്നെ ആണ് വലിയ ആന. വേറെ രണ്ട് ആനകള്‍ കൂടി വന്നിരുന്നു. രണ്ടും ഗുരുവായൂരിലെ ആനകള്‍ ആണ്. കണ്ട് പരിചയം ഉള്ള പാപ്പാന്മാരും. എനിക്ക് അല്പം സമാധാനമായി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളെ സാധാരണയായി നീരില്‍ എഴുന്നള്ളിപ്പിന് അയക്കാറില്ല.
"ഇന്നെന്താ മുതലാളിമാര്‍ ആണല്ലോ... കുമാരേട്ടന് എവിടെ?" ഒരു പാപ്പാന് ചോദിച്ചു. [ശേഖരേട്ടന്റെ ഒപ്പം കാറില്‍ അമ്പലപറമ്പുകളില്‍ കറങ്ങുന്നത് കണ്ടിട്ട് ഞാന്‍ ശേഖരേട്ടന്റെ മകന് ആയിരിക്കും എന്ന് വിചാരിച്ച് ആണ് ചോദ്യം]
"വീട്ടില്‍ പോയിരിക്ക്യാ, കുറച്ച കഴിയുമ്പോഴേക്കും എത്തും" ഞാന്‍ പറഞ്ഞു.
ആനയെ തളക്കുന്നത് അടുത്തു തന്നെ ഉള്ള ഒരു പറമ്പില്‍ ആണ്. പനമ്പട്ട എല്ലാം അവിടെ തന്നെ അടുക്കി ഇട്ടിരുന്നു. ബാബുട്ടന് ഭൂമിയിലേക്ക് ഇറങ്ങി വന്നു. ഞാന്‍ കുട്ടികൃഷ്ണനെ അടുത്തു തന്നെ ഉള്ള മാവില്‍ തളച്ചു. അപ്പോഴേക്കും ബാബുട്ടന് പട്ട വലിച്ച് ആനയുടെ അടുത്തേക്ക് ഇട്ടു കൊടുത്ത്, എന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തി ചോദിച്ചു:
"നമ്മടെ ഫുഡ് എവിട്യാണാവോ ?"
ഫുഡിന്റെ കാര്യത്തില്‍ ബാബുട്ടന് വലിയ കൃത്യനിഷ്ഠ ആണ്. ശമ്പളം കിട്ടുവാന്‍ ഒരാഴ്ച വൈകിയാലും അവനു പ്രശ്നമില്ല. പക്ഷെ ചോറ് കിട്ടുവാന്‍ അര മണിക്കൂര്‍ വൈകിപ്പോയാല്‍ പിന്നെ വലിയ പരവേശം ആണ്.
ഇവന്റെ സേവനത്തിന്റെ ആദ്യനാളുകളില്‍ ഒരു ദിവസം ശാരദേട്ടത്തി [ശേഖരേട്ടന്റെ ഭാര്യ] ഇവന് ചോറ് വിളമ്പി കൊടുക്കുമ്പോള്‍ നീന ചേച്ചി പറഞ്ഞു:
"നീ ചോറ് ഉണ്ണുന്നത് വടക്കേലെ അമ്മമ്മ [അതായത് എന്റെ അമ്മമ്മ] കണ്ടാല്‍ പിന്നെ നിനക്ക് സോഡ കുടിച്ചാല്‍ പോലും ദഹിക്കില്ല്യ ട്ടോ".
ഇത് കേട്ടതും ശാരദേട്ടത്തി കണ്ണുരുട്ടി ചേച്ചിയെ ഓടിച്ചു. ബാബുട്ടന് നീന ചേച്ചിയുടെ കമന്റിനു പുല്ലുവില കല്‍പ്പിച്ചുകൊണ്ട് മോരുകൂട്ടി ഒരു പിടുത്തം കൂടി പിടിച്ചു. മാങ്ങ പഴുത്തു തുടങ്ങിയാല്‍ , കുട്ടികൃഷ്ണന് വീട്ടിലുള്ളപ്പോള്‍ , ബാബുട്ടന് മാവിന് കൊമ്പത്ത് ആകും സ്ഥിരതാമസം. പത്ത് പന്ത്രണ്ട് മാങ്ങ യാതൊരു ബുദ്ധിമുട്ടും കൂടാതെ ചെലുത്തും. ചക്ക അത്രയൊന്നും കഴിക്കില്ല, വെറും ഒന്ന്.
ഫുഡ് ഏര്‍പ്പാടാക്കിയിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ ബാബുട്ടന് ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. പോലീസ് നായ കഞ്ചാവ് പിടിക്കുന്നതുപോലെ അവന് അത് മണത്തു കണ്ടുപിടിച്ചു. ഊണ് കഴിച്ച് കൈ കഴുകി വന്ന് മുണ്ടിന്റെ കോന്തലകൊണ്ട് കൈ തുടച്ച് എന്നോട് ചോദിച്ചു:
"കഴിക്കിണില്ല്യെ?"
"ആ" ഞാനൊന്നു മൂളി, പെട്ടന്ന് പോയി ഊണ് കഴിച്ച് ആനയുടെ അടുത്ത് വന്നു.
പൂരം എഴുന്നള്ളിപ്പ് തുടങ്ങേണ്ട സ്ഥലം അടുത്തുതന്നെ ആയതിനാല്‍ ചമയം എല്ലാം കെട്ടിയിട്ട് ആനയെ അങ്ങോട്ട് കൊണ്ടുപോകാം എന്ന് ആയിരുന്നു തീരുമാനം. പെട്ടന്ന് ഒരു വിളി, "മാഷേ...."
നോക്കിയപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ നിന്നും ആണ്. തേര്‍ഡ് ഗ്രൂപ്പിലെ ഉഷ. കൂടെ, ഞങ്ങളുടെ പാരലല്‍ കോളേജിലെ കുറെ "കിളി"കളും ഉണ്ട്. അവയില്‍ ചിലത് സ്വഭാവം കൊണ്ട് "വെട്ടുകിളികള്‍ " ആണ്. ഉഷ പൂരം കാണാന്‍ ക്ഷണിച്ചിട്ട് വന്നത് ആയിരിക്കണം. ആവൂ... ആനയേം കൊണ്ട് ചാടി പുറപ്പെട്ടത് വെറുതെ ആയില്ല. മെല്ലെ അങ്ങോട്ട് നടന്നു.
"ഞാനും വരണോ?" പിന്നില്‍ നിന്നും ബാബുട്ടന്റെ ചോദ്യം.
"എനിക്ക് എസ്കോര്‍ട്ട് വേണ്ട" ഞാന്‍ ഒട്ടും അലിവില്ലാതെ പറഞ്ഞു. അവന് എന്നെ ദയനീയമായി ഒന്ന് നോക്കി തിരിഞ്ഞു നടന്നു.
"മാഷിന് ഇത് പാര്‍ട്ട് ടൈം ജോലി ആണ്, അല്ലെ?" ഏതോ ഒരു തല തെറിച്ച വിത്തിന്റെ കമന്റ്. ഞാന്‍ വന്നപ്പോള്‍ തന്നെ ഇവര്‍ കണ്ടിരിക്കുന്നു. പിന്നെയും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. എല്ലാ മറുപടിയും ഒരു ഒരു ചിരിയില്‍ ഒതുക്കി, ഞാന്‍ സിനിമാനടന് സത്യന്റെ സ്റ്റൈലില്‍ അരക്കെട്ടില്‍ കയ്യും കുത്തി നിന്നു. ഒരു സുന്ദരിക്ക് ആനവാല് വേണം. "ഈ എഴുന്നള്ളിപ്പ് ഒന്ന് കഴിഞ്ഞോട്ടെ, ആനയുടെ വാല്, കട ചേര്‍ത്ത് വച്ചു മുറിച്ചു തരാം" എന്ന് "ആക്കി"യതോടെ അവളുടെ മുഖത്തെ voltage കുറഞ്ഞു.
"ഇപ്പളത്തെ പെണ്പിള്ളാരെ പഠിപ്പിക്കാന്‍ കോളേജിലും ആന പാപ്പാന്മാര് തന്നെ വേണം."
എല്ലാം കേട്ടുകൊണ്ടിരുന്ന, സാമ്പാര്‍ മണക്കുന്ന ഒരു അമ്മൂമ്മ വച്ചു കീറി. പെണ്‍പട ആര്‍ത്തുചിരിച്ചു. താങ്ങ് എനിക്കിട്ട് ആണോ, പിള്ളാര്ക്കിട്ടാണോ എന്ന് എനിക്ക് മനസ്സിലായില്ല. ഇതിലും ഭേദം വല്ല "നീരി"ലുള്ള ആനയുടെയും അടുത്ത ചെന്ന് നില്‍ക്കുന്നതാണെന്ന് തോന്നി. ഇവിടത്തെ "കാലാവസ്ഥ" ശരിയല്ല. എന്തായാലും പുതിയ കുറച്ച് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞാന്‍ ആനയുടെ അടുത്തേക്ക് തിരിച്ചു നടന്നു.
ഞാന്‍ ചെന്ന് കുട്ടികൃഷ്ണനെ ഒന്ന് തലോടി, ചങ്ങല അഴിച്ചു, മാറ്റി നിറുത്തി. ഞങ്ങള്‍ പകല്‍ ആനയെ അഴിക്കുമ്പോള്‍ ആനയെ ഒന്ന് തലോടും, രാത്രി ആണെങ്കില്‍ ആനയുടെ പേര് വിളിക്കും, അപ്പോള്‍ തിരിച്ചും ആന ഒരു ശബ്ദം ഉണ്ടാക്കും. OK ആണെന്നുള്ള സിഗ്നല്‍ . പതിവുപോലെ ബാബുട്ടന് മുകളിലെത്തി. ഞാന്‍ തലേക്കെട്ട് [നെറ്റിപ്പട്ടം] എടുത്ത് കൊടുത്തു. ഇത് കെട്ടുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വശങ്ങളിലേക്ക് ഒട്ടും തന്നെ ചെരിയാന്‍ പാടില്ല. വശങ്ങളില് ഉള്ള നൂല് ആനയുടെ കണ്ണില്‍ തട്ടരുത്. ഇറക്കവും കൃത്യം ആയിരിക്കണം. തലേക്കെട്ടിന്റെ ഞാത്ത്, കൊമ്പുകള്‍ക്കിടയില്‍ അല്‍പ്പം താഴോട്ടു കിടക്കണം. കോലം [തിടമ്പ്] വച്ചുകഴിഞ്ഞാല്‍ കച്ച [മുകളിലെ തുണി] ആനയുടെ മുന്നില്‍നിന്നും നോക്കിയാല്‍ പുറത്തേക്ക് കാണാന്‍ പാടില്ല.
ബാബുട്ടന് രണ്ടുകൊല്ലത്തെ അവന്റെ സര്‍വീസില്‍ ഇന്നേ വരെ ഇത് ശരിക്ക് കെട്ടിയിട്ടില്ല. ഞാന്‍ ആനയുടെ കുറച്ച് മുന്നിലേക്ക് മാറി തലേക്കെട്ടിന്റെ ലെവല്‍ നോക്കി. കുറച്ച് ചരിവ് ഉണ്ട്. തിരിച്ചു വന്ന് കൊമ്പിന്റെ ഇടയില്‍ നിന്നുകൊണ്ട് അത് വലിച്ച് നേരെ ആക്കി. കൊമ്പിന്റെ ഇടയില്‍ നില്ക്കുമ്പോള് പെട്ടന്ന് ആന എന്നെ മെല്ലെ ഒന്ന് തള്ളിയതുപോലെ തോന്നി. ഒരു അപായ സിഗ്നല്‍ ഉള്ളിലൂടെ പാഞ്ഞുപോയി. എനിക്ക് വെറുതെ തോന്നിയത് ആകുമോ? ഞാന്‍ വളരെ പെട്ടന്ന് മാറി, മറ്റുള്ളവര്‍ ശ്രദ്ധിക്കാത്ത രീതിയില്‍ തോട്ടിയും, കോലും കയ്യില്‍ എടുത്തു. എത്ര തന്നെ ഇണക്കം ഉള്ള ആന ആയാലും ഈ ഒരു വടി ആണ് ഞങ്ങള്‍ക്ക് ആകെയുള്ള ആശ്രയം . പക്ഷെ, ബാബുട്ടനിലെ ആനക്കാരന് ആ സിഗ്നല്‍ പിടിച്ചെടുത്തു. അവന് എന്റെ മുഖത്തേക്ക് ആശങ്കയോടെ നോക്കി. ഞാന്‍ കണ്ണുകൊണ്ട് "കുഴപ്പമില്ല" എന്ന് കാണിച്ചു. രണ്ട് മിനിറ്റ് കൂടി കാത്തു. ആന വളരെ decent. ബാബുട്ടന് തലേക്കെട്ടിന്റെ ചരട് മുറുക്കി. കാല് പൊക്കാന്‍ വേണ്ടി ഒന്ന് തട്ടി. ആന കാല് പോക്കികൊടുത്തു, ബാബുട്ടന് താഴെ ഇറങ്ങി. മറ്റുള്ള പാപ്പാന്മാരെല്ലാം അവരവരുടെ ആനയുടെ ചമയങ്ങള്‍ കെട്ടുന്ന തിരക്കില്‍ ആണ്.
ആനപ്പുറത്ത് കയറാന്‍ ഉള്ള ചെത്ത് പയ്യന്മാര് റെഡി. അന്നെല്ലാം നാട്ടില്‍ തന്നെ ഉള്ള ചുള്ളന്മാര് തന്നെ ആണ് ആനപ്പുറത്ത് കയറിയിരുന്നത്. ഇന്നത്തെപോലെ അതിന് പ്രത്യേക ആളുകള്‍ ഉണ്ടായിരുന്നില്ല. "ചെത്ത് ടീം" ആയതുകൊണ്ട് പകല്‍ എഴുന്നള്ളിപ്പിന് കയറാന്‍ ധാരാളം പേര് ഉണ്ടാകും. പക്ഷെ രാത്രി കയറാന്‍ , കമ്മിറ്റിക്കാര് ഇവന്മാരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരും. കാരണം, രാത്രി "കിളികള്‍ " എല്ലാം കൂട് അണഞ്ഞിരിക്കും എന്നത് തന്നെ.
കോലം പിടിക്കാന്‍ ഉള്ളവനോട് മാത്രം ഇവിടെനിന്നും കയറാന്‍ പറഞ്ഞു. ബാക്കി മൂന്നാളും എഴുന്നള്ളിപ്പ് തുടങ്ങുന്നിടത്തുനിന്നും. കൂട്ടത്തില്‍ ശുഷ്കിച്ച ഒരു പയ്യന് മുന്നോട്ടു വന്നു. കുട്ടികൃഷ്ണന്റെ കോലം 5 അടിക്കുമേല്‍ ഉയരം ഉള്ളത് ആണ്. അത് ഇവന് പിടിച്ചാല്‍ എന്റെ തലക്കിടും എന്ന് ഉറപ്പ്. ഞാന്‍ അവനോടു കുട പിടിച്ചാല്‍ മതി എന്ന് പറഞ്ഞിട്ട്, കൂട്ടത്തില്‍ ആരോഗ്യമുള്ള ഒരുത്തനെ ആനപ്പുറത്ത് കയറ്റി. ബാബുട്ടനും മറ്റൊരാളും കൂടി കോലം ഉയര്‍ത്തി കൊടുത്തു. പഞ്ചവാദ്യക്കാര്‍ നടന്നുകഴിഞ്ഞിരുന്നു. ഞാന്‍ കുട്ടികൃഷ്ണന്റെ കൊമ്പിന് കൈകൊണ്ട് മേലോട്ട് രണ്ട് തട്ട് തട്ടി. അവന് തല ഉയര്‍ത്തി പിടിച്ചു. അവന്റെ വലതു കൊമ്പില്‍ പിടിച്ചു രാജകീയമായിതന്നെ മുന്നോട്ട് ...
മൂന്ന്
പൂരം എഴുന്നള്ളിച്ചു. ഈ കമ്മിറ്റിക്ക് ആകെ മൂന്ന് ആനകള്‍ . നടുവില്‍ ഞങ്ങളുടെ പുലി കുട്ടികൃഷ്ണന് . ഇടതും, വലതും ഗുരുവായൂര്‍ ദേവസ്വം വക ആനകള്‍ . മുന്നില്‍ ഫുള്‍ സെറ്റ് പഞ്ചവാദ്യം. ഏറ്റവും മുന്നില്‍ ആയി നാദസ്വരം. "പാമ്പു"കള്‍ അധികവും നാദസ്വരത്തിന് മുന്നില്‍ ആണ്. ഒരു തരത്തില്‍ അത് നന്നായി. ഇല്ലെങ്കില്‍ ചില പാമ്പുകള്‍ പത്തി വിടര്‍ത്തി ആടി ആടി ഉലഞ്ഞു ആനയുടെ മുന്നിലേക്ക് ഉരുണ്ടു പിരണ്ടു വീഴും. പിന്നെ ഞങ്ങള്‍ക്ക് പണി ആകും.
ഞങ്ങളുടെ ആനപ്പുറത്തിരിക്കുന്ന നാല് പേരും "പക്ഷി നിരീക്ഷണത്തില്‍ " ആണ്. ഇലക്ട്രിക് ലൈന്‍ വരുമ്പോള്‍ ഞാന്‍ പറയും കോലവും കുടയും ശ്രദ്ധിക്കാന്‍ . ഇടയ്ക്കിടെ ഞാന്‍ ആള്‍ക്കൂട്ടത്തില്‍ ഒന്ന് നോക്കും, കുമാരേട്ടന് , ശേഖരേട്ടന് ഇവരില്‍ ആരെങ്കിലും എത്തിയിട്ടുണ്ടോ എന്ന്. ങേ ഹേ... ഒരു വിവരവും ഇല്ല.
ഒരു തവണ കുട്ടികൃഷ്ണന് ഒരു അടി ചോദിച്ചു. ഞാന്‍ ഒന്ന് ക്ഷമിച്ചു. എന്തിനാ വെറുതെ ഞാനുമായി ഒരു പ്രശ്നം ഉണ്ടാക്കുന്നത്. ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ കുറച്ചു സമയം നിറുത്തി കൊട്ടി. അതിനിടക്ക് അവന് ഒരു കാല് ആവശ്യമില്ലാതെ കുറച്ച് മുന്നോട്ടു നീക്കി. എഴുന്നള്ളിപ്പ് സമയത്ത് ചേര്‍ത്ത് വച്ചിരിക്കുന്ന മുന്‍കാലുകള്‍ ആന, പാപ്പാന് പറയാതെ മുന്നോട്ടു നീക്കരുത്. അങ്ങനെ ചെയ്താല്‍ അടുത്ത ചെയ്തി, ആന അതിന് ഇഷ്ടമുള്ള ഇടത്തേക്ക് നീങ്ങുക എന്ന് ആണ്. സാധാരണ, ഇങ്ങനെ ചെയ്താല്‍ പാപ്പാന്മാര് ഒന്ന് കൊടുക്കും. ഇതൊന്നും അറിയാതെ കണ്ടുനിക്കുന്നവര്ക്ക് തോന്നും ഇയാള്‍ എന്തിനാ ആനയെ വെറുതെ അടിക്കുന്നത് എന്ന്. ഞാന്‍ വടികൊണ്ട് മെല്ലെ ഒന്ന് തട്ടിയെ ഉള്ളു, കാലില്‍ . "ഞാന്‍ ഈ നാട്ടുകാരന് അല്ല" എന്നുള്ള മട്ടില്‍ ഒന്നും അറിയാത്ത പോലെ മര്യാദ രാമന് ആയി നിന്നു, നമ്മുടെ മൊതല്.
ആനയെ അടിക്കുന്നതിനും ചില ചിട്ടകള്‍ ഒക്കെ ഉണ്ട്. ആവശ്യമില്ലാതെ ആനയെ അടിക്കരുത്. "നൂറു വാക്കിന് ആറ് ഓങ്ങല് , ആറു ഓങ്ങിന് അര അടി" എന്ന് ആണ് പ്രമാണം. മറ്റൊന്ന്, ആന അറിയാതെ ഒരിക്കലും ആനയെ അടിക്കരുത്. ആനക്ക് മനസ്സിലാകണം എന്തിനാണ് അടിച്ചത് എന്ന് അര്‍ത്ഥം. അടിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. തുമ്പിക്കയ്യിന്റെ അകത്തെ വശം വളരെ sensitive ആണ്. അവിടെ അടിക്കാന്‍ പാടില്ല. തുമ്പിക്കയ്യിന്റെ അറ്റത്ത് [പിളര്‍പ്പില്‍] അടിക്കരുത്. നഖത്തിലും, നഖം തൊലിയുമായി ചേരുന്നിടത്തും അടിക്കരുത്. ചുരുക്കി പറഞ്ഞാല്‍ അടിക്കാവുന്ന സ്ഥലം വളരെ കുറവെ ഉള്ളു, ആനയുടെ ശരീരത്തില്‍ . "അടി തെറ്റിയാല്‍ ആനയും വീഴും" എന്നുള്ള ചൊല്ല്, കാലടി വെക്കുന്നത് തെറ്റിയാല്‍ ആന മറിഞ്ഞു വീഴും എന്ന് മാത്രമല്ല, പാപ്പാന് ആനയെ അടിക്കുന്ന സ്ഥാനം തെറ്റിയാല്‍ ആന കിടന്നുപോകും എന്ന് കൂടി ആണ് അര്‍ത്ഥമാക്കുന്നത്. അടിക്കുമ്പോള്‍ ചെറുകോല്‍ [കാരവടി] പിടിക്കുന്നതിനുപോലും ഉണ്ട് ഒരു ചിട്ട. കാരവടിയുടെ തലഭാഗം പിടിച്ച് കടഭാഗം [വണ്ണം കൂടിയ ഭാഗം] കൊണ്ട് വേണം ആനയെ അടിക്കാന്‍ . അതും, ഒരു ചാണ് വിട്ട് വേണം കൈപ്പിടി വരാന്‍ .
എന്തായാലും ഞാന്‍ ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ ആനയുടെ ഇടയും, നടയും പൂട്ടി [കൂച്ചുവിലങ്ങ് ഇട്ടു]. സാധാരണ പടക്കം പൊട്ടിക്കാന്‍ സമയമാകുമ്പോള്‍ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ. അതും, പടക്കം പൊട്ടുന്നത് പേടി ഉള്ള ആനകള്‍ക്ക് മാത്രം. [ഇപ്പോള്‍ ക്ഷേത്രവളപ്പില്‍ കയറ്റുമ്പോള്‍ തന്നെ ഇത് നിര്‍ബന്ധം ആണ്]. ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ആന കുഴപ്പക്കാരന്‍ ആണ് എന്ന തോന്നല്‍ മറ്റുള്ളവരില്‍ ഉണ്ടാക്കും. എല്ലാ ആനക്കാരും അങ്ങനെ ഒരു ധാരണ, സ്വന്തം ആനയെക്കുറിച്ചു ഉണ്ടാകുന്നത് ഒഴിവാക്കാന്‍ നോക്കും.
ഞങ്ങളുടെ ആന നടുവില്‍ ആയതുകൊണ്ട് ബാബുട്ടന് അമരം [ആനയുടെ പിന്‍ഭാഗം] ശ്രദ്ധിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അവന് മറ്റുള്ള പപ്പാന്മാരുമായി സൊറ പറച്ചിലും, വായില്‍ നോട്ടവും ഒക്കെ ആയി തിരക്കോട് തിരക്ക്. കുറച്ച് കഴിഞ്ഞപ്പോള്‍ മകരജ്യോതി ദര്‍ശിച്ച അയ്യപ്പഭക്തനെപ്പോലെ അവന് ശരണം വിളിച്ചു:
"ദാ, കുമാരേട്ടന് വന്നു....."
അത് കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി, എന്നെപ്പോലെ അവനും ടെന്ഷനില് ആയിരുന്നു എന്ന്. എന്തായാലും എനിക്ക് സമാധാനമായി. കുമാരേട്ടന് വേഗം എന്റെ അടുത്ത് വന്നു. ഞാന്‍ ചോദിക്കുന്നതിനുമുന്പുതന്നെ ഭാര്യയുടെ അസുഖവിവരം പറഞ്ഞു, "കുറവുണ്ട്, നാളെ വീട്ടില്‍ കൊണ്ടുപോകാമെന്ന് ഡോക്ടര്‍ പറഞ്ഞു". എന്നിട്ട് തമിഴ് സിനിമയിലെ വില്ലന്റെ കൂട്ട് ചങ്ങലയാല്‍ അഭിഷിക്തനായി നില്ക്കുന്ന കുട്ടികൃഷ്ണനെ കണ്ട് ശബ്ദം താഴ്ത്തി ചോദിച്ചു:
"എന്തേ, പ്രശ്നം വല്ലതും ഉണ്ടാക്കിയോ?"
"ഹേയ്, ഒരുപാട് ആളുകള്‍ വരുന്നതല്ലേ, അപ്പൊ എന്റെ ഒരു ധൈര്യത്തിന് വേണ്ടി പൂട്ടി എന്നെ ഉള്ളു".
എന്നിട്ട് കാരക്കോല് അങ്ങേര്‍ക്ക് കൊടുത്തിട്ട് ഞാന്‍ എന്റെ മന:സ്സമാധാനം തിരിച്ചു വാങ്ങി "ഇപ്പൊ വരാം" എന്ന് പറഞ്ഞ് മുങ്ങി. കുറച്ചു നേരം അമ്പലപ്പറമ്പില്‍ കറങ്ങി തിരിച്ചുവന്നു. ശേഖരേട്ടന് എത്തി, എന്നെയും കാത്ത് നില്‍പ്പുണ്ട്. ഞാന്‍ അടുത്തെത്തിയതും എന്നോട് പറഞ്ഞു:
"യ്ക്ക് ആ വെറ്റിറനെറി ഡോക്ടറുടെ വീട്ടില്‍ ഒന്ന് പോണം. ഞാന്‍ വന്നിട്ട് മ്മക്ക് ഒരുമിച്ചു പുവ്വാ ട്ടോ".
ഞാന്‍ ഒന്ന് മൂളി. ശേഖരേട്ടന് anikspray പോലെ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു.
വിശേഷിച്ച് കുഴപ്പമൊന്നുമില്ലാതെ പകല്‍ പൂരം കഴിഞ്ഞു. കമ്മിറ്റിക്കാര് പറഞ്ഞു, ഓഫീസില്‍ ചെന്നിട്ട് ആനപ്പുറത്ത് ഇരിക്കുന്നവരെ ഇറക്കിയാല്‍ മതിയെന്ന്. അല്ലെങ്കില്‍ ചമയങ്ങള്‍ എല്ലാം പൂരപ്പറമ്പില്‍ നിന്നും ചുമന്നുകൊണ്ട് ഓഫീസില്‍ എത്തിക്കേണ്ടി വരും. അതുകൊണ്ട് നാലുപേരെയും പുറത്തു തന്നെ ഇരുത്തി, ഞങ്ങള്‍ കുട്ടികൃഷ്ണനെ നല്ല സ്പീഡില്‍ നടത്തിച്ചു. ആനക്ക് വിശപ്പ് തുടങ്ങി കാണും. വെള്ളവും കൊടുത്തിട്ടില്ല. നമുക്ക് ആണെങ്കില്‍ ഒരു പെപ്സിയോ, ഒരു ഗ്ലാസ് മോരോ മതിയാകും. ആനയുടെ കാര്യം അതല്ലല്ലോ! കുറച്ചു നടന്നതും ആനയെ ഒരു ജങ്ങ്ഷനില്‍ നിറുത്തി, ഞങ്ങള്‍ എല്ലാവരും ചായ കുടിച്ചു.
ഗ്ലാസ് തിരിച്ചുകൊടുക്കാന്‍ കടയില്‍ കയറിയ ഞാന്‍ പെട്ടന്ന് കുട്ടികൃഷ്ണന്റെ ചിന്നംവിളി കേട്ട് നടുങ്ങിപ്പോയി. ആനയുടെ ചിന്നംവിളി ഞങ്ങള്‍ക്ക് സുപരിചിതമാണ്. പക്ഷെ, ഇത് അത്തരത്തില്‍ ഉള്ളത് ആയിരുന്നില്ല. ഒരു തരം കൊലവിളി തന്നെ. ഞാന്‍ ആനയുടെ അടുത്തേക്ക് പാഞ്ഞു. ആന ഒന്ന് വട്ടം ചുറ്റി, കൊമ്പും, തുമ്പിക്കയ്യും മേലോട്ട് പൊക്കി ഒന്ന് കൂടി അലറി. നേരെ പോകേണ്ട ആന, വലത്തോട്ട് തിരിഞ്ഞ് മറ്റൊരു റോഡിലൂടെ പാഞ്ഞു. പുറത്തിരിക്കുന്ന നാല് പേരും ഇരുന്നു വിറച്ചു. കോലവും, കുടയും പിടി വിട്ടു താഴെ വീണു. അവിടെ ഉണ്ടായിരുന്ന ആളുകള്‍ നാലുപാടും ചിതറി ഓടി. കൂടെ ഉണ്ടായിരുന്ന ആനകളെ പെട്ടന്ന് തന്നെ അവിടെ നിന്നും മാറ്റി.

ഞാനും, ബാബുട്ടനും സ്തംഭിച്ചു നിന്നു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇടഞ്ഞ ആനയെ നിയന്ത്രിച്ച് യാതൊരു പരിചയം ഇല്ലായിരുന്നു. കുമാരേട്ടന് ബാബുട്ടന്റെ കയ്യില്‍ നിന്നും തോട്ടി വാങ്ങി ആനക്കിട്ടു പിടിച്ചു. ആന വെട്ടിത്തിരിഞ്ഞതും കുമാരേട്ടന് ഒഴിഞ്ഞു മാറി. ആന ഒന്നുകൂടി തിരിഞ്ഞ് ചിന്നംവിളിച്ചു നേരെ പാഞ്ഞു. പക്ഷെ, ഇടയും നടയും പൂട്ടിയിരുന്നതുകൊണ്ട്, നല്ല സ്പീഡില്‍ ഓടാന്‍ കഴിഞ്ഞില്ല. കുറച്ച് നാട്ടുകാര്‍ ആനയുടെ മുന്‍പേ ഓടി, ആന ഇടഞ്ഞ വിവരം പറഞ്ഞ്, വന്നുകൊണ്ടിരുന്ന വണ്ടികളെല്ലാം തിരിച്ചു വിട്ടു.
"കൈ വിട്ടു പോയെന്നാ തോന്നണത്. പുറത്ത് ആളും ണ്ടല്ലോ ന്റെ ഗുരുവായുരപ്പാ..."
കുമാരേട്ടന്റെ ഭീതിയും, സംഭ്രമവും കലര്‍ന്ന ശബ്ദം കേട്ടു.
ഞങ്ങള്‍ ആനയെ ഓടിയും നടന്നും പിന്തുടര്ന്നു. പിന്നാലെ വരുന്ന ആള്‍ക്കൂട്ടത്തെ കുമാരേട്ടന് ആനയുടെ അടുത്ത് പോകുന്നതില്‍നിന്നും വിലക്കി. ഓടുന്നതിനിടയില്‍ റോഡ് സൈഡില്‍ ഉള്ള പൈപ്പിന്റെ അടുത്ത് ആന ഒന്ന് നിന്നു. വെള്ളം കുടിക്കാന്‍ ആണ്. ആരോ വെള്ളം കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ കുമാരേട്ടന് തടഞ്ഞു. അപ്പൊ ഞാന്‍ ചോദിച്ചു:
"വെള്ളം കൊടുത്തൂടെ?"
"വേണ്ട. ഇപ്പൊ വെള്ളം കൂടി കൊടുത്താല്‍ ഇനി ആനയെ പിടിച്ചാല്‍ കിട്ടില്ല. തളയ്ക്കാന്‍ എന്തെങ്കിലും ഉള്ള സ്ഥലത്തുവച്ച് വെള്ളം കൊടുത്തിട്ട് ആന വെള്ളം എടുക്കുകയാണെങ്കില്‍ നമുക്ക് തളയ്ക്കാന്‍ പറ്റുമോ എന്ന് നോക്കാം." കുമാരേട്ടന് പറഞ്ഞു,
പിന്നില്‍ വലിയ പുരുഷാരം വരുന്നുണ്ട്. ആ ശബ്ദകോലാഹലം കൂടി ആയപ്പോള്‍ ആന പിന്നെയും പാഞ്ഞു. അവിടുന്നങ്ങോട്ട് ചെറിയ ഒരു ഇറക്കം ആണ്. അവിടെ ഒരു മരത്തിന്റെ കൊമ്പ് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. പുറത്തിരിക്കുന്ന നാല് ആളുകളില്‍ ഏറ്റവും പിന്നില്‍ ഇരിക്കുന്ന പയ്യന് ആ കൊമ്പില്‍ പിടിച്ചു തൂങ്ങി, താഴോട്ട് ചാടി രക്ഷപ്പെട്ടു. ഭാഗ്യം, ആന അത് ശ്രദ്ധിച്ചില്ല. വളരെ അപകടകരമായ ഒരു നീക്കം ആയിരുന്നു അത്. മരക്കൊമ്പില്‍ തൂങ്ങി താഴോട്ട് ചാടുന്ന സമയംകൊണ്ട് വേണമെങ്കില്‍ ആനക്ക് അയാളെ കടന്നു പിടിക്കാം. പക്ഷെ, ആ അവസ്ഥയില്‍ ആനപ്പുറത്ത് ഇരിക്കുന്നവര്‍ രക്ഷപ്പെടാന്‍ വേണ്ടി എന്തും ചെയ്യുമായിരുന്നു.
ഇതേ രീതിയില്‍ ആന ഒരു കിലോമീറ്റര്‍ കൂടി മുന്നോട്ട് പോയി. ഇതിനിടയില്‍ മൂന്നു തവണ കുമാരേട്ടന് ആനയുടെ മുന്നിലേക്ക് കയറി. പക്ഷെ, അപ്പോഴൊക്കെ ആന ചീറി അടുത്തു.
"ഇനി ആന നമ്മളെ അടുപ്പിക്കില്ല" കുമാരേട്ടന് നിരാശയോടെ പറഞ്ഞു.
കുറച്ച് കൂടി ഓടി ആന റോഡില്‍ വിലങ്ങനെ നിന്നു. ഇപ്പോള്‍ ആനയുടെ നേരെ മുന്നില്‍ കുറച്ച് ഉയര്‍ന്ന തിട്ടോടുകൂടിയ ഒരു പറമ്പ് ആണ്. മുന്കാലില് ചങ്ങല ഉള്ള കാരണം ആനക്ക് ആ പറമ്പിലേക്ക് കയറാന്‍ കഴിയുന്നില്ല. ഇടയ്ക്കിടെ കൊമ്പും, തുമ്പിക്കയ്യും മേലോട്ട് പൊക്കി ചിന്നം വിളിച്ചുകൊണ്ട് ആന റോഡില്‍ തന്നെ നില ഉറപ്പിച്ചു.
അപ്പോഴേക്കും കൂടെ ഉണ്ടായിരുന്ന ആനകളെ തളച്ച്, പാപ്പാന്മാരില് ചിലര്‍ ഞങ്ങളെ സഹായിക്കാന്‍ ആയി എത്തി. പക്ഷെ ആരെയും കുട്ടികൃഷ്ണന് അടുപ്പിക്കുന്നില്ല. ആനപ്പുറത്ത് ആളുകളുള്ളത് ആണ് ഏറ്റവും വലിയ പ്രശ്നം. അവരെ താഴെ ഇറക്കാന്‍ എന്താണ് ഒരു പോംവഴി? ഇരുട്ടും തോറും ഞങ്ങളുടെ ടെന്‍ഷന്‍ കൂടി വന്നു. അപ്പോഴേക്കും വിവരം അറിഞ്ഞ് ശേഖരേട്ടനും അവിടെ പാഞ്ഞെത്തി. മറ്റൊരു ആനയെ കുട്ടികൃഷ്ണനോട് ചേര്‍ത്ത് നിറുത്തി, പുറത്തിരിക്കുന്നവരെ ആ ആനയുടെ പുറത്തേക്ക് മാറ്റാന്‍ പറ്റുമോന്ന് നോക്കാം എന്ന് പറഞ്ഞു കുമാരേട്ടന് . പക്ഷെ ഇതിനായി ഗുരുവായൂര്‍ ആനയെ ഉപയോഗിക്കാന്‍ പപ്പാന്മാര്‍ക്ക് സുപ്രണ്ടിന്റെ അനുവാദം വേണം. അതിനുള്ള സമയമോ, സാവകാശാമോ അപ്പോള്‍ ഉണ്ടായിരുന്നില്ല. അവസാനം, മറ്റൊരു കമ്മിറ്റിക്കാര് കൊണ്ടുവന്നിട്ടുള്ള ഒരു ആന തൃത്താല ഉള്ള ഒരു മര കമ്പനിക്കാരുടെ ആണെന്നും, വളരെ ഇണക്കം ഉള്ള ആന ആണെന്നും അറിഞ്ഞ് അതിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആ ആനയെ കൊണ്ടുവന്നു. പക്ഷെ കുട്ടികൃഷ്ണന് അതിനെയും അടുപ്പിച്ചില്ല. ആ ആനയെ വേഗം തന്നെ തിരിച്ചു കൊണ്ടുപോയി.
ഇതിനകം തന്നെ പോലീസ് എത്തി, ആളുകളെ നിയന്ത്രിക്കല്‍ ഏറ്റെടുത്തിരുന്നു. ആനയെ തളക്കാന്‍ ആയില്ലെങ്കില്‍ മയക്കുവെടി തന്നെ ശരണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ആന ഇപ്പോഴും റോഡിനു കുറുകെ ആയി തന്നെ ആണ് നില്‍പ്പ് , ഇടയ്ക്കിടെ കൊമ്പ് മുകളിലേക്കുയര്‍ത്തി ഒന്ന് ചിന്നം വിളിക്കും. അതിനിടക്ക് അടുത്ത് നിന്നിരുന്ന മാവിന്റെ ഇലകള്‍ വലിച്ച്തിന്നാനും തുടങ്ങി. ആനപ്പുറത്ത് ഇരിക്കുന്നവര്‍ ദാഹവും, വിശപ്പും കൊണ്ട് ആകെ വലഞ്ഞിരുന്നു. പ്രാണഭീതി വേറെയും.
മറ്റു പാപ്പാന്മാരും, കുമാരേട്ടനും കൂടി വേറൊരു വഴി കണ്ടെത്തി. മാവില്‍ നിന്നും കയറു കെട്ടി ആനപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുക, അതില്‍ പിടിച്ചുതൂങ്ങി, പുറത്തിരിക്കുന്നവര്‍ ഉയര്‍ന്ന തിട്ട ഉള്ള പറമ്പില്‍ ചെന്ന് ലാന്‍ഡ് ചെയ്യണം [ഒരു മാതിരി ടാര്സന് സിനിമയിലെ പോലെ]. മുന്‍കാലുകളില്‍ ചങ്ങല പൂട്ടിയതുകാരണം ആനക്ക് നേരിട്ട് പറമ്പിലേക്ക് കയറാന്‍ പറ്റില്ല. കയറ് കൊണ്ടുവന്നു. നാട്ടുകാരില്‍ ചില ധൈര്യശാലികള്‍ മാവില്‍ കയറി, കയറ് കെട്ടി ആനപ്പുറത്തേക്ക് എറിഞ്ഞുകൊടുത്തു. രണ്ടുമൂന്ന് തവണ എറിഞ്ഞപ്പോള്‍ ഒരാള്‍ കയറ് പിടിച്ചെടുത്തു. അതില്‍ തൂങ്ങി, അടുത്ത പറമ്പില്‍ വന്നിറങ്ങി. ആളുകള്‍ വീര്‍പ്പടക്കി നിന്നു. അര മണിക്കൂര്‍ നേരത്തെ പരിശ്രമംകൊണ്ട് മൂന്നുപേരെയും താഴെ ഇറക്കി. എല്ലാവര്ക്കും ശ്വാസം നേരെ വീണു.
ഇനി ആനയെ തളക്കണം....
നാല്
ശേഖരേട്ടന് മാറിനിന്ന് പോലീസ് ഇന്സ്പെക്ടരോട് കുറച്ചു സമയം എന്തൊക്കെയോ സംസാരിച്ചു. അതനുസരിച്ച് പോലീസ്, അവിടെ തടിച്ചുകൂടിയിരുന്ന ആളുകളെ എല്ലാം ദൂരേക്ക് മാറ്റി. അപ്പോഴേക്കും പ്രത്യേക വടവും [വണ്ണം കൂടിയ കയറ്], ചങ്ങലയും, വേറെ കുറച്ച് പാപ്പാന്മാരെയും ശേഖരേട്ടന് വരുത്തിയിരുന്നു. അടുത്തുള്ള വീടുകളില്‍ നിന്നും പുറത്തേക്ക് ഒന്നുരണ്ട് ബള്‍ബുകള്‍ കൂടി ഇട്ടപ്പോള്‍ വെളിച്ചത്തിന്റെ പ്രശ്നവും ഒരുവിധം പരിഹരിച്ചു.
പാപ്പാന്മാര് എല്ലാവരും തയ്യാറായി. അന്ന് ഉത്സവപറമ്പുകളില്‍ ഇന്നത്തെപ്പോലെ എലിഫന്റ് സ്ക്വാഡ്, മയക്കുവെടി സജ്ജീകരണങ്ങളോടെ മുന്‍കൂട്ടി ഹാജരാകുന്ന പതിവ് ഇല്ലായിരുന്നു. ആന കുഴപ്പം ഉണ്ടാക്കി, തളക്കാന്‍ ഒരു വഴിയും ഇല്ലെങ്കില്‍ അവരെ ഫോണ്‍ ചെയ്ത് വരുത്തും, അത്ര തന്നെ...
മറ്റു പാപ്പാന്മാരുടെ നിര്‍ദ്ദേശമനുസരിച്ച് ആനയുടെ ഏറ്റവും അടുത്തുള്ള [റോഡിന് എതിര്‍വശത്തുള്ള] രണ്ട് മരത്തില്‍ നിന്നും ചങ്ങലകള്‍ കെട്ടി, കിട്ടാവുന്ന അത്ര നീളത്തില്‍ ഇട്ടു. ഇനി ഒരാള്‍ എങ്ങനെയെങ്കിലും ആനയുടെ പുറത്ത് എത്തണം. അതിനിടക്ക് ആന ഇപ്പോള്‍ നില്ക്കുന്ന സ്ഥാനത്തുനിന്നും നിന്നും നീങ്ങിയാല്‍ എല്ലാം വൃഥാവിലാവും. അപ്പോഴേക്കും ശേഖരേട്ടന് ഒരു പഴക്കുലയും വരുത്തിച്ചു. നീരില്‍ ആകുന്ന സമയത്ത് കുട്ടികൃഷ്ണന് , ശേഖരേട്ടന് പറയുന്നത് കുറച്ചൊക്കെ അനുസരിക്കാറുണ്ട്. ആ ഒരു വിശ്വാസത്തിന്റെ പുറത്ത്, മുണ്ടും മടക്കികുത്തി, രണ്ടുകയ്യിലും ഓരോ പടല പഴവും ഉയര്‍ത്തിപ്പിടിച്ച് ശേഖരേട്ടന് , MRF ടയര്‍ കമ്പനിയുടെ emblem പോലെ ആനയുടെ അടുത്തുനിന്നും കുറച്ചു മാറി, ഉയര്‍ന്ന പറമ്പില്‍ ചെന്ന് നിന്നു. ഈ സമയത്ത് ആനയുടെ അടുത്തേക്ക് വരാന്‍ കക്ഷിക്ക് അത്ര ധൈര്യം പോര.
ആന ഇടഞ്ഞുകഴിഞ്ഞാല്‍ അതിനെ തളക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം അതിന്റെ ചട്ടക്കാരന് (ഒന്നാം പാപ്പാന് ) തന്നെ ആണ്. പക്ഷെ മിക്കവാറും അത് ജീവന് വച്ചുള്ള കളി ആയിരിക്കും എന്ന് മാത്രം. മാവില്‍ കെട്ടിയിരുന്ന കയര്‍ വഴി ആനയുടെ പിന്‍ഭാഗത്ത്കൂടി ആനപ്പുറത്ത് ഇറങ്ങാന്‍ ആണ് പരിപാടി. പക്ഷെ ആനപ്പുറത്തുനിന്നും പറമ്പിലേക്ക് ഇറങ്ങുന്ന പോലെ അല്ല, മുകളില്‍നിന്നും കയറ് വഴി ആനപ്പുറത്തേക്കുള്ള ഇറങ്ങല്‍. അത് അത്യന്തം അപകടകരം ആണ്. ആനയുടെ തുമ്പിക്കൈ ചിലപ്പോള്‍ എത്ര പരിചയ സമ്പന്നരായ പാപ്പാന്മാരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കും.
കുമാരേട്ടന്, ഞാന്‍ തോളില്‍ ഇട്ടിരുന്ന കാവിമുണ്ട് വാങ്ങി, തോട്ടിയും, ചെറുകോലും അരയില്‍ പിന്‍ഭാഗത്ത് ചേര്‍ത്ത് വച്ച് കെട്ടി, മാവില്‍ കയറി. അത് കണ്ടപ്പോള്‍ ഉള്ളില്‍ വല്ലാത്ത ഒരു അസ്വസ്ഥതയോ, ഭയമോ ഒക്കെ തോന്നി. ഞാന്‍ കുമാരേട്ടന്റെ മുഖത്തേക്ക് നോക്കിയില്ല. കൊടുവായൂര്‍ എന്ന ഏതോ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ , മാസം തോറും അച്ഛന്റെ വരവും കാത്തിരിക്കുന്ന, ഞാന്‍ കാണാത്ത, നാല് കുട്ടികള്‍ എന്നെ വല്ലാതെ അലട്ടി.
എന്തിനും തയ്യാറായി തന്നെ ഞങ്ങള്‍ നിന്നു. കൂടെയുള്ള പാപ്പാന്മാരുടെ നിര ഞങ്ങള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു. ഞാന്‍ ബാബുട്ടനെ ഒന്ന് നോക്കി. ആള് നല്ല തയ്യാറെടുപ്പില്‍ തന്നെ ആണ്. ശേഖരേട്ടന് കുറച്ചുകൂടി അടുത്തുവന്ന് "മോനെ, കുട്ടീഷ്ണാ ...." എന്ന് വിളിച്ച ശേഷം ആദ്യം ഒരു പടല പഴം ആനയുടെ മുന്നിലേക്കിട്ടു കൊടുത്തു. ഒന്ന് മടിച്ചുനിന്ന ശേഷം ആന അത് എടുത്തു. അത് തിന്നു കഴിഞ്ഞതും മറ്റൊരു പടല പഴം കൂടി ഇട്ടു കൊടുത്തു. അത് എടുക്കാനായി ആന തുമ്പിക്കൈ നീട്ടിയതും, കുമാരേട്ടന് കയറില്‍ തൂങ്ങി ആനപ്പുറത്തേക്ക് നീങ്ങിയതും ഒരുമിച്ചായിരുന്നു. ആന മറ്റൊന്നും ശ്രദ്ധിക്കാതിരിക്കാനായി ഉടന തന്നെ ശേഖരേട്ടന് രണ്ടുപടല പഴം കൂടി ഇട്ടു കൊടുത്തു. ആനയുടെ മുകളില്‍ അമരത്ത് എത്തിയതും കുമാരേട്ടന് കയറില്‍ നിന്നും പിടി വിട്ടു ആനപ്പുറത്തേക്ക് ചാടി. പുറത്ത് ആള് വീണതും ആന മനസ്സിലാക്കി, ഒന്ന് കുടഞ്ഞു. പക്ഷെ, അപ്പോഴേക്കും കുമാരേട്ടന് ആനയുടെ പുറത്തുകൂടെ ഉള്ള ചങ്ങലയില്‍ പിടിത്തമിട്ടിരുന്നു. ആനപ്പുറത്ത് ചങ്ങലയില്‍ അള്ളിപ്പിടിച്ചു കിടന്നു, തെല്ലിട കാത്തു. ഞങ്ങളുടെ ചങ്കിടിപ്പ് നിലച്ച നിമിഷങ്ങള്‍ . ചങ്ങലയില്‍ പിടിച്ചു കമഴ്ന്നു കിടന്നുകൊണ്ട് തന്നെ ഒരു കൈ കൊണ്ട് അരയില്‍ നിന്നും കാരക്കോല് എടുത്ത് രണ്ടു വശങ്ങളിലുമായി മാറി മാറി രണ്ട് തവണ അടിച്ചു. ഓരോ അടിക്കും ആന ചിന്നം വിളിച്ചുകൊണ്ട് ആളെ കുടഞ്ഞു വീഴ്ത്താന്‍ നോക്കി, പിന്നീട് കുറച്ച് പിന്നോട്ട് മാറി അനങ്ങാതെ നിന്നു.
കുറച്ച് കഴിഞ്ഞപ്പോള്‍ ആന ചെവി ആട്ടി തുടങ്ങി. ഇത് ഒരു നല്ല ലക്ഷണം ആണ്. ആന സാധാരണയായി ചെവി ആട്ടാതെ നില്‍ക്കാറുള്ളത് രണ്ടു കാരണങ്ങളാല്‍ ആണ്. ഒന്ന്: എന്തെങ്കിലും അസുഖം ഉള്ളപ്പോള്‍ , രണ്ട്: ആന പകയോടെ നില്ക്കുമ്പോള് . പഴം പിന്നെയും ഇട്ടുകൊടുത്തു. ആന അത് എടുത്ത് തിന്നാന്‍ തുടങ്ങി. കുറച്ചുനേരം കൂടി കാത്തു. കുമാരേട്ടന് പുറത്തെ ചങ്ങല അല്പാല്പ്പമായി നിരക്കി നീക്കി, കൊളുത്ത് അഴിക്കാന്‍ പാകത്തില്‍ ആക്കി. പിന്നെയും അല്‍പ്പസമയമെടുത്ത്, കൊളുത്ത് അഴിച്ച് ചങ്ങല താഴെക്കിട്ടു. ചങ്ങല താഴെ, പിന്‍കാലുകള്‍ക്ക് അടുത്ത് വന്നു വീണതും, നത്തോലി പോലെ ഇരിക്കുന്ന ബാബുട്ടന് മിന്നല്‍ വേഗത്തില്‍ അത് ചാടി എടുത്ത്, നിമിഷനേരം കൊണ്ട് മരത്തില്‍ നിന്നും നീട്ടി ഇട്ടിരുന്ന മറ്റൊരു ചങ്ങലയില്‍ കൂട്ടിക്കൊളുത്തി. ഞാന്‍ അത് കണ്ട് അന്തം വിട്ടു നിന്നു. അവന്റെ ചടുലത എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ആയിരുന്നു. ചങ്ങലയുടെ കൊളുത്ത് വീണതും ആന അടങ്ങി.
കുമാരേട്ടന് സാവധാനം "ഇരിക്കസ്ഥാന"ത്തേക്ക് [ആനപ്പുറത്ത് പാപ്പാന് ഇരിക്കുന്ന ഇടം] നിരങ്ങി നീങ്ങി ഇരുന്നു. ഇനി ആനയെ പാപ്പാന്റെ വഴിക്ക് കൊണ്ടുവരണം. നിന്ന നില്പ്പില് തന്നെ ആനയെ ഇടത്തും, വലത്തും തിരിപ്പിച്ചു. ആന പ്രശ്നമൊന്നും ഉണ്ടാക്കാതെ അനുസരിച്ചു. കുറച്ച് സമയത്തിനുശേഷം ആനക്ക് വെള്ളം കൊടുത്തു. എന്നിട്ട്, ഉച്ചക്ക് എഴുന്നള്ളിക്കുമ്പോള്‍ കെട്ടിയിരുന്ന നെറ്റിപ്പട്ടം സാവധാനം അഴിച്ചെടുത്തു. ഇപ്പോഴും ആനയെക്കൊണ്ട് കാല് പൊക്കി പിടിപ്പിച്ച് പാപ്പാന് താഴെ ഇറങ്ങാവുന്ന നിലയിലേക്ക് ആന വന്നിട്ടില്ല. മാത്രമല്ല, അത്തരം ഒരു റിസ്ക് കൂടി എടുക്കാന്‍ ശേഖരേട്ടന് തയ്യാറല്ലായിരുന്നു. മാവിന്റെ മുകളില്‍ നില്ക്കുന്നവര്, കയറിന്റെ നീളം കൂട്ടി ആനപ്പുറത്തേക്ക് എറിഞ്ഞുകൊടുത്തു. കുമാരേട്ടന് കയറു വഴി തന്നെ ആനപ്പുറത്തുനിന്നും അടുത്ത പറമ്പിലേക്ക് ഇറങ്ങി. ആനയുടെ വളരെ അടുത്ത് വരാതെ, സാവധാനം ആനയെ പിന്നോട്ട് നടത്തി റോഡില്‍ നിന്നും എതിര്‍വശത്തുള്ള പറമ്പിലേക്ക് മാറ്റി, നീട്ടിയിട്ടിരുന്ന ചങ്ങലകള്‍ മുറുക്കി രണ്ട് മരത്തിലും ആയി തളച്ചു. ഹാവൂ..... !! എല്ലാവര്ക്കും ആശ്വാസമായി. കണ്ടു നില്‍ക്കുന്നവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയാതെ പോയ കുറച്ചു നിമിഷങ്ങള്‍ ആയിരുന്നു കടന്നുപോയത്.
പോലീസിനെയും, പുറമെനിന്നും വിളിച്ച പപ്പാന്മാരെയും എല്ലാം settle ചെയ്ത് ഞാനും, ശേഖരേട്ടനും വീട്ടില്‍ എത്തിയപ്പോള്‍ രാത്രി 12 മണി. രണ്ടു വീട്ടിലും ആരും തന്നെ ഭക്ഷണം കഴിച്ചിട്ടില്ല. ഞാന്‍ മെല്ലെ കാറില്‍ നിന്നും ഇറങ്ങി, എന്റെ വീട്ടിലേക്ക് നടന്നു. ആകെക്കൂടി, ഒരു മരണം നടന്ന വീടിന്റെ പ്രതീതി. എന്നോട് ആരും ഒന്നും തന്നെ ചോദിച്ചില്ല, ഞാന്‍ ഒന്നും പറഞ്ഞതുമില്ല. കുളിച്ചു വന്നു ഭക്ഷണം കഴിച്ച് കിടന്നു.
* * * *
ഗള്‍ഫില്‍ പോകാന്‍ വിസ ഒന്നും ശരി ആയില്ലെങ്കിലും, ഈ സംഭവത്തോടെ എനിക്ക് ബോംബെയിലേക്കുള്ള വിസ വളരെ പെട്ടന്ന് തന്നെ അടിച്ചു കിട്ടി. വിവരം അമ്മ ചേട്ടന്മാരെ അറിയിച്ചിരുന്നു. അടുത്ത ദിവസം തന്നെ വല്യേട്ടന്റെ ഒരു ഫോണ്‍ കാള്‍ , ബോംബെയില്‍ പോയി കമ്പ്യൂട്ടര്‍ കോഴ്സിനു ചേരാന്‍ . അവിടെ ചെന്നാല്‍ താമസിക്കാനുള്ള റൂം, ഭക്ഷണം തുടങ്ങിയവ ചേട്ടന്മാരുടെ ബോംബെ ബന്ധം വഴി ഏര്‍പ്പാട് ആക്കിയിരിക്കുന്നു. പക്ഷെ എനിക്ക് അറിയാമായിരുന്നു, ഇത് ഒരു "നാടുകടത്തല്‍" ആണെന്ന്.
അതോടെ എന്റെ ഉത്സവങ്ങള്‍ കരിന്തിരി കത്തി. ഇന്നും എവിടെയെങ്കിലും വച്ച് ഒരു ആനയെ കാണുമ്പോള്‍ ഞാന്‍ ആവേശത്തോടെ അതിനെ നോക്കിനില്ക്കും, "കുട്ടികൃഷ്ണാ ... " എന്ന് വിളിക്കാനാഞ്ഞുകൊണ്ട് ....
കുറിപ്പ് :
ആനയെപ്പറ്റി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു സാധാരണ ആനപ്പാപ്പാനില്നിന്നും കേട്ടും, കണ്ടും പഠിച്ചതും, അനുഭവിച്ച് അറിഞ്ഞതും ആയ കാര്യങ്ങള്‍ ആണ്. ശാസ്ത്രീയത എത്രത്തോളം ഉണ്ടെന്ന് അറിയില്ല. ചട്ടത്തിന്റെ രീതി ആകട്ടെ, തെക്കന്‍ വള്ളുവനാട്ടില്‍ പരിശീലിപ്പിക്കുന്നതും. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടാകാം. വായനക്കാര്‍ക്ക് എളുപ്പം മനസ്സിലാകാന്‍ വേണ്ടി "ആന ഭാഷ" കഴിവതും ഒഴിവാക്കിയിരിക്കുന്നു.
സസ്നേഹം ,
ദിവാരേട്ടന്
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ & കേരളകൗമുദി ഫോട്ടോ ഗ്യാലറി