Wednesday, September 15, 2010

ചാറ്റ് റൂമില്‍ നിന്നും .... സസ്‌നേഹം [നോവലൈറ്റ്]


ഒന്ന് 

സെല്‍ ഫോണില്‍  മെസേജ് ടോണ്‍ . സ്വപ്നത്തില്നിന്നും ഉണര്ന്ന്പിക്ക് അപ്പ് ക്യാബില്നിന്നും പുറത്തേക്ക് നോക്കി. കാര്‍വെ റോഡിലൂടെ ക്യാബ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇനി ഓഫീസിലെത്താന്രണ്ടോ, മൂന്നോ മിനിറ്റ് മാത്രം. അലക്ഷ്യമായി മെസേജ് ചെക്ക്ചെയ്തു. ഇമെയില് indication ആണ്. അധികം ആര്ക്കും കൊടുക്കാത്ത ഇമെയില്ID യില്‍ നിന്നും. 

ക്യാബ് നിറുത്തിയപ്പോള്‍ ലാപ്‌ ടോപ്‌ എടുത്തുകൊണ്ട് സാവധാനം പുറത്ത് ഇറങ്ങി, ഓഫീസിനുള്ളിലേക്ക് നടന്നു.
 
Morning Sir...  റിസെപ്ഷനിസ്റ്റ് വക..
Morning Dear ...  
 
അത് തന്നെ എടുത്ത് കുറച്ചു പഞ്ചാര കൂടി ചേര്ത്ത് തിരിച്ചുവിട്ടു. പെണ്ണിന്റെ കണ്ണുകളില്ഒരു നക്ഷത്രത്തിന്റെ മിന്നായം !


കാര്ഡ്സ്വൈപ്പ് ചെയ്തു നേരെ ക്യാബിനിലേക്ക്__

സീറ്റില്ഇരുന്നതും ലാപ്‌ടോപ്‌  ഓണ്ചെയ്തു.
നല്ല വിശപ്പ്‌. രാവിലെ ഒന്നും കഴിച്ചതല്ല. ഫുഡ്കോര്ണര്വരെ പോകാന്ഉള്ള മടി കാരണം, പിന്നെ ആകാമെന്ന് വച്ചു. To Do List-ലൂടെ ഒന്ന് കണ്ണോടിച്ചു. ഇത് എല്ലാം ചെയ്തു തീര്‍ക്കുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് കഴിയും എന്ന് അല്പം തമാശയോടെ ഓര്ത്തു. ഒഫീഷ്യല്മെയിലുകള്‍ ചെക്ക്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്ആണ് സെല്ഫോണില്വന്ന mail indication ഓര്ത്തത്. Login ചെയ്തു. ഒരു പാട് നാളുകള്ക്കു ശേഷം...
സന്ദേശം വായിച്ചു.
 
ഗോവര്‍ദ്ധന്‍ , 

!!   Many Many Happy Returns of THE DAY   !!

ഇത്ര ദൂരെനിന്നും വേറെ ജന്മദിന ആശംസകള്നിനക്ക് വരാനില്ല എന്നെനിക്ക് അറിയാം. ഇന്ന് കുംഭമാസത്തിലെ കാര്ത്തിക. ദേവിക്ക് നെയ്വിളക്ക് വെച്ച് നിനക്ക് വേണ്ടി പ്രാര്ത്ഥിച്ചു. നീ എവിടെ ആണെങ്കിലും...

നീ ഇമെയില്‍  വായിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അഥവാ വായിക്കുകയാണെങ്കില്എന്ന് ആയിരിക്കും എന്നും അറിയില്ല. പക്ഷെ, നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ നീ എപ്പോഴും പറയാറുള്ള   Invisible Blessing Hands ന്റെ സാന്നിദ്ധ്യം ഞാന് അറിഞ്ഞു

അതെ... അദൃശ്യമായി  അനുഗ്രഹം ചൊരിയുന്ന കൈകള്‍ !!

വഴിപാട്‌ കഴിച്ചതിന്റെ പ്രസാദം നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു ഞാന്‍ ,  കുറച്ചുനേരം. ദൈവം നിനക്ക് നല്ലത് വരുത്തട്ടെ... നല്ലത് മാത്രം...

നീ എന്നെങ്കിലും എന്നെ ഓര്ത്തുവോ, ഇത്രയും ദിവസത്തിനുള്ളില്‍ ? അല്ലെങ്കിലും മറ്റുള്ളവരെ കുറിച്ച് ഓര്ക്കാറില്ലല്ലോ നീ....   

ഇനി എന്റെ അടുത്ത മെയില്നിനക്ക് കിട്ടുക അടുത്ത വര്ഷം ആയിരിക്കും __ കുംഭമാസത്തിലെ കാര്ത്തികനാളില്‍ ‍..

സ്നേഹത്തോടെ
നന്ദന.

*                            *                            *                            *

ഇന്ന് ആണ് എന്റെ പിറന്നാള്‍ . അത് ഓര്‍മ്മപ്പെടുത്താന്‍ ഒരുപാട് ദൂരെനിന്നും നന്ദന എത്തി, ഒരു ഇമെയില്‍ സന്ദേശത്തിന്റെ രൂപത്തില്‍ ‍. നന്ദന എന്ന ശിവനന്ദന. ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒറ്റപ്പാലത്തുകാരി എന്ന് എന്നോട് കള്ളം പറഞ്ഞ, കല്പാത്തി അഗ്രഹാരത്തിലെ ഏതോ ഒരു വീട്ടിലെ പെണ്‍കുട്ടി.  ചാറ്റ് റൂമില്‍ ജന്മമെടുത്ത, വിളിക്കാന്‍ പേരില്ലാത്ത ഒരു ബന്ധം.

സന്ദേശം എത്ര ആവൃത്തി വായിച്ചു? പത്ത്? അതോ അതില്‍ക്കൂടുതലോ?

ആര് പറഞ്ഞു എനിക്ക് വേറെ ജന്മദിന ആശംസകള്‍ വരാനില്ലെന്ന്? ഇനി എനിക്ക് വരാനുള്ള ആശംസകള്‍ ഇതിലും ഒരു പാട് ദൂരെ നിന്നും അല്ലെ? അങ്ങ് അകലെ നക്ഷത്രങ്ങളുടെ ലോകത്ത് നിന്നും ...

നിന്നെ, എന്നെങ്കിലും ഓര്ത്തുവോ എന്നോ?

നിന്നെ ഓര്‍ക്കാന്‍ ,  ഞാന്‍ നിന്നെ മറന്നേ ഇല്ലല്ലോ....
ഉദയ സൂര്യനെ കാണുമ്പോള്‍  - ഇളംകാറ്റ് വീശുമ്പോള്‍ - പൂക്കള്‍ വിടരുമ്പോള്‍ - നിലാവ് ഉദിക്കുമ്പോള്‍ - മഴ പെയ്തിറങ്ങുമ്പോള്‍ - ഒരു പുതിയ വസ്ത്രം ധരിക്കുമ്പോള്‍ -  അങ്ങനെ എന്റെ ചെറുതും വലുതുമായ എല്ലാ സന്തോഷത്തിലും ഞാന്‍ നിന്നെ ഓര്‍ക്കുന്നു.. ഇന്നും, എന്നും.

*                            *                            *                            *
ഇന്നത്തെ ദിവസം മുഴുവന്‍ നന്ദന അപഹരിച്ചിരുന്നു. വല്ലാതെ മൂഡി ആയി ഇരിക്കുന്നത് കണ്ടു ചിലരെല്ലാം കാരണം തിരക്കി.  ചെറിയ തലവേദന എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. വൈകീട്ട് ഫ്ലാറ്റില്‍ എത്തിയതും ഷെല്‍ഫില്‍ നിന്നും പ്രത്യേകം സൂക്ഷിച്ചിരുന്ന ഒരു Audio CD പുറത്തെടുത്തു - നന്ദന അയച്ചുതന്ന East Coast-ന്റെ "ഒരിക്കല്‍ നീ പറഞ്ഞു".  കൂടെ, അതിന്റെ ഒപ്പം തന്നെ അയച്ചുതന്ന ചെറിയ ഒരു മയില്‍പീലിയും.


കഴിഞ്ഞ പിറന്നാള്‍ അമ്മയോടൊപ്പം മുംബൈയില്‍ ആയിരുന്നു, അവിടെ തന്നെ ജോലിയും. പിന്നീട് ആണ് പുനെയിലെ ഈ ഓഫീസില്‍ ജോയിന്‍ ചെയ്തത്. അമ്മക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു, തന്നെ പുനെയിലേക്ക് അയയ്ക്കാന്‍ ‍. എല്ലാം തന്റെ പിടിവാശി. പിറന്നാളിന്, രാവിലെ തന്നെ അമ്മ അമ്പലത്തില്‍ പോയി വന്നിരുന്നു, കൂടെ വാല് ആയി നീതുവും [ഇവള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ?]. അതിന് ശേഷം ആണ് തന്നെ വിളിച്ച് ഉണര്‍ത്തിയത് തന്നെ. നീതു wish ചെയ്തപ്പോള്‍ ആയിരുന്നു പിറന്നാള്‍ ആണെന്ന് ഓര്‍ത്തത്‌. രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ അമ്മ പറഞ്ഞു

"ഇന്ന് കൂടുതല്‍ കറക്കം വേണ്ട. ഓഫീസ് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് വരണം ട്ടോ. രാത്രി ഭക്ഷണത്തിന് അശോകും, സുമിത്രയും ഉണ്ടാകും. ഞാന്‍ ഇന്ന് ലീവ് ആണ്".  
എന്ന് വച്ചാല്‍ നീതുവിന്റെ ഡാഡിയും, മമ്മിയും. നീതുവിന്റെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ല. അവള്‍ കോളേജില്‍ നിന്നും വന്നാല്‍ രാത്രി വരെ [ചില ദിവസം ഊണും] ഇവിടെ തന്നെ ആണല്ലോ! 
 
ബോംബെയില്‍ വന്ന കാലം മുതല്‍ക്കുള്ള അച്ഛന്റെയും, അമ്മയുടെയും നല്ല സുഹൃത്തുക്കള്‍ . ഞാനും നീതുവും ജനിക്കുന്നതിനും മുന്‍പ് തുടങ്ങിയ സുഹൃദ്ബന്ധം. പിന്നീട് ഞങ്ങള്‍ ജനിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുവീട്ടിലെയും കുട്ടികള്‍ ആയി. അമ്മയ്ക്ക്  അടുത്തുള്ള കോളേജില്‍ ലക് ചറര്‍ ആയി ജോലി ആയതിനുശേഷം അച്ഛനും,  അമ്മയും ജോലിക്ക് പോകുമ്പോള്‍ , സുമിത്ര ആന്റി, എന്നെ നോക്കുന്ന ചുമതല കൂടി ഏറ്റെടുത്തു. അന്ന് നീതു ജനിച്ചിട്ടില്ല. കോളേജില്‍ ഷിഫ്റ്റ്‌ ആയതിനാല്‍ അമ്മക്ക് ഉച്ച വരെ മാത്രമേ ക്ലാസ്സ്‌ ഉള്ളു. Antique & Handicraft-ന്റെ Export ബിസിനസ്‌ നടത്തുന്ന അശോക്‌ അങ്കിള്‍ ഓഫീസില്‍ പോയിക്കഴിഞ്ഞാല്‍ സുമിത്ര ആന്റിക്ക് സമയം നോക്കല്‍ ആണ് പ്രധാന ജോലി. പിന്നീട് അപ്രതീക്ഷിതമായി ഉണ്ടായ, അച്ഛന്റെ മരണം. അന്നും, അതിനുശേഷവും എല്ലാവിധ സഹായങ്ങളും ചെയ്ത് കൂടെ നിന്നവരും അവര്‍ തന്നെ. പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍  നീതു അമ്മക്ക് സ്വന്തം  മോള് തന്നെ ആയി.

CD എടുത്ത് ലാപ്‌ ടോപ്പില്‍ ഇട്ടു, ഹെഡ് ഫോണ്‍ എടുത്തു ചെവിയോട് ചേര്‍ത്തു. മനസ്സില്‍ നന്ദന നിറഞ്ഞു നിന്നു.

"ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു ഞാന്‍ ഒരുപാട്  __ 
ഓമനേ നിന്‍ മുഖം ഇനിയെങ്കിലും"

ഉംബായ്‌ കാതില്‍ അലിവോടെ പാടി.കസേരയില്‍ മെല്ലെ പിറകോട്ടു ചാഞ്ഞു. നെറ്റിയില്‍ കൈ അമര്‍ത്തി, കണ്ണുകള്‍ അടച്ചു. ഓര്‍മ്മകളിലൂടെ മെല്ലെ മെല്ലെ പുറകോട്ട് ....

എന്നാണ് നന്ദന എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു തുടങ്ങിയത്?


രണ്ട്

ഇന്ത്യയിലെ അറിയപ്പെടുന്ന kids wear manufacturing കമ്പനിയുടെ മുംബൈ ഓഫീസില്‍ Network Administrator ആയി ജോയിന്‍ ചെയ്തതിന്റെ ആദ്യനാളുകള്‍ . Network, fine tuned ആയതുകൊണ്ട് ജോലി വളരെ കുറവ്, ടെന്‍ഷനും. ബോറടി മാറ്റാന്‍ വേണ്ടി വെറുതെ Rediff Bol-ല്‍ Kochi ചാറ്റ് റൂമില്‍ ലോഗിന്‍ ചെയ്തു.


പെണ്‍കുട്ടിയുടേത് എന്ന് തോന്നിയ ഒരു പേരില്‍ click ചെയ്ത് വെറുതെ ഒന്ന് ഗണപതിക്ക് അടിച്ചുനോക്കി.

hi
hai  മറുപടി കിട്ടി...
entha peru?
perakka
nalla peru, achan ittathaano?
aanenkil iyalkku nashtam onnum illallo.. [നല്ല പട്ടുപോലത്തെ സ്വഭാവം]

വലിയ ചെലവ് ഒന്നും കൂടാതെ കിട്ടിയത്  ഓര്‍ത്ത് ചമ്മി ഇരുന്നു, കുറച്ചുനേരം. അല്‍പനേരം  കഴിഞ്ഞപ്പോള്‍ അപ്പുറത്തുനിന്നും ....

hi, poyo?
uvvu, chathu poyi     [കിട്ടിയതിന്റെ ചൊരുക്ക് വിട്ടിരുന്നില്ല]
chathenkil pinne aara ennodu chat cheyyunne?

നിന്റെ അമ്മേടെ നായര് എന്ന് ആണ് വായില്‍ വന്നത്. ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഓര്‍ത്ത് വെറുതെ ഇരുന്നു.

entha peru?
Konthunni Nair [ചമ്മലില്‍ പൊതിഞ്ഞ ദേഷ്യം തികട്ടി വന്നു]
real name para
Gowardhan [ഞാന്‍ ഒന്ന് അയഞ്ഞു.]
from?
Mumbai

പിന്നെ ചോദിച്ചു __

wht abt U?
Im Nandana from Ottappalam.
Wht do U do?
studying for MSW
where?
Chidambaram
I’m working as Network Admin in Mumbai. 

ചോദിക്കാതെ തന്നെ വിവരിച്ചുകൊടുത്തു. അപ്പോഴേക്കും ഇന്റര്‍ കോം റിംഗ് ചെയ്തു. ഒരു Node-ല്‍ നിന്നും പ്രിന്റ്‌ പോകുന്നില്ല. അറ്റന്‍ഡ്  ചെയ്യണം.


Chat window യില്‍ അടിച്ചു;

I hv a call. Will catch U later. Shall I add U?
If you wish.

Buddy list-ല്‍ add ചെയ്തു.

OK. Thank U.  Thanks for sharing ur time with me. take care. bb.


കൂടെ ഒരു മേമ്പൊടിക്ക് ചോദിച്ചു_

naale varumo?
urappilla.
ok. bb
bb

വേഗം തന്നെ പ്രിന്റ്‌ പ്രശ്നം പരിഹരിച്ച് സീറ്റില്‍ തിരിച്ചെത്തി. പക്ഷെ,  അപ്പോഴേക്കും നന്ദന ലോഗ് ഔട്ട്‌ ചെയ്തിരുന്നു. 

*                  *                  *                  *

അടുത്ത ദിവസം നന്ദന online വന്നു. വെറുതെ കുറെ ചപ്പ് ചവറ് അടിച്ചു. പിന്നീട് പല ദിവസങ്ങളിലും ഇത് തന്നെ തുടര്‍ന്നു. ഒരു ദിവസം അങ്ങോട്ട്‌ ചോദിച്ചു

iyaalkku orkut ID ille?

ഓര്‍ക്കുട്ട്  ID തന്നു. വെറുതെ പ്രൊഫൈലില്‍ നോക്കി. പിന്‍ കോഡില്‍ ചേര്‍ത്തിരിക്കുന്നത് 678003. സ്ഥലം locate ചെയ്തപ്പോള്‍ കല്‍പ്പാത്തി. ഇത് എവിടെ ആണാവോ... അമ്മയോട് ചോദിച്ചുനോക്കാം. അമ്മയെ മൊബൈലില്‍ വിളിച്ചു.  

“അമ്മേ, കല്‍പ്പാത്തി കേരളത്തില്‍ എവിട്യാ?”
“നിനക്ക് എന്തിനാ ഇപ്പൊ കല്‍പ്പാത്തി?  നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ ക്ലാസ്സ്‌ എടുക്കുന്ന സമയത്ത് ആവശ്യമില്ലാതെ വിളിക്കരുതെന്ന്...”

നല്ല ചൂടില്‍ ആണ്. എനിക്ക് അറിയോ ക്ലാസ്സില്‍ ആണെന്ന്? ഞാന്‍ പാവത്താനെ പോലെ മിണ്ടാതെ ഇരുന്നു.

“പാലക്കാട്‌ ജില്ലയില്‍ എവിട്യോ ആണ്.” എന്നിട്ട് ഫോണ്‍ കട്ട്‌ ചെയ്തു.

അത് എനിക്ക് പിന്‍ കോഡ് തപ്പിയപ്പോള്‍ തന്നെ മനസ്സിലായിരുന്നു. എനിക്ക് അറിയേണ്ടിയിരുന്നത് ഒറ്റപ്പാലം ഏരിയായില്‍ ആണോ എന്ന് ആണ്. ഇനി ഫോണ്‍ ചെയ്തിട്ട് കാര്യമില്ല. രാവിലെ തന്നെ ഇത്രയും മേടിച്ച് കെട്ടിയപ്പോള്‍ സമാധാനം ആയി. അവസാനം ഗൂഗിള്‍ മാപ്പില്‍ തപ്പി, കല്‍പ്പാത്തി കണ്ടെത്തി. ഒറ്റപ്പാലം നോക്കിയപ്പോള്‍ അതാ അപ്പുറത്ത് കുറച്ച് മാറി കമഴ്ന്നടിച്ചു കിടക്കുന്നു. അപ്പൊ ഇവള്‍ (?) ഉഡായിപ്പ് കേസ് തന്നെ. പക്ഷെ, അങ്ങനെ വിശ്വസിക്കാനും തോന്നുന്നില്ല. എവിടെ ഒക്കെയോ ഒരു innocence feel ചെയ്യുന്നും ഉണ്ട്.

തിരിച്ചു ചാറ്റ് വിന്‍ഡോയില്‍ എത്തി. 

nee udaayippu case aanu alle?
ath enthe?
ottappalam ennu kallam paranjathalle? kalpathi alle real place?
engane manassilaayi?
njan iyaalde profilil ulla pincode check cheythu.

കുറെ നേരത്തിനുശേഷം മറുപടി വന്നു...  
sorry. athu iyaal aaru aanennu enikku ariyillallo. athukondu aanu. really sorry.
it’s ok.
athey.. enik iyaalde Mob. No. tharuo?

അതില്‍ എന്തോ അപകടം മണത്തു. നമ്പര്‍  കൊടുത്തുകഴിഞ്ഞാല്‍ വീട്ടില്‍ ആകുമ്പോള്‍ ഈ പെണ്ണ് എങ്ങാനും വിളിച്ച് അമ്മ ആണ് ഫോണ്‍ എടുക്കുന്നതെങ്കില്‍ ....  ചാറ്റിങ് നെ പറ്റി അല്ലെങ്കില്‍ തന്നെ അമ്മക്ക് നല്ല അഭിപ്രായം അല്ല. അതിനെക്കാളും അപകടം ആണ് നീതു  അറിഞ്ഞാല്‍ . ഇപ്പോള്‍ തന്നെ അവള്‍ CBI ക്ക് പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെങ്ങാനും അറിഞ്ഞാല്‍ കുറച്ച് സ്വന്തം വക കൂടി ചേര്‍ത്ത്, അമ്മേടെ ചെവിയില്‍ എപ്പോ എത്തിച്ചു എന്ന് ചോദിച്ചാല്‍ മതി. ഒരു ദിവസം ആരും കാണാതെ അവളുടെ തലക്കിട്ട് ഒരു കിഴുക്ക്‌ കൊടുക്കണം എന്നും തീരുമാനിച്ചു.

വേഗം അടിച്ചു:

ath vendado
venam

ഒരു തരം പിടിവാശി.

misuse ചെയ്യരുത്, രാത്രി വിളിക്കാന്‍ പാടില്ല എന്നീ നിബന്ധനകളോടെ, മനസ്സില്ലാമനസ്സോടെ നമ്പര്‍ കൊടുത്തു. log out
ചെയ്തു. അന്ന്  സന്ധ്യയോടടുത്തുകാണും, മൊബൈല്‍ പാടാന്‍ തുടങ്ങി. പരിചയമില്ലാത്ത ഒരു landline നമ്പര്‍ . call എടുത്തു:

"Hello..."
"Gowardhan?"
"Yep. who’s this?"
"ഒരു ഒറ്റപ്പാലത്തുകാരി പെണ്‍കുട്ടിയെ അറിയോ? "
"ഓ, നന്ദന..." [അപ്പൊ പെണ്ണ് തന്നെ]. "ഇത് വീട്ടിലെ നമ്പര്‍ ആണോ?"
"അല്ല, പബ്ലിക്‌ ബൂത്തില്‍ നിന്നും ആണ്." [അമ്പടി..വിളഞ്ഞ വിത്ത് തന്നെ..]
"എന്തേ വിളിച്ചത്?"
"call എടുക്കുമോ എന്ന് അറിയാന്‍ വേണ്ടി വിളിച്ചതാണ് " [കൂടെ ഒരു നല്ല, കേള്‍ക്കാന്‍ ഇമ്പമുള്ള ചിരിയും]
"ഇപ്പൊ ക്ലാസ്സ്‌ ഇല്ലേ?"
"ഇല്ല, എനിക്ക് ഇപ്പോള്‍ vacation ആണ്. ഇയാള്‍ വീട്ടില്‍ പോകുന്നില്ലേ?"
"സമയം ആയിട്ടില്ല. 7 മണി വരെ ആണ് ഓഫീസ് ടൈം. "
"ഞാന്‍ പോട്ടെ. വിളക്ക് വയ്ക്കാറായി. അമ്മ അന്വേഷിക്കും. "
"ഉം.. നാളെ വിളിക്കുമോ?"
"നോക്കട്ടെ..."

ഫോണ്‍ വച്ചു.

ഞാന്‍ ആകെക്കൂടി ത്രില്ലടിച്ച് ഇരുന്നു. ആദ്യമായി ആണ് ഒരു സുന്ദരി [ഞാന്‍ അങ്ങ് തീരുമാനിച്ചു] വിളിച്ച് ഇത്രയും സോഫ്റ്റ്‌ ആയി സംസാരിക്കുന്നത്. ന്റെ ഗുരുവായൂരപ്പാ... യ്ക്ക് ഇത് ആരോടെങ്കിലും ഒന്ന് പറയാതെ ഇന്ന് ഉറക്കം വരില്ലേയ് ... [അതോ ഇനി ഇവിടത്തെ (mumbai-ലെ) ആസ്ഥാന ദൈവം ഗണപതിയെ വിളിക്കണോ]. എന്തായാലും, നേരെ വിളിച്ചു, പൂനെയില്‍ ജോലി ചെയ്യുന്ന‍, ഏറ്റവും അടുത്ത സുഹൃത്തും, classmate - ഉം ആയ നിതിന്‍ നെ. കുറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ വച്ചു കാച്ചി. അവന്റെ ഉപദേശവും തേടി. 

are kuch chaalu case hai kya? [വശപിശക് വല്ലതും ആണോടാ?”] അവന്റെ വക.
chal re. abhi mein thujhe kuch nahin bataunga [പോടാ.. ഇനി ഞാന്‍ നിന്നോട് ഒരു കാര്യവും പറയില്ല].
എനിക്ക് അത് തീരെ പിടിച്ചില്ല.
 
sambhaalna [ശ്രദ്ധിക്കണം ട്ടോ ]. അവന്റെ അവസാനത്തെ ആണി.
haan, teek hai [ഉം, ശരി]
ഞാന്‍ ഫോണ്‍ disconnect ചെയ്തു.
 
 
മൂന്ന്

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫോണ്‍ വിളി കൂടി കൂടി വന്നു. തമിഴ് വാക്കുള്‍ ചേര്‍ത്തുള്ള നന്ദനയുടെ സംസാരരീതി എനിക്ക് കൌതുകമായിരുന്നു [അത് അവള്‍ പോലും അറിയാതെ ആണ് വരുന്നത്] . ഞങ്ങള്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തിന് പുറമേ, മുംബൈയിലെ SSC ക്ക് ശേഷം, XI th ന് ഒരു വര്‍ഷം കേരളത്തില്‍ പഠിച്ചത് ആയിരുന്നു എന്റെ മലയാളം കൈമുതല്‍ ‍. അന്നും മലയാളം എനിക്ക് പഠിക്കാനുള്ള വിഷയം അല്ലായിരുന്നു. പക്ഷേ,  ഇതും വച്ച് ഞാന്‍ നീതുവിന്റെ മുന്നില്‍ ആളാകാറുണ്ടായിരുന്നു. കാരണം നീതുവിന് മലയാളം കഷ്ടിച്ച് സംസാരിക്കാം എന്ന് അല്ലാതെ [അത് കേട്ടാല്‍ ആളുകള്‍ ചിരിക്കും] വേറെ ഒന്നും അറിയില്ലായിരുന്നു.  മലയാളം എഴുതാനും, വായിക്കാനും ഞാന്‍ മുന്‍പേ തന്നെ വീട്ടിലിരുന്ന് പഠിച്ചിരുന്നു. ബാക്കി,  അമ്മയോട് ചോദിച്ചും, വെബ്‌സൈറ്റില്‍ നോക്കിയും ഞാന്‍ ഒരു തരത്തില്‍ നന്ദനയുടെ മുന്‍പില്‍ പിടിച്ചുനിന്നു. ചിലപ്പോഴൊക്കെ എന്നെ കളിയാക്കുമെങ്കിലും, എന്റെ സംസാരത്തില്‍ വരുന്ന ചെറിയ തെറ്റുകള്‍ നന്ദന തന്നെ തിരുത്തും.

ഞാന്‍ നന്ദനയുടെ വിളികള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങി. ഇത്രയും ദിവസം ആയിട്ടും അവളുടെ ഫോണ്‍ നമ്പര്‍ എനിക്ക് തന്നിട്ടില്ലായിരുന്നു. ഒരു ദിവസം അവള്‍ പറഞ്ഞു:

"അപ്പാ എനിക്ക് തന്ന പോക്കറ്റ്‌ മണി എല്ലാം കഴിഞ്ഞു, നിനക്ക് ഫോണ്‍ ചെയ്തിട്ട്."
"എങ്കില്‍ എനിക്ക് നിന്റെ നമ്പര്‍ താ. I will call you back ."

അങ്ങനെ നമ്പര്‍ തന്നു. നമ്പര്‍ ചോദിച്ചുവാങ്ങിയെങ്കിലും, കിട്ടികഴിഞ്ഞപ്പോള്‍ ആണ് വെട്ടിലായത്. ഇത് ഏത് പേരില്‍ മൊബൈലില്‍ save ചെയ്യും എന്നതായി പ്രശ്നം.  എന്റെ എല്ലാ friends -നെയും അമ്മക്ക് അറിയാം. നീതുവിനും അറിയാം [തരം കിട്ടുമ്പോഴൊക്കെ എന്റെ മൊബൈലില്‍ പരതുന്ന ഒരു ദു:ശ്ശീലവും നീതുവിന് ഉണ്ടായിരുന്നു]. നമ്പര്‍ by heart ചെയ്യാമെന്ന് വച്ചാല്‍ ഓരോ തവണയും 11 അക്കവും അമര്‍ത്തേണ്ടിവരും. ഡൈനാമിറ്റ് കളഞ്ഞുകിട്ടിയവന്റെ അവസ്ഥയില്‍ ആയി ഞാന്‍ . 

അവസാനം എന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു വഴി തെളിഞ്ഞു. എന്റെ Airtel ന്റെ കണക്ഷന്‍ ആണ്. Airtel എന്ന പേരില്‍ തന്നെ save ചെയ്തു. ശബ്ദം ഒന്നും ഇല്ലാത്ത ഒരു ഫയല്‍ audio file ആക്കി save ചെയ്ത്, ringtone സെറ്റ് ചെയ്തു. ആവു... സമാധാനം ആയി. അമ്മയെങ്ങാനും ചോദിക്കുകയാണെങ്കില്‍  Airtel -ല്‍ നിന്നും ആയിരുന്നു കോള്‍ എന്നും പറഞ്ഞു തടി തപ്പാം, ringtone ഒന്നും കേള്‍ക്കുകയും ഇല്ല.
അപ്പോള്‍ തന്നെ ഞാന്‍ തിരിച്ചു വിളിച്ചു:

"എടീ മണ്ണുണ്ണി" [ഇത്തരത്തിലുള്ള കുറച്ച് വാക്കുകള്‍, നാട്ടില്‍ ഒരു വര്‍ഷത്തെ പഠിപ്പ്കൊണ്ട്, ഞാന്‍ സമ്പാദിച്ചിരുന്നു].
"നീ തന്ന്യാ മണ്ണുണ്ണി."
"എന്ത് ധൈര്യത്തിലാ നീ എനിക്ക് നമ്പര്‍ തന്നത്?"
"നീ എന്നുടെ നല്ല ഫ്രണ്ട് അല്ലെ? ഒരു വിശ്വാസം നിന്നെ..., അത്ര തന്നെ".
[ഈശ്വരാ, ഈ പെണ്ണ് ഇത് എവിടെ കൊണ്ടുചെന്ന് എത്തിക്കും?]
"പക്ഷെ, രാത്രി എങ്ങാനും വിളിച്ചാല്‍ ഉന്നൈ ഞാന്‍ കൊല്ലും." എനിക്കുള്ള താക്കീത്.
"പിന്നെ...., എനിക്ക് വേറെ പണി ഒന്നും ഇല്ലല്ലോ.." ഞാന്‍ ഫോണ്‍ വച്ചു.

പിന്നീടുള്ള ഒന്നുരണ്ട് മാസം കൊണ്ട് ഞങ്ങള്‍ ഒരുപാട് വര്‍ഷത്തെ വിശേഷം പറഞ്ഞു തീര്‍ത്തു. അവളുടെ അച്ഛന് ബാങ്കില്‍ ജോലി. അമ്മ housewife. രണ്ട് അനിയന്മാര്‍ പഠിക്കുന്നു. ഞാനും പറഞ്ഞു., അമ്മയെപ്പറ്റി. നീതു, അശോക്‌ അങ്കിള്‍ , സുമിത്ര ആന്റി എന്നിവരെപ്പറ്റി. അമ്മയുടെ നാട്ടിലുള്ള വീട്, പറമ്പിലെ കുളം. അച്ഛന്‍ ഇപ്പോള്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല അവള്‍ . കുറച്ച് കഴിഞ്ഞ് :

"ഞാന്‍ നിന്നെ ഓരോന്ന് ചോദിച്ച് വേദനിപ്പിച്ചോ? "
"ഹേയ് ഇല്ല. ഇപ്പൊ എനിക്ക് ഇത് ശീലമായി."
വീണ്ടും മൌനം. 
"ഞാന്‍ ഇനി നാളെ വിളിക്കാം. "
"ശരി". ഞാന്‍ ഫോണ്‍ വച്ചു.

പിറ്റേ ദിവസവും അവള്‍ അച്ഛനെപറ്റി തന്നെ ചോദിച്ചു. രാവിലെ ഓഫീസില്‍ പോയതാണ്. സന്ധ്യക്ക്‌ ഓഫീസ് വിട്ട് ഇറങ്ങുമ്പോള്‍  നെഞ്ചുവേദന വന്നു. ഹോസ്പിറ്റലില്‍ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. 

"അച്ഛന്‍ സിഗരറ്റ് വലിക്കുമായിരുന്നോ?"
"സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല. എന്നിട്ടും...."

വാക്കുകള്‍ എന്റെ തൊണ്ടയില്‍ തടഞ്ഞു. കുറച്ചുനേരത്തേക്ക് ഞാന്‍ വെറും 15 വയസ്സുകാരന്‍ ആയി മാറി.  എനിക്ക് തുടര്‍ന്ന് സംസാരിക്കാന്‍ കഴിഞ്ഞില്ല. 

ഓണം ഞങ്ങള്‍ എല്ലാവരും കൂടി ആണ് ആഘോഷിച്ചിരുന്നത്. ഞങ്ങളുടെ ഫാമിലി ഫ്രണ്ട്സ് [അധികവും മലയാളികള്‍ അല്ലാത്തവര്‍ ], നീതു, അശോക്‌ അങ്കിള്‍ ,  സുമിത്രാന്റി, അവരുടെ സുഹൃത്തുക്കള്‍ .  വീട്ടില്‍ നോണ്‍-വെജ് പാചകം ചെയ്യാറില്ലാത്തതിനാല്‍ മത്സ്യം, മാംസം, വെള്ളമടി എന്നിവ അശോക്‌ അങ്കിള്‍ ന്റെ ഫ്ലാറ്റിലും, ഊണ്  [Vegetarian] ഞങ്ങളുടെ ഫ്ലാറ്റിലും ആയിരുന്നു ഒരുക്കിയിരുന്നത്. ഞാന്‍ 10 - ല്‍ പഠിക്കുമ്പോള്‍ ആയിരുന്നു അച്ഛന്റെ മരണം. അതിനുശേഷം ഓണത്തിന് ഞങ്ങള്‍ രണ്ട് വീട്ടുകാര്‍ മാത്രം. പുറത്തുനിന്നും ആരെയും ക്ഷണിക്കാറില്ല. 

അച്ഛനെ കുറിച്ചുള്ള കുറെ നല്ല ഓര്‍മ്മകള്‍ ഞാന്‍ നന്ദനയുമായി പങ്കുവച്ചു.  പക്ഷെ ചില ദു:ഖങ്ങള്‍ അവളോട്‌ പറയാതെ, ഞാന്‍ നിധി പോലെ മനസ്സില്‍ തന്നെ സൂക്ഷിച്ചു; എന്റെ ഏകാന്തതകളില്‍ എനിക്ക് ഓര്‍ത്തോര്‍ത്ത് സങ്കപ്പെടാന്‍ വേണ്ടി ....

ഒരു അമ്മയെയും, മകനെയും തനിച്ചാക്കി പോയത്....
 
തലേ ദിവസത്തെ ചെസ്സ്‌ കളിയിലെ തോല്‍വിക്ക്  പകരം വീട്ടാന്‍ ഇരുന്ന മോനെ, ചെസ്സ്‌ ബോര്‍ഡിന് മുന്നില്‍ കാത്തിരുത്തി, വീണ്ടും തോല്‍പ്പിച്ചുകളഞ്ഞത് ....
 
അമ്മ എന്നെ വഴക്ക് പറയുമ്പോള്‍ മാത്രം അമ്മയോട് ദേഷ്യപ്പെട്ടത്‌....

പിന്നീട് എന്തുകൊണ്ടോ നന്ദന ആ topic ഒഴിവാക്കി. ഒരു പക്ഷെ, എന്നെ വിഷമിപ്പിക്കേണ്ട എന്ന് അവള്‍ കരുതിക്കാണും. ഒരു ദിവസം അവള്‍ പറഞ്ഞു:

"എനിക്ക് നിന്നെ ഒന്ന് കാണാന്‍ തോന്നുന്നു"
"അതിനെന്താ ഞാന്‍ വരാമല്ലോ"
"എപ്പോ?"
"vacation ന്, അമ്മയും ഞാനും നാട്ടില്‍ വരും"
"അതല്ല, എനിക്ക് ഇപ്പൊ കാണണം. എനിക്ക് നിന്റെ ഒരു ഫോട്ടോ അയച്ചുതരുമോ?"
"അതിന്, ഇപ്പൊ ഫോട്ടോ scan ചെയ്തത് ഒന്നും കയ്യില്‍ ഇല്ലല്ലോ.. "

ഞാന്‍ ഒരു നുണ പറഞ്ഞു. അത് അവള്‍ക്ക് മനസ്സിലായിക്കാണണം. പിന്നെ അവള്‍ ചോദിച്ചില്ല.  പെട്ടന്ന്, അല്‍പ്പം പരിഭ്രമിച്ച സ്വരത്തില്‍ കേട്ടു,

"കടവുളേ.. പെരിയപ്പ..."
"ഭഗവാനെ, ഗുരുവായുരപ്പാ..." ഞാനും പ്രാര്‍ത്ഥിച്ചു.

കുറച്ച് നേരത്തേക്ക് ഒരു മറുപടിയും ഇല്ലായിരുന്നു. പിന്നീട് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു:

"ഞാന്‍ പിന്നെ വിളിക്കാം. പെരിയപ്പ വന്നിട്ടുണ്ട്."
"ഓഹോ, അതാണോ.. ഞാന്‍ വിചാരിച്ചു നീ ദൈവത്തെ വിളിച്ചത് ആണെന്ന്."
"അല്ലെങ്കിലും നീ ഒരു പൊട്ടന്‍ തന്ന്യാ"
"അതെ... അതുകൊണ്ടാണല്ലോ, എനിക്ക് നിന്നെ തന്നെ friend ആയി കിട്ടിയത്."
എന്റെ ഉള്ള capacity വച്ച് ഞാനും ഒന്ന് 'ആക്കി'യിട്ടു ഫോണ്‍ വച്ചു.

നാല് 

അവിചാരിതമായ ചില കാരണങ്ങളാല്‍ എന്റെയും, അമ്മയുടെയും നാട്ടില്‍പോക്ക് ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. ഞാന്‍ നന്ദനയെ വിളിച്ച് പറഞ്ഞു. കുറച്ച് നേരം മൌനമായതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല.

 കുറെ നാളുകള്‍ക്കുശേഷം, ഒരു വെള്ളിയാഴ്ച നന്ദന പറഞ്ഞു:
"അടുത്ത Monday ക്ലാസ്സ്‌ തുടങ്ങും. Sunday ഞാനും, അപ്പാവും ചിദംബരത്തേക്ക്  പോകും"
"അപ്പൊ ഇനി വിളിക്കില്ലേ?"
"ഞാന്‍ അവിടെ ചെന്നിട്ട് വിളിക്കാം. രാവിലെ ക്ലാസ്സ്‌ ഉണ്ടാവും. Afternoon -ല്‍ മാത്രമേ വിളിക്കൂ ... "
"OK" എനിക്ക് സന്തോഷമായി.

പിന്നീട് ആ പുതിയ നമ്പരും ഞാന്‍ മൊബൈലില്‍ save ചെയ്തു, Chidambaram എന്ന പേരില്‍ .....

ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോദിച്ചു:
"ഒരു ദിവസം ഞാന്‍ പെട്ടന്ന് ചാറ്റ് റൂമില്‍ നിന്നും അപ്രത്യക്ഷമായാല്‍ നിനക്ക് വിഷമം തോന്ന്വോ?"
"ഏ... " അവള്‍ അമ്പരന്നു.
"എന്താ നീ അങ്ങനെ പറഞ്ഞത്?"
"ഒന്നുമില്ല, വെറുതെ...."
"സത്യം പറയ്, ഞാന്‍ നിനക്ക് ഒരു nuisance ആകുന്നുണ്ടോ?"
"ഒട്ടും ഇല്ല."
"പിന്നെന്താ  അങ്ങനെ പറഞ്ഞത്?
"അയ്യോ .... , ഞാന്‍ ഒന്നും പറഞ്ഞില്ലേ..... വിട്ട് കള.."
"എങ്കില്‍ ഇനി അങ്ങനെ പറയ്വോ?
"ഇല്ല"
"കടവുളാണേ...., അല്ലെങ്കില്‍ വേണ്ട...  ഗുരുവായൂരപ്പനാണെ സത്യം പറ.."
"ഗുരുവായൂരപ്പനാണെ സത്യം." ഞാന്‍ തോറ്റുകൊടുത്തു.

എനിക്ക് അറിയാമായിരുന്നു ഒരു ദിവസം ഈ പെണ്‍കുട്ടിയോട് യാത്ര പറയേണ്ടി വരുമെന്ന്. അതിന്റെ ഒരു സൂചന കൊടുക്കാം എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളു. പക്ഷെ, അത് ഇങ്ങനെ ചീറ്റിപ്പോയി.

മറ്റൊരു ദിവസം അവള്‍ ചോദിച്ചു:
"നീ നീതുവിനെ ആണോ കല്യാണം കഴിക്കുക?"
"മിക്കവാറും...."
"അതെന്താ ഉറപ്പില്ലേ?"
"അമ്മക്ക് അവളെ വലിയ ഇഷ്ടം ആണ്. അവള്‍ക്കും അതാണ്‌ ഇഷ്ടം."
"അവളുടെ വീട്ടുകാര്‍ക്കോ?"
"ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടം ആണെങ്കില്‍ അങ്ങനെ ആവാം എന്ന് ആണ് അവരുടെ അഭിപ്രായം."
"നിനക്ക് ഇഷ്ടമല്ലേ?"
"എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല. "

കുറച്ചുനേരത്തെ മൌനത്തിനുശേഷം:
"നീതു കാണാന്‍ എങ്ങനെ?"
"മോശമല്ല." ഞാന്‍ മറുപടി കൊടുത്തു.

പക്ഷെ നന്ദന ആ മറുപടിയില്‍ മാത്രം തൃപ്തയായില്ല. അവസാനം ഞാന്‍ വിശദമായി തന്നെ പറഞ്ഞു. Highly possessive ആണെന്നത് ഒഴിച്ചാല്‍ നീതു ഒരു നല്ല കുട്ടി ആയിരുന്നു. ശരാശരിക്കു മുകളില്‍ സൌന്ദര്യം. പഠിക്കാന്‍ മിടുക്കി. BBA ക്ക് പഠിക്കുന്നു. അത് കഴിഞ്ഞാല്‍ MBA ക്ക് പോകും. എല്ലാം well-planned ആണ്. MBA അവള്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ എഴുതി എടുക്കും എന്നതില്‍ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. നല്ല ധൈര്യം. കൂടെ കുറച്ച് കുരുത്തക്കേടും, പൊട്ടത്തരവും.

അവളുടെ കഴിഞ്ഞ പിറന്നാളിന് അങ്കിള്‍ വാങ്ങിക്കൊടുത്ത Activa എടുത്ത്, മഹാരാഷ്ട്രയില്‍  ഇനി എത്താന്‍ വല്ല സ്ഥലവും ബാക്കി ഉണ്ടോ എന്ന്, സാറ്റലൈറ്റ്  വഴി കണ്ടുപിടിക്കേണ്ടിവരും.  അതിനുമുന്‍പ് അവള്‍ക്ക് ഒരു ചഡാക്ക്  scooty ഉണ്ടായിരുന്നു. അത് ഇനി കേടുവരുത്താന്‍ ഒരിടവും ബാക്കി ഇല്ല എന്ന വിധം ആയപ്പോള്‍ garage-കാര് വന്നു ആക്രി വിലക്ക് വാങ്ങികൊണ്ടുപോയി.  അവളുടെ അടുത്ത ഉന്നം എന്റെ ബൈക്ക്  ആണ്. അതിനുവേണ്ടി ഇടക്കെല്ലാം എന്നെ പതപ്പിച്ച് അടുത്തുകൂടും. എന്നില്‍നിന്നും വലിയ സ്വീകരണം ഒന്നും കിട്ടാത്തതുകൊണ്ട് ആ ബൈക്ക്  ഇപ്പോഴും ജീവനോടെ ഇരിക്കുന്നു.

"എനിക്ക് നീതുവിന്റെ ഒരു ഫോട്ടോ അയച്ചുതര്വോ? ഒന്ന് കാണാനാ ഡോ ..."
"ഞാന്‍ അവളോട്‌ ചോദിച്ചിട്ട് അയച്ചുതരാം" എന്ന് ഫോണിലും, 'എന്തിനാടി മോളെ പൊട്ടാസ്യം സയനൈഡ് ഇരന്ന് വാങ്ങുന്നെ?' എന്ന് മനസ്സിലും പറഞ്ഞു.

കുറച്ചു കഴിഞ്ഞ്  മടിച്ചു മടിച്ച് ഞാന്‍ നന്ദനയോട്   ചോദിച്ചു:
"നിനക്ക് മുംബൈ ഇഷ്ടമാണോ?"
"അല്ല. എന്റെ graduation കഴിഞ്ഞപ്പോള്‍ മുംബയില്‍ നിന്നും ഒരു proposal വന്നിരുന്നു. എനിക്ക് അവിടുത്തെ തിരക്ക് ഇഷ്ടമല്ലാത്തതിനാല്‍ അപ്പാ proceed ചെയ്തില്ല."

എന്റെ മുഖം മങ്ങി. കുറച്ച് നേരം മിണ്ടാതിരുന്നിട്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ ഫോണ്‍ വക്കട്ടെ?"

എന്റെ സ്വരത്തിലെ വ്യത്യാസം അവള്‍ ശ്രദ്ധിച്ചിരിക്കണം.
"ഉം" അവള്‍ ഒന്ന് മൂളി.

കൂടുതലൊന്നും പറയാതെ ഞാന്‍ ഫോണ്‍ വച്ചു.

പിന്നീട് ഞാന്‍ ഫോണ്‍ വിളി കുറച്ചു. ആവശ്യമില്ലാത്ത ഒരു ആശ കൊടുക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. നന്ദനയും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങി എന്ന് ഞാന്‍ മനസ്സിലാക്കി. ഫോണ്‍ വിളികള്‍ കുറഞ്ഞു. എങ്കിലും എനിക്ക് എന്തെങ്കിലും വിഷമം തോന്നുമ്പോള്‍ ഞാന്‍ ആദ്യം നന്ദനയെ  ഓര്‍ത്തു. വിളിക്കണമെന്ന് തീവ്രമായ ആഗ്രഹം തോന്നുമ്പോള്‍ പലപ്പോഴും അവളുടെ കോളുകള്‍ എന്നെ തേടി വന്നു. മിക്കപ്പോഴും തിരിച്ചും. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം ഞങ്ങള്‍ക്ക് പിടി കിട്ടിയില്ല. ഇതും പറഞ്ഞ് ഞങ്ങള്‍ ചിലപ്പോള്‍ ആസ്വദിച്ച് ചിരിക്കും.

ഒരു ദിവസം നന്ദന എന്നോട് ചോദിച്ചു:
"ഞാന്‍ നിന്റെ ആരാ?"
"എന്റെ ഫ്രണ്ട് "
"Like Neethu?"
"No, like Nitin" മനസ്സില്‍ വിങ്ങലോടെ ഞാനൊരു കള്ളം പറഞ്ഞു.
"ഇനി മാറ്റി പറയില്ലല്ലോ?"
"ഇല്ല"
അത് പറഞ്ഞത് ഞാന്‍ അല്ലെന്നു തോന്നി.

നന്ദനയുടെ academic year ന്റെ അവസാനം ആകാറായി. Exam, Apr-May ല്‍ ആകും. പക്ഷെ ക്ലാസ്സ്‌ അതിനും കുറെ മുന്‍പേ തന്നെ കഴിയും. നന്ദന നല്ല നിശ്ചയദാര്‍ഡ്യം ഉള്ള കുട്ടി ആണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പഠിപ്പില്‍ ഉഴപ്പില്ല. എങ്കിലും ഞാന്‍ ഇടയ്ക്ക് പഠിപ്പില്‍ നല്ലപോലെ ശ്രദ്ധിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുമായിരുന്നു. മാര്‍ക്ക് എങ്ങാനും കുറഞ്ഞുപോയാല്‍ അതിന് പരോക്ഷമായി ഞാനും കാരണക്കാരന്‍ ആകുമല്ലോ.......

ഒരു ദിവസം ഞാന്‍ പറഞ്ഞു:
"മാര്‍ച്ച്‌ മൂന്നിന് എന്റെ പിറന്നാള്‍ ആണ്. കുംഭമാസത്തിലെ കാര്‍ത്തിക. വീട്ടില്‍ , നാള്‍ നോക്കി ആണ് പിറന്നാള്‍ ആഘോഷിക്കാറ്."
"ആഹാ... എന്തൊക്ക്യാ ആഘോഷങ്ങള്‍ ?"
"ഹേയ്..  അങ്ങനെ വലിയ ആഘോഷം ഒന്നും ഇല്ല. അമ്മ എന്നെയും കൂട്ടി അമ്പലത്തില്‍ പോകും. പുഷ്പാഞ്ജലി കഴിപ്പിക്കും. പിന്നെ നെയ്‌വിളക്ക് വച്ച് മോന്റെ ദീഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിക്കും. അത്ര തന്നെ.... അന്ന് ഭക്ഷണത്തിന് നീതുവും, അങ്കിളും, ആന്റിയും ഉണ്ടാകും."
"എനിക്ക് നിന്റെ അഡ്രസ്‌ വേണം."
ഞാന്‍ ഒന്ന് ഞെട്ടി.
"ഹ് ഹ് ഹെന്തിനാ...." ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.
"നീ തരുന്നുണ്ടോ, ഇല്ല്യോ?"
എന്റെ വക്രബുദ്ധി ഉണര്‍ന്നു.
"ഓഫീസ് അഡ്രസ്‌ പോരെ?"
"അതെങ്കില്‍ അത്. ഞാന്‍ നിന്നെ തെരഞ്ഞ് വരാനൊന്നും പോണില്ല. ഇങ്ങനെ ഒരു പേടിതൊണ്ടന്‍ ."

എന്റെ മനസ്സ് മറ്റൊരാള്‍ വായിച്ചെടുത്ത ജാള്യതയോടെ, ഞാന്‍ അഡ്രസ്‌ കൊടുത്തു.

ആ ആഴ്ചയില്‍ തന്നെ എനിക്കൊരു കൊറിയര്‍ വന്നു, നന്ദനയുടെ വക ഒരു പിറന്നാള്‍ സമ്മാനം. ഒരു മ്യൂസിക്‌ CD, കൂടെ ഒരു ചെറിയ മയില്‍പീലിയും. ഞാന്‍ envelope ല്‍ നോക്കി. നല്ല വൃത്തിയുള്ള കയ്യക്ഷരത്തില്‍ അഡ്രസ്‌ എഴുതിയിരിക്കുന്നു. എന്തുകൊണ്ടോ ആ envelope കളയാന്‍ എനിക്ക് മനസ്സ് വന്നില്ല. അതും ഞാന്‍ സൂക്ഷിച്ചുവച്ചു. മറ്റൊരു മയിപീലിയായി....
അഞ്ച് 

ഇടക്കെല്ലാം ഞാന്‍ നന്ദനയോട്  പറയുമായിരുന്നു ഇനി എന്നെ വിളിക്കരുതെന്ന്. അപ്പോള്‍ ഒരു വികൃതികുട്ടിയുടെ വാശിയോടെ അവള്‍ പറയും:

"ഞാന്‍ വിളിക്കും, നിനക്ക് വേണ്ടെങ്കില്‍ നീ ഫോണ്‍ എടുക്കേണ്ട...."

ഞാന്‍ അങ്ങനെ ഒക്കെ പറയുമ്പോഴും എനിക്ക് അറിയാമായിരുന്നു അവള്‍ എപ്പോള്‍ വിളിച്ചാലും എനിക്ക് ഫോണ്‍ എടുക്കാതിരിക്കാന്‍ ആവില്ലെന്ന്. 

അധികം താമസിയാതെ തന്നെ നന്ദനയുടെ study holidays തുടങ്ങി. അവള്‍ കല്‍പ്പാത്തിയില്‍ തിരിച്ചു വന്നതിനുശേഷം വളരെ കുറച്ചേ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളൂ. ഒന്ന് രണ്ട് തവണ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. ഒരു പക്ഷെ, വീട്ടുകാര്‍ ആരെങ്കിലും അടുത്തു ഉണ്ടായിരിക്കും, അല്ലെങ്കില്‍ exam-ന്റെ preperation-ല്‍ ആയിരിക്കും എന്ന് ഞാന്‍ കരുതി. എങ്കിലും അതെന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

മറ്റൊരു ദിവസം ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാതെ കട്ട്‌ ചെയ്തു. കുറച്ച കഴിഞ്ഞ് എന്റെ മൊബൈലില്‍ നന്ദനയുടെ ഒരു
മെസേജ് വന്നു:

"Don't call me now".

എന്റെ സന്തോഷം ഇല്ലാതെയാക്കാന്‍  ആ ഒരു
മെസേജ് തന്നെ ധാരാളം ആയിരുന്നു. ഇങ്ങനെ ഒരു മെസ്സേജ് ചെയ്യുവാന്‍ ഉള്ള കാരണം മാത്രം എനിക്ക് മനസ്സിലായില്ല. എനിക്ക് ദേഷ്യവും, സങ്കടവും ഒക്കെ തോന്നി. മുംബൈയില്‍  എന്റെ സുഹൃത്തുക്കളില്‍ പെണ്‍കുട്ടികളും ഉണ്ടായിരുന്നു, എണ്ണത്തില്‍ അധികം ഇല്ലെങ്കിലും. പക്ഷെ, അവര്‍ ആരും തന്നെ നന്ദനയ്ക്ക് പകരം ആകുമായിരുന്നില്ല. തമ്മില്‍ കാണാതെ തന്നെ, വെറും ഫോണ്‍ വിളിയിലൂടെ അത്തരം ഒരു ബന്ധം ഉടലെടുത്തിരുന്നു ഞങ്ങള്‍ തമ്മില്‍ .

വളരെ energetic ആയിരുന്ന ഞാന്‍ , ഓഫീസില്‍നിന്നും വന്നാല്‍  ഒരു ഉന്മേഷവുമില്ലാതെ വീട്ടില്‍ തന്നെ  ഇരിക്കുന്നത്  അമ്മയും ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. Week-end ല്‍ നിതിന്‍ വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ രഹസ്യമായി കുറച്ചു ദൂരെ ഉള്ള പബ്ബിലേക്ക് ഒരു കറക്കം ഒക്കെ പതിവുണ്ട്. ഒരു ക്യാന്‍ ബിയറിന്റെ പുറത്ത് ആയിരിക്കും ഞങ്ങളുടെ ഓഫീസ് വിശേഷം പങ്കുവയ്ക്കല്‍ . ഇതില്‍ കടന്നു വരാത്ത വിഷയങ്ങള്‍ ഇല്ല. അന്താരാഷ്ട്രകാര്യങ്ങള്‍ മുതല്‍ colleagues കളുടെ dating & outing തുടങ്ങിയ പരദൂഷണം വരെ ഉള്‍പ്പെടും.  ഞങ്ങളുടെ ഈ ബിയര്‍ അടി രഹസ്യം, നിതിന്റെ അനിയത്തി വഴി, നീതു ചോര്‍ത്തി എടുത്തിരുന്നു. [ഈ കലാപരിപാടി അമ്മയോട് പറയുമെന്ന് എന്നെ ഭീഷണിപ്പെടുത്തി, നീതു ചില ഒഴിവുദിവസങ്ങളില്‍ എന്നെ അവളുടെ ഡ്രൈവര്‍ ആക്കാറുണ്ട്].

എന്തായാലും നന്ദനയുടെ പെട്ടന്നുള്ള ഈ മാറ്റം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. എനിക്ക് ഒരു മാറ്റം വളരെ അത്യാവശ്യമായി തോന്നി. ഞാന്‍ നിതിനുമായി സംസാരിച്ചു. ഇവിടത്തെ ഓഫീസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളൂ. ശരിയായ കാരണം പറഞ്ഞില്ല. ചിലപ്പോള്‍ അവന്‍ എന്നെ കളിയാക്കിയാലോ...  പൂനെയില്‍ അവന്റെ HoD [ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ്]-യുമായി അവന്‍ സംസാരിക്കാമെന്ന് ഏറ്റു. അടുത്ത ദിവസം തന്നെ അവന്റെ കോള്‍ വന്നു. അതനുസരിച്ച് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ കൊടുത്തു. OK.

നീതു അവളുടെ വീട്ടില്‍ ആയിരുന്ന സമയം നോക്കി ഞാന്‍ അമ്മയോട് കാര്യം പറഞ്ഞു. ഉടന്‍ മറുപടി വന്നു:

"എന്റെ മോന്‍ ബോംബയിലുള്ള ജോലി ഒക്കെ ചെയ്‌താല്‍ മതി. വീട്ടില്‍ ആയിട്ട് തന്നെ നേരെ ചൊവ്വേ ഭക്ഷണം കഴിക്കുന്നില്ല., പിന്ന്യാ ഇനി പൂനെയില്‍ പോയാല്‍ ..."

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഞാന്‍ ദാരിദ്ര്യരേഖക്ക് താഴെ ആയിരുന്നു. പക്ഷെ, അത് ഇങ്ങനെ ഒരു കുരിശ് ആകുമെന്ന് വിചാരിച്ചില്ല. രാത്രി ഞാന്‍ ഒന്നും കഴിക്കാതെ കിടന്നു. അമ്മ വന്നു വിളിച്ചപ്പോള്‍ വിശപ്പില്ല എന്ന് പറഞ്ഞു. നീതുവിനെ അന്ന് ആ വഴിക്കൊന്നും കണ്ടില്ല. നന്ദനയെ ഓര്‍ത്തു. ഒന്ന് വിളിച്ച് നോക്കിയാലോ? വേണ്ട. എന്റെ വാശിയും, അഭിമാനവും എന്നെ അതില്‍നിന്നും പിന്തിരിപ്പിച്ചു.

എന്തായാലും അടുത്ത ആഴ്ച നിതിന്‍ പൂനയില്‍നിന്നും വരുന്നതുവരെ ഞാന്‍ കാത്തു. അവന്‍ അമ്മയെ ബോദ്ധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചു:

 "ആന്റി ടെന്‍ഷന്‍ അടിക്കൊന്നും വേണ്ട... ഞങ്ങളുടെ ഫ്ലാറ്റില്‍ തന്നെ ആയിരിക്കില്ലേ അവനും. We will take care ...."

പക്ഷെ, അമ്മയുടെ മുഖത്ത് ആ ഒരു വിശ്വാസം കാണാനില്ലായിരുന്നു. അവസാനം മനസ്സില്ലാ മനസ്സോടെ പറഞ്ഞു:

"ഞാന്‍ ഒന്ന് ആലോചിക്കട്ടെ..."

അത് കേട്ടപ്പോള്‍ ‍, ഒരു പക്ഷെ സമ്മതിച്ചേക്കും  എന്ന്  എനിക്ക് തോന്നി. അന്ന് തന്നെ, ജോലി ചെയ്തുകൊണ്ടിരുന്ന ഓഫീസിലേക്ക്,  resignation മെയില്‍ ചെയ്തു. 15 ദിവസത്തെ മുന്‍‌കൂര്‍ നോട്ടീസ് കൊടുക്കണമായിരുന്നു അവിടെ.

സന്ധ്യയായപ്പോള്‍ നീതു വന്ന് എന്നെ വിളിച്ചു, പുറത്ത് പോകാന്‍ വേണ്ടി. ഒഴിവുദിവസങ്ങളില്‍ അവളുടെ ചെറിയ ചെറിയ purchasing-ന് ഞങ്ങള്‍ ഒരുമിച്ചു പുറത്ത് പോകാറുണ്ട്. എല്ലാം കഴിഞ്ഞ് പാനി പൂരിയോ, ഐസ്ക്രീമോ വാങ്ങിക്കൊടുത്താല്‍ ആള് ഹാപ്പി. ഞാന്‍ ബൈക്കിന്റെ ചാവിയുമെടുത്ത് കൂടെ നടന്നു. കോറിഡോറില്‍ വച്ച് ഞാന്‍ അവളെ ഒന്ന് പാളി നോക്കി. സുന്ദരമായ മുഖത്ത് പതിവില്ലാത്ത ഗൌരവം. അമ്മ ഇവളോട്‌ പറഞ്ഞിരിക്കുമോ എന്ന് സംശയം തോന്നി.

നേരെ shopping mall-ലേക്ക് എടുക്കുമ്പോള്‍ അവള്‍ പറഞ്ഞു:
“No. Let’s go to lake” [വേണ്ട. lake-ന്റെ  അവിടേക്ക് പോകാം]
“Nothing to purchase?” [ഒന്നും വാങ്ങാനില്ലേ?]
“No. I want to talk to you”. [ഇല്ല. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്]

ബൈക്ക് കുറച്ചു മാറി പാര്‍ക്ക്‌ ചെയ്ത്, ഞങ്ങള്‍ lake-ന്റെ കരയിലൂടെ നടന്നു. ഇത് കാര്യം അത് തന്നെ. എനിക്ക് ഉറപ്പായി. ഞങ്ങള്‍ ആളൊഴിഞ്ഞ ഭാഗം നോക്കി ഇരുന്നു. നീതു നേരിട്ട് ചോദ്യത്തിലേക്ക് കടന്നു:

"Pune kyon jaa rahe ho?" [എന്തിനാ പൂനെയില്‍ പോകുന്നെ?]
"I need a change….that’s all." [ഒരു മാറ്റം... അത്ര തന്നെ]
"But, why? What do you feel lack here?" [എന്തിന്? ഇവിടെ എന്താണൊരു കുറവ്?]
ഞാന്‍ മറുപടി പറഞ്ഞില്ല.

"Maa ko bilkul pasand nahin…" [അമ്മക്ക് ഒട്ടും ഇഷ്ടമില്ല...]
"I know that…" [അറിയാം]
"Maa ko bahut akelaapan mehsoos hogi…" [അമ്മക്ക്  വല്ലാതെ ഒറ്റപ്പെട്ടതുപോലെ തോന്നും..]
അവള്‍ വീണ്ടും പിറുപിറുത്തു. 

അതിനെനിക്ക് മറുപടി ഇല്ലായിരുന്നു. ഒരു നിമിഷം അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെ ചെറിയ ഒരു അമ്പരപ്പ്. ഞാന്‍ അതുവരെ ഇല്ലാത്ത ഒരു സ്നേഹവായ്പ്പോടെ ചോദിച്ചു:

“Tu… tu rahegi na maa ke saath?” [നീ.. നീ ഉണ്ടാവില്ലേ അമ്മയുടെ ഒപ്പം?]
“Yes… ALWAYS ….” [ഉണ്ടാകും... എന്നും..]

അവള്‍ കൈവിരലുകള്‍ എന്റെ വിരലുകളോട് കോര്‍ത്തു, എന്തോ ഒരു ഉറപ്പ് കിട്ടിയതുപോലെ. ഞാന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ കണ്ണുകളില്‍ പ്രകാശം പൂത്തുലയുന്നത് അന്ന് ആദ്യമായി ഞാന്‍ കണ്ടു. ആ പ്രകാശം എന്നിലേക്കും പടര്‍ന്നു, ഒരു ആശ്വാസമായ് ... സന്തോഷമായ് ...   

പക്ഷെ, ആ സന്തോഷം എന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ മടിച്ചു നിന്നു. 

 ആറ്

പൂനയില്‍ ഞങ്ങള്‍ 4 പേര്‍ ആയിരുന്നു ഒരു ഫ്ലാറ്റില്‍ . ഒരു 5-സ്റ്റാര്‍ വായില്‍നോട്ടത്തിനുള്ള എല്ലാ സെറ്റപ്പും ഉള്ള ഫ്ലാറ്റ്. 2nd Floor. ബാല്‍ക്കണിയില്‍ നിന്നാല്‍ റോഡും, building-ന്റെ gate-ഉം വളരെ നന്നായി കാണാം. ഞങ്ങള്‍ അറിയാതെ ഒരു ഈച്ച സുന്ദരിപോലും അകത്തുകയറില്ല  എന്ന് അര്‍ത്ഥം. ടൂവീലറില്‍ പാഞ്ഞുപോകുന്ന സുന്ദരിമാരുടെ സ്പീഡ് മൂലം ഉണ്ടാകുന്ന "അപകടം" കുറയ്ക്കാനായി ഞങ്ങളുടെ ഗേറ്റിനുമുന്നില്‍ [മറ്റെവിടെയും ആകരുത്] ഒരു speed-breaker കൂടി വേണമെന്ന് ഒരു അഭിപ്രായം ഞങ്ങളില്‍ ചിലര്‍ക്ക് ഉണ്ടായിരുന്നു.

ഭക്ഷണം working days-ല്‍ പകല്‍ ഓഫീസ് Food Corner-ല്‍ ‍;  രാത്രി ഹോട്ടലില്‍നിന്നും‍. Sat & Sun ഞങ്ങളുടെ പാചക കീചക പരീക്ഷണങ്ങള്‍ . പാചകത്തിലുള്ള എന്റെ "കൈപ്പുണ്ണ്യം" കണക്കിലെടുത്ത് എനിക്ക് കിട്ടിയ പണി ഉള്ളി തൊലി പൊളിക്കല്‍ , പ്ലേറ്റ് കഴുകല്‍ തുടങ്ങിയവ ആയിരുന്നു. [കുറച്ചുനാള്‍  കഴിഞ്ഞപ്പോള്‍ പച്ചക്കറി നുറുക്കുന്നതിലേക്ക് പ്രമോഷന്‍ ആയി]. 

ഞങ്ങളുടെ ഗ്രൂപ്പിലെ ഏക പെണ്‍തരി  ആയ പിങ്കി ഘോഷാല്‍ എന്ന ബംഗാളി ചേച്ചി [താമസം ഒരുമിച്ച് അല്ല, കേട്ടോ] week end-ല്‍  ഇടക്കെല്ലാം ഞങ്ങളുടെ ഒപ്പം കൂടും. പെണ്‍കുട്ടികള്‍ വേറെയും കൂടെ ജോലി ചെയ്തിരുന്നെങ്കിലും ഞങ്ങളെ സഹിക്കാന്‍ ഉള്ള മനക്കരുത്തും, തൊലിക്കരുത്തും  ഈ ചേച്ചിക്കെ ഉണ്ടായിരുന്നുള്ളൂ. പിങ്കി കൂടെ ഉള്ള ദിവസം ഞങ്ങള്‍ എല്ലാ പുലികള്‍ക്കും ഒരു പ്രത്യേക ഊര്‍ജ്ജം ആയിരിക്കും വീട്ടിലെ ജോലികള്‍ ചെയ്യാന്‍ .

സാവധാനം എന്റെ mood off  എല്ലാം മാറിത്തുടങ്ങി. 3.30 PM -ന് എന്റെ ഷിഫ്റ്റ്‌ കഴിയും. ഓഫീസില്‍ മൊബൈല്‍ഫോണ്‍  ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ എല്ലാവരും ഞങ്ങളാല്‍ കഴിയുംവിധം അത് ലംഘിക്കാന്‍ ആത്മാര്‍ത്ഥമായി ഉത്സാഹിച്ചുപോന്നു. കൃത്യം 3.30-ന്  തന്നെ അമ്മ എല്ലാ ദിവസവും എന്നെ വിളിച്ചിരുന്നു. നീതുവിന് അത്തരം കൃത്യനിഷ്ഠയൊന്നും ഇല്ലായിരുന്നു. വായില്‍ തോന്നിയ സമയത്ത് എല്ലാം വിളിക്കും. ഇതിനിടയിലും നന്ദനയുടെ ഒരു ഫോണ്‍ വിളിക്കായി ഞാന്‍ വെറുതെ ആശിച്ചു.

രണ്ടുമൂന്ന് മാസം അങ്ങനെ കടന്നുപോയി. Work load കൂടുതല്‍ ആയിരുന്നെങ്കിലും, ഒരു തരത്തില്‍ എനിക്ക് അതൊരു അനുഗ്രഹമായിരുന്നു. മനസ്സിനെ കൂടുതല്‍ അലയാന്‍ വിടാന്‍ സമയം കിട്ടിയിരുന്നില്ല. ഒന്നിടവിട്ടുള്ള week-end കളില്‍ ഞാന്‍ മുംബൈക്ക് പോകുമായിരുന്നു. ഞാന്‍ പൂനക്ക് പോന്നതിനുശേഷം രാത്രിയിലും നീതു ആണ് അമ്മക്ക് കൂട്ട്. അവള്‍  വീട്ടിലുള്ളപ്പോള്‍ ഏതുനേരവും ചിലച്ചുകൊണ്ടിരിക്കും. ഒരാള്‍ക്ക്‌ ഇത്രയും അധികം സമയം സംസാരിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അവളുടെ ഇംഗ്ലീഷും, മലയാളവും, ഹിന്ദിയും, മറാത്തിയും കൂടിക്കലര്‍ന്ന 'അവിയല്‍ ഭാഷ' ഏറ്റവും നന്നായി മനസ്സിലാകുന്നതും അമ്മക്ക് തന്നെ ആയിരുന്നു. അമ്മ മാത്രമേ അവളോട്‌ മറുപടി പറയാനും മിനക്കെടാറുള്ളൂ [അവള്‍ക്ക് അത്തരം നിര്‍ബന്ധം ഒന്നും ഇല്ലെങ്കിലും]. രണ്ടുവീടുകളിലും TV കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശബ്ദം ഉണ്ടാക്കുന്നതും ഇവള്‍ തന്നെ.

ഒരു ദിവസം ഓഫീസിലെത്തി കുറച്ചുകഴിഞ്ഞതും നീതുവിന്റെ ഡാഡിയുടെ ഫോണ്‍ :
"മോന്‍ എവിട്യാ, ഓഫീസില്‍ ആണോ?"
"അതെ അങ്കിള്‍ ‍. അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ?"
"അമ്മക്ക് ഒരു ചെറിയ തലകറക്കം. hospitalise-ചെയ്തിരിക്കയാണ്. "
ഒരു ഇടിവാള്‍ എന്റെ ഉള്ളിലൂടെ പാഞ്ഞുപോയി.
 "ഞാന്‍ ഉടനെ വരാം അങ്കിള്‍ "
"ശരി. പേടിക്കാന്‍ ഒന്നും ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. എങ്കിലും മോന്‍ വായോ"   
ഞാന്‍ അപ്പോള്‍ തന്നെ HoD യെ കണ്ട് അനുവാദം വാങ്ങി. നിതിനും അതേ ഷിഫ്റ്റ്‌ ആയിരുന്നു. അവനോട് വിവരം പറഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു:
“Mein bhi aana hai kya?” [ഞാനും കൂടി വരണോ]
“Nahin re. Koi zaroorat hai to mein call karoonga” [വേണ്ട. എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ ഞാന്‍ വിളിക്കാം].

ഞാന്‍ ഉടനെ മുംബൈക്ക് തിരിച്ചു. ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അമ്മ ICU-ല്‍ ആയിരുന്നു. ഡോക്ടറുമായി സംസാരിച്ചു. Mild attack ആണ്. പേടിക്കാനില്ല. Observation-ല്‍ ആണ്.  ഏതായാലും എന്നെ അകത്തുകടന്നു അമ്മയെ കാണാന്‍ അനുവദിച്ചു.

എന്നെ കണ്ടതും അമ്മ ക്ഷീണിച്ച സ്വരത്തില്‍ പറഞ്ഞു:
"എനിക്ക് കുഴപ്പം ഒന്നും ഇല്ല കുട്ടാ. മോന്‍ പേടിച്ച്വോ?"
ഇല്ല എന്ന് പറഞ്ഞില്ല. ഞാന്‍ കള്ളം പറഞ്ഞാല്‍ അമ്മക്ക് പെട്ടന്ന് മനസ്സിലാകും. അതുകൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു:
"ഡോക്ടര്‍ , കൂടുതല്‍ സംസാരിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്."

ഞാന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു കുറച്ചുനേരം അടുത്ത് ഇരുന്നു.
"നീതു എവിടെ?" അമ്മ ചോദിച്ചു.
"പുറത്ത് നില്‍പ്പുണ്ട്. ഞാന്‍ ചെന്നിട്ട് അവളെ പറഞ്ഞയക്കാം ".
ഒരേ സമയം ഒരാളെ മാത്രമേ അകത്തുകടക്കാന്‍ അനുവദിച്ചുള്ളു. ഞാന്‍ പുറത്ത് കടന്നു.

"കൂടുതല്‍ സംസാരിപ്പിക്കരുത്."
അകത്തോട്ട് കയറുമ്പോള്‍ നീതുവിനെ  അങ്കിള്‍ ഓര്‍മ്മിപ്പിച്ചു. പത്ത് മിനിറ്റിനുശേഷം നീതു പുറത്ത് വന്നു. വരുമ്പോള്‍ കണ്ണ് നിറഞ്ഞിട്ടുണ്ടെന്നു തോന്നി. അവള്‍ വല്ലാതെ പേടിച്ചിരിക്കുന്നു.

രണ്ടുദിവസം കഴിഞ്ഞതും അമ്മയെ റൂമിലേക്ക്‌ മാറ്റി. പിന്നെയും അഞ്ച് ദിവസങ്ങള്‍ കൂടി കഴിഞ്ഞു. അപകടനില തരണം ചെയ്തിരിക്കുന്നു. ഹോസ്പിറ്റല്‍ അന്തരീക്ഷം അമ്മക്ക് തീരെ ഇഷ്ടമല്ല. അമ്മ വീട്ടിലേക്ക് പോകുവാന്‍ ധൃതി കൂട്ടിതുടങ്ങി. അശോക്‌ അങ്കിള്‍ ഡോക്ടറുമായി  സംസാരിച്ചു. നാളെ discharge ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷെ, ഇതേപോലെ വീട്ടിലും വിശ്രമം നിര്‍ബ്ബന്ധമായി  വേണമെന്ന് പറഞ്ഞു. 

അടുത്ത ദിവസം രാവിലെ തന്നെ അങ്കിളും, നീതുവും വന്നു. അവര്‍ വന്നപ്പോള്‍ ഞാന്‍ റൂമില്‍ നിന്നും പുറത്തേക്കിറങ്ങി. ഒന്ന് രണ്ട് മാഗസിനും വാങ്ങി റൂമിലേക്ക്‌ തിരിച്ചു. തിരിച്ചുവരുമ്പോള്‍ നേഴ്സ്മാര്‍ ഞങ്ങളുടെ റൂമിലേക്ക്‌ ഓടിപ്പോകുന്നു. പിന്നാലെ ഡ്യൂട്ടി ഡോക്ടറും തിരക്കിട്ട് പോകുന്നു. അവര്‍ക്ക് പിന്നാലെ ഞാനും ഓടി. അമ്മയെ സ്ട്രെച്ചറില്‍ കിടത്തി വീണ്ടും ICU-വിലേക്ക്. അങ്കിള്‍ ഞങ്ങളോട് റൂമില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് അവരുടെ കൂടെ പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ ICU വിന്റെ മുന്നില്‍ ചെന്ന് നിന്നു. അപ്പോള്‍ അങ്കിള്‍ എന്നെ നിര്‍ബന്ധിച്ചു റൂമിലേക്ക്‌ തന്നെ തിരിച്ചയച്ചു. കുറെ സമയം കഴിഞ്ഞ്‌ അങ്കിള്‍ റൂമിലേക്ക്‌ വന്നു. ഞങ്ങള്‍ രണ്ടുപേരുടെയും മുഖത്ത് നോക്കാതെ വീണ്ടും റൂമിന് പുറത്തേക്ക് ഇറങ്ങി നിന്നു. ഡ്രൈവറെ വിളിച്ച് എന്നെയും, നീതുവിനെയും വീട്ടില്‍ ആക്കാന്‍ പറഞ്ഞു. എന്റെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന് എനിക്ക് ഭീതി തോന്നി.  ഹോസ്പിറ്റലിലേക്ക് വരാന്‍ ഒരുങ്ങുന്ന ആന്റിക്ക് ഫോണ്‍ ചെയ്ത്,  "കുട്ടികളെ അങ്ങോട്ട്‌ അയക്കുന്നുണ്ട്" എന്ന് പറഞ്ഞു. ആന്റി എന്തോ ചോദിച്ചിരിക്കണം. അതിന്റെ മറുപടിയായി "പോയി" എന്ന് പറഞ്ഞതും ഞാന്‍ കേട്ടു. ഞാന്‍ ശരിക്കും അനാഥനായി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കണ്ണില്‍ ഇരുട്ട് നിറഞ്ഞു. നീതുവിന്റെ ഒരു തേങ്ങല്‍ ഞാന്‍ കേട്ടു; ഒരുപാട് ദൂരെ നിന്നും.

*                          *                             *                          *

നിലവിളക്കിന്റെ താഴെ, ചുവന്ന തുണിയില്‍ പൊതിഞ്ഞ ചെറിയ ഒരു മണ്‍കുടത്തില്‍ അമ്മ __ ഇന്നുകൂടി എന്റെ കൂടെ ഉണ്ടായിരിക്കും. നാളെയാണ് നിമജ്ജനം, നാസിക്കില്‍ കൊണ്ടുപോയി...
മോനെ ഈ ലോകത്ത് ഒറ്റയ്ക്ക് വിട്ട്, യാത്ര പോലും പറയാതെ... 
തോരാന്‍ മടിച്ച എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.

പൂനയില്‍നിന്നും വന്ന സുഹൃത്തുക്കള്‍ അന്ന് തന്നെ
തിരിച്ചുപോയിരുന്നു. നാട്ടില്‍നിന്നും വന്നവരില്‍ ഏറ്റവും അവസാനം  ആണ്   അമ്മാവനും,  അമ്മായിയും തിരിച്ചുപോയത്.  അമ്മയുടെ മരണവിവരം അറിഞ്ഞതോടെ അമ്മമ്മ കിടപ്പിലായിരുന്നു. അമ്മമ്മയെ അടുത്ത വീട്ടുകാരുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് ആണ് അവര്‍ മുംബൈക്ക് വന്നത്.

വീട്ടില്‍ ആള് ഒഴിഞ്ഞതോടെ എനിക്ക് ധൈര്യമായി കരയാം എന്ന് ആയി. എന്നാലും നീതുവിന്റെ മുന്നില്‍ ഞാന്‍ പിടിച്ചു
നിന്നേ പറ്റൂ. അമ്മ മരിച്ച അന്ന് രാത്രി അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടി വന്നു. പെട്ടന്നുള്ള അമ്മയുടെ വേര്‍പാട് അവള്‍ക്ക് വല്ലാത്ത ഷോക്ക്‌ ആയി. അതില്‍നിന്നെല്ലാം മോചനം നേടി വരുന്നതെ ഉള്ളു.

നന്ദന മാത്രം വിവരം അറിഞ്ഞിട്ടില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കുമോ എന്ന് അറിയില്ല. എന്തായാലും ഒന്ന് വിളിക്കുക തന്നെ. ആരുമില്ലാത്തവനായ ഒരാള്‍ക്ക്‌ ഇനി വാശി വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. പെട്ടന്ന് silent mode ല്‍ കിടന്ന ഫോണ്‍ vibrate ചെയ്യാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ എടുത്തു. display ല്‍ നോക്കി ഞാന്‍ അത്ഭുതപ്പെട്ടു. അത് ശിവനന്ദനയുടെ call ആയിരുന്നു.ഏഴ്

ഞാന്‍ സെല്‍ഫോണ്‍ ചെവിയോടു ചേര്‍ത്തു:
"ഹലോ"
"സുഖമാണോ?" നന്ദനയുടെ നേര്‍ത്ത ശബ്ദം
"അസുഖം ഒന്നും ഇല്ല" ഞാന്‍ പറഞ്ഞു
"എന്താ ശബ്ദത്തിന് ഒരു വ്യത്യാസം?"
"കുറെ കാലമായില്ലേ വിളിച്ചിട്ട്, അതുകൊണ്ട് ഇയാള്‍ക്ക് തോന്നുന്നതായിരിക്കും"
"ഒരു വര്‍ഷത്തിലധികം ഞാന്‍ കേട്ട ശബ്ദം അല്ലെ, വ്യത്യാസം എനിക്ക് മനസ്സിലാകും"
"നല്ലത്"
കുറച്ചു സമയം വല്ലാത്ത ഒരു നിശ്ശബ്ദത.

"എന്നോട് ഒന്നും പറയാനില്ലേ?"
"ഒരു വിശേഷം ഉണ്ട്. അമ്മ മരിച്ചു; കഴിഞ്ഞ 16 ന്."
"കടവുളേ... എന്തായിരുന്നു അസുഖം?"
എല്ലാം ചുരുക്കി പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോള്‍
സങ്കടത്തോടെ അവള്‍ ചോദിച്ചു:
"ഞാന്‍ ഇനി എന്ത്, എങ്ങനെ പറഞ്ഞ് ആണ് നിന്നെ ആശ്വസിപ്പിക്കുക?"
"നിന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ ഇപ്പോള്‍ എനിക്ക് ആശ്വാസം ആണ്. ആദ്യം ഞാന്‍ നിന്നെ അറിയിക്കേണ്ട എന്ന് കരുതി. പിന്നെ തോന്നി ഇത് മാത്രമായിട്ട്‌ നിന്നെ അറിയിക്കാതിരിക്കുന്നത് ശരിയല്ല എന്ന്. അപ്പോള്‍ ആണ് നീ ഇങ്ങോട്ട് വിളിച്ചത് "


"നീ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതില്‍ എന്നോട് ദേഷ്യം തോന്നിയിരുന്നോ?"
"ആദ്യമെല്ലാം തോന്നിയിരുന്നു. അതുകൊണ്ട് തന്നെ, ഇനി എന്ത് വന്നാലും ഞാന്‍ വിളിക്കില്ല എന്ന് വാശി ആയി. വല്ലാതെ പാടുപെട്ടു മനസ്സിനെ നിയന്ത്രിക്കാന്‍ ".
"എന്റെ കാര്യവും അങ്ങനെ തന്നെ. ഫോണ്‍ അടിക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. പലപ്പോഴും എടുക്കാന്‍ തുനിയും." അവളുടെ ശബ്ദം ഇടറുന്നത് ഞാന്‍ അറിഞ്ഞു.

"ഒരിക്കല്‍ ഞാന്‍ അമ്മയോട് പറഞ്ഞാലോ എന്ന് വിചാരിച്ചു ..."
"എന്ത്?"
"എനിക്ക് നിന്നെ വേണമെന്ന്..."
അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ ആയിരുന്നു അതിന്റെ മറുപടി.

"ഞാന്‍ നിന്നോട് എത്രയോ തവണ ചോദിച്ചു. അപ്പോഴെല്ലാം നീ പറഞ്ഞു ഞാന്‍ ഒരു നല്ല ഫ്രണ്ട് മാത്രമാണെന്ന്. ഒരിക്കല്‍ പോലും നീ സമ്മതിച്ചില്ലല്ലോ.... "  

ഏങ്ങലടികളില്‍ നന്ദനയുടെ വാക്കുകള്‍ മുറിഞ്ഞു.

"നിനക്ക് മുംബൈ ഇഷ്ടമല്ലെന്ന് അല്ലെ നീ പറഞ്ഞത്?"
"അത് നിന്റെ കാര്യം അല്ലല്ലോ. മുംബയില്‍നിന്ന് ആരുടെയോ ഒരു proposal വന്നു. അപ്പൊ ഞാന്‍ അങ്ങനെ പറഞ്ഞു. നീ അങ്ങനെ ചോദിച്ചിരുന്നെങ്കില്‍ , നിനക്ക് തോന്നുന്നുണ്ടോ ഞാന്‍ വേണ്ട എന്ന് പറയുമെന്ന്?"
വാക്കുകളില്‍ ദേഷ്യവും, സങ്കടവും നിറഞ്ഞിരുന്നു.
 

എനിക്ക് ഒന്നും പറയുവാനില്ലായിരുന്നു. 

"ഇനി പറഞ്ഞിട്ട് കാര്യമില്ല. വല്ലാതെ വൈകിപ്പോയി... 
ഏപ്രിലില്‍ എന്റെ കല്യാണം ഉണ്ടാകും." 
നന്ദനയുടെ ശബ്ദം തേങ്ങലുകളില്‍ മുങ്ങിപ്പോയി.

ഉള്ളില്‍ ചെറിയ ഒരു നീറ്റല്‍ ഉണ്ടായെങ്കിലും, ശബ്ദത്തില്‍ നിര്‍വ്വികാരത വരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു:
"All the Best "

"നീ വിഷമിക്കരുത്. ഞാന്‍ എന്നും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്."
ഞാന്‍ തിരിച്ചൊന്നും മിണ്ടിയില്ല.
"ഞാന്‍ മറ്റൊന്നുകൂടി
ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ട്"
"എന്ത്?"
"അടുത്ത ജന്മത്തില്‍ എങ്കിലും നമ്മളെ ഒന്നിപ്പിക്കണമെന്ന് ...."
സംഭാഷണം തുടരാനാവാതെ
തേങ്ങിക്കരഞ്ഞുകൊണ്ട് നന്ദന ഫോണ്‍ വച്ചു.  പിന്നീട് വിളിച്ചില്ല, ഒരിക്കല്‍പോലും.

 *                  *                   *                *

ലാപ്‌ ടോപ്പില്‍ പാട്ട് അവസാനിച്ചിരിക്കുന്നു. ഞാന്‍ headphone ഊരിവച്ച് ബാല്‍ക്കണിയില്‍ ചെന്ന് നിന്ന് ആകാശത്തേക്ക് നോക്കി. ഒരുപാട് നക്ഷത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു. മരിച്ചുപോയവര്‍ നക്ഷത്രങ്ങളായി ആകാശത്ത് പ്രത്യക്ഷപ്പെടുമായിരുന്നു, ചെറുപ്പത്തില്‍ കേട്ട കഥകളില്‍ .  ഇതില്‍ ഏതാണ്, മോനെ അനാഥനാക്കി പോരേണ്ടി വന്നതില്‍ ദു:ഖിക്കുന്ന രണ്ട് നക്ഷത്രങ്ങള്‍ ? മകന്റെ ദീര്‍ഘായുസ്സിനുവേണ്ടി നെയ്ത്തിരി വച്ച് പ്രാര്‍ഥിക്കാന്‍ വെമ്പുന്ന രണ്ട് ആത്മാക്കള്‍ ? കഠിനമായ വ്യഥയോടെ, എന്റെ കണ്ണുകള്‍ ഒരു ആലംബത്തിനായി ആകാശത്ത് പിന്നെയും പിന്നെയും തിരഞ്ഞ്, നിരാശയോടെ പിന്‍വാങ്ങി.


എവിടെയോ ഒരു പെണ്‍കുട്ടി ഈ ജന്മം എങ്ങനെയോ ജീവിച്ചു തീര്‍ക്കുന്നു__ മറ്റൊരു ജന്മത്തിനായുള്ള കാത്തിരിപ്പില്‍ ....

അതിരറ്റ സ്നേഹത്തോടെ, വാത്സല്യത്തോടെ ശിവനന്ദനയെ ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്  ഞാന്‍ എന്റെ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നു വച്ചു; അടുത്ത ജന്മത്തിലേക്കായി.....


~~~~~~~~~ *  ~~~~~~~~~ *  ~~~~~~~~~ *  ~~~~~~~~~ Image courtesy: Google
 

Template by:

Free Blog Templates