Saturday, January 16, 2010

ഒരു വിജിലന്‍സ് ഫലിതം











ഇന്ന് [16.01.2010] കേരളകൗമുദി ഓണ്‍ലൈനില്‍ കണ്ട ഒരു വാര്‍ത്ത ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

തിരുവനന്തപുരം ജില്ലക്ക് പുറത്ത് എന്താ കറന്‍സി ഇല്ലാത്ത സ്ഥലം ആണോ? ഇനി അങ്ങനെ ആയാല്‍പ്പോലും വല്ല വാഴക്കുല, തേങ്ങ അങ്ങനെ Barter system - ത്തില്‍ പോലും ഈ കൂതറകള്‍ കൈക്കൂലി വാങ്ങുമെന്ന് ആര്‍ക്കാണ് അറിയാത്തത്?

ഈ വിജിലന്‍സ്കാരുടെ തലക്കകത്ത് എന്താ പവര്‍ കട്ട്‌ ആണോ?

Saturday, January 9, 2010

പഞ്ചകര്‍മ്മന്‍

 
ഇത് വായനശാലേലെ
ദിവാരേട്ടന്റെ വീട് അല്ലെ?....

മുറ്റത്തുനിന്നും ഒരു അശിരീരി [ആക്രോശം] കേട്ടിട്ടും, കേള്‍ക്കാത്ത പോലെ ഞാന്‍ തല വഴി പുതപ്പു മൂടി കിടന്നു. തലേ ദിവസം രാത്രി, സെക്കന്റ്‌ ഷോ കണ്ടുവന്നതിന്റെ നല്ല അദ്ധ്വാനഭാരം ഉണ്ടേ...   അമ്മ പുറത്ത് വന്നു നോക്കി മുഖം ചുളിച്ച്, വന്ന കക്ഷിയോടു കയറി ഇരിക്കാന്‍ പറഞ്ഞു.


"ഡാ, അന്നെ ആരോ കാണാന്‍  വന്ന്ട്ടുണ്ട്"
നല്ലൊരു കുടുംബപ്പേര് 'വായനശാലയില്‍' എന്ന് ആക്കി മാറ്റിയതില്‍ ഉള്ള അമര്‍ഷം മുഖത്ത് വളരെ വൃത്തിയായി കാണിച്ചുകൊണ്ട് എന്നോട് പറഞ്ഞു. കൂടെ എനിക്കുള്ള ഒരു കോമ്പ്ലിമെന്റും,... "നാട്ടുകാര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടാകട്ടെ !!"

"ദിവാരേട്ടന്‍ " എന്നുള്ളത് വെറും ദിവാകരന്‍ ആയ എനിക്ക് എന്റെ നാട്ടുകാര്‍, അവരുടെ റേഷന്‍ കാര്‍ഡ് ന്റെ ഫോറം, പാസ്പോര്‍ട്ട്‌ അപ്ലിക്കേഷന്‍ , വെള്ളം അടിച്ചു പാമ്പ്‌ ആയി എന്നും ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരുടെ, വിധവകള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഭാര്യമാര്‍ക്ക്, വിധവ പെന്‍ഷന് ഉള്ള ഫോറം, മറ്റു അനാമത്ത് ചപ്പുചവറുകള്‍ എന്നിവ  ഫ്രീ ആയി പൂരിപ്പിച്ച്   കൊടുക്കുന്നതുകൊണ്ട്, ചാര്‍ത്തി തന്ന ബഹുമതി  [ഗജരാജപട്ടം പോലെ] ആണ്.


ബി.കോം ഫൈനല്‍ ഇയര്‍ പഠിപ്പിന്റെ ഒപ്പം നാലും മൂന്നും ഏഴ്  ആളുകള്‍ വരുന്ന വായനശാലയില്‍ ലൈബ്രേറിയന്‍ ആയിരിക്കുക എന്നതിന്റെ ഭാരിച്ച ഉത്തരവാദിത്തത്തെപ്പറ്റി ഈ അമ്മക്ക് എന്തറിയാം. വെറുതെ നല്ല ഇഡ്ഡലിയും, ദോശയും, ചോറും കറിയും വച്ചു വിളമ്പാന്‍ അല്ലാതെ...  ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അച്ഛന് അങ്ങന്യന്നെ വേണം.

എനിക്ക് നേരം പുലര്‍ന്നിട്ടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും മറ്റുള്ളവര്‍ക്കെല്ലാം സമയം രാവിലെ 9.30 ആയിരിക്കുന്നു.   പോണ പോക്കില്‍ കണ്ണാടിയില്‍ നോക്കി, സൌന്ദര്യം തലേ ദിവസത്തെക്കാളും കുറഞ്ഞിട്ടില്ലല്ലോ എന്ന് ഉറപ്പു വരുത്തി ഉമ്മറത്തേക്ക് ചെന്നു. കണ്ട ഉടനെ ആഗതന്‍ എണീറ്റ്‌, നട തുറന്ന ഉടനെ ദേവിവിഗ്രഹം ദര്‍ശിച്ചത് പോലെ, ഒന്ന് തൊഴുതു. ആ പ്രകടനത്തിന്റെ ഭംഗി കണ്ട് സംപ്രീതനായി, ഞാന്‍ ആശീര്‍വദിക്കാനായി കൈ ഉയര്‍ത്തി, പിന്നെ വേസ്റ്റ് ആക്കേണ്ടെന്നു കരുതി വേണ്ടെന്നു വച്ചു. സന്ദര്‍ശകന്‍ 2 കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആണ്. മുഖപരിചയം ഉണ്ട്. ഫോറം പൂരിപ്പിക്കുന്നതില്‍ എന്റെ ഖ്യാതി അവിടെയും എത്തിയോ? ഞാന്‍ ഒന്ന് കൂടി ഞെളിഞ്ഞു അടുത്തുള്ള കസേരയില്‍ ഇരുന്നു. 

ആള്‍ ഇരുന്ന കസേര ഒന്നുകൂടി വലിച്ചു അടുപ്പിച്ച്, I LOVE YOU എന്ന് പറയുന്ന ഭാവത്തോടെ  പ്രശ്നം അവതരിപ്പിച്ചു. തലേന്ന് രാത്രി  "മണ്ട്ടരി" [ലോക്കല്‍ വാറ്റ്] അടിച്ച്, ചെറുപ്പത്തില്‍ അഭ്യസിച്ച കളരി ഭാര്യയുടെ മേല്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക്‌ നല്ല കരുത്ത്. അവര്‍ ഇദ്ദേഹത്തെ എടുത്തിട്ട് ഒന്ന് മെടഞ്ഞു. ഇപ്പോള്‍ കഴുത്ത് 45 ഡിഗ്രി ചരിഞ്ഞാണ് നില്‍പ്പ്. ഉഴിഞ്ഞു നേരെയാക്കി കൊടുക്കണം.

കഴുത്തിന്റെ ചരിവ്, കണ്ട ഉടനെ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. വടക്കോട്ട് നോക്കി ശരീരം ഇരിക്കുമ്പോള്‍, കഴുത്ത് മാത്രം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക്. ഒന്നുകില്‍ മക്കയുമായി എന്തെങ്കിലും ബന്ധം, അല്ലെങ്കില്‍ ഇദ്ദേഹത്തിന്റെ അച്ഛന്‍ പിസ ഗോപുരം നിര്‍മ്മിച്ച ഗ്രൂപ്പില്‍ പെട്ട ആരെങ്കിലും ആയിരിക്കും, എന്നേ ഞാന്‍ കരുതിയുള്ളു.

എന്റെ ഒരു പാപ്പന്‍ , മഞ്ഞപ്പിത്തത്തിന് ഉള്ള പച്ചില മരുന്ന് കൊടുക്കുന്നത് കൂടാതെ, വൈദ്യ ശാസ്ത്ര രംഗത്തിന് ഞങ്ങളുടെ കുടുംബത്തില്‍നിന്നും സംഭാവനയായി നാലണപോലും ഇന്നേ വരെ ഉണ്ടായിട്ടില്ല. എന്റെ സ്വന്തം കാല് ഫുട്ബോള്‍ കളിക്കുമ്പോള്‍ ഉളുക്കിയിട്ട് നേരെ ആക്കാന്‍  അടുത്തുള്ള ഉഴിച്ചിലുകാരന്‍ ആണ് പണിതത്. അങ്ങനെയുള്ള എന്റെ മുന്നില്‍ ഇരിക്കുന്ന ഈ ഏടാകൂടത്തെ ഒന്ന് ഒഴിവാക്കാന്‍ ഞാന്‍ പിതൃക്കളെ മനസ്സറിഞ്ഞു വിളിച്ചു. എന്തെങ്കിലും അത്യാവശ്യത്തിന് വിളിക്കാനും പറയാനും വേണ്ടി അവരെ എല്ലാം തൊട്ടടുത്തുള്ള ശവപ്പറമ്പില്‍ തന്നെ ആണ് അടക്കിയിട്ടുള്ളത്.

കാര്യങ്ങള്‍ വളരെ അനുഭാവപൂര്‍വം കേട്ടതിനുശേഷം, അയാളെ എന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടവനെപ്പറ്റി അന്വേഷിച്ചു. തലേ ദിവസം സന്ധ്യക്ക്‌  "കാമിലാരി" [സര്‍ക്കാരിന്റെ വാറ്റ്] വാങ്ങാന്‍ പോകാന്‍ വേണ്ടി സ്കൂട്ടര്‍ ചോദിച്ചിട്ട് കൊടുക്കാത്തതിനു നല്ലവന്‍ ആയ എന്റെ പരിചയക്കാരന്‍ എന്നെ സഹായിച്ചത് ആണ്. ഞാന്‍ 'രോഗി' യെ  കാര്യം പറഞ്ഞ് മനസ്സിലാക്കി, അടുത്തുള്ള ഉഴിച്ചിലുകാരന്റെ വീട് കാണിച്ചുകൊടുത്തു.

ഉഴിച്ചിലുകാരന്‍ കഴുത്ത് അപ്പോള്‍ നേരെ ആക്കി കൊടുത്തെങ്കിലും, നമ്മുടെ രോഗി, കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് പിന്നെയും സമീപിച്ചപ്പോള്‍ എന്തുകൊണ്ടോ, ഉഴിച്ചിലുകാരനും കയ്യൊഴിഞ്ഞു. പിന്നീട്, ചെറുപ്പത്തില്‍ പോളിയോ വന്ന് നടക്കാന്‍ പറ്റാത്ത ഗോപിയേട്ടന്‍ ഒഴികെ, ആ നാട്ടിലുള്ള എല്ലാവരും ഇദ്ദേഹത്തിന്റെ കഴുത്തില്‍  ഉഴിച്ചില്‍ പഠിച്ചുകഴിഞ്ഞപ്പോഴേക്കും, കഴുത്തിന്റെ കാര്യത്തില്‍ ജിറാഫിന്റെ അനിയന്‍ ആയിതീര്‍ന്നിരുന്നു, മാത്രമല്ല ആകാശം കാണണമെങ്കില്‍ മലര്‍ന്നു കിടക്കുകയും വേണം എന്ന നില....

ഒരു പഞ്ചകര്‍മ്മ institute ഉദ്ഘാടനത്തിന്റെ നോട്ടീസ് കയ്യില്‍ കിട്ടിയപ്പോള്‍ ഓര്‍ത്തുപോയത് ആണ് ഇത്.

ഇതുകൊണ്ടാണോ എന്ന് അറിയില്ല "പഞ്ചകര്‍മ്മ ചികിത്സ" എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒന്ന് ഞെട്ടും !!

Template by:

Free Blog Templates