Saturday, May 21, 2011

അനൌണ്‍സര്‍ അപ്പുണ്ണി

.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .....


റെയില്‍വേ സ്റ്റേഷനില്‍ ഈ അനൌണ്‍സുമെന്റ് കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ അപ്പുണ്ണിയെ ഓര്‍ക്കാറുണ്ട്__ 


അപ്പുണ്ണിയുടെ ഒരേയൊരു വീക്ക്‌നസ്സ് ആയിരുന്നു മൈക്ക്. മൈക്കിലൂടെ സ്വന്തം ശബ്ദം നാട്ടുക്കാരെ കേള്‍പ്പിക്കാനുള്ള ഒരു അവസരവും അപ്പുണ്ണി പാഴാക്കാറില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു Registered Announcer ഇല്ലാത്തതുകൊണ്ട്, സൌജന്യ കന്നുകാലി ചികിത്സ ക്യാമ്പ് നടത്തുന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ വഴിയില്ലാതെ പഞ്ചായത്ത് പ്രസിഡണ്ട്‌  ഓടിപ്പായുന്നതായി  ആരോ അപ്പുണ്ണിയോട്  അറിയാതെ ഒന്ന് പറഞ്ഞ് പോയി. അടുത്ത പത്ത് നിമിഷത്തിനുള്ളില്‍ അപ്പുണ്ണി, പ്രസിഡണ്ട്‌ സമക്ഷം ഹാജര്‍ . അപ്പുണ്ണി ഇച്ഛിച്ചതും, പ്രസിഡണ്ട് കല്പിച്ചതും മൈക്ക്. ‌അപ്പുണ്ണി ആനന്ദസാഗരത്തില്‍ ആറാടി, എഴാടി അങ്ങനെ പത്തു വരെ ആടി.
പ്രസിഡണ്ട്‌ ഓഫര്‍ ചെയ്ത ഫണ്ട്‌ അപ്പുണ്ണി പോട്ടെ പുല്ലെന്ന് വച്ചു. മൈക്കിനുമെലെ ആണോ ഒരു ഫണ്ട്‌...!!!


ക്യാമ്പ് സ്ഥലം, ഞങ്ങളുടെ ഗ്രാമീണ വായനശാല തന്നെ. [വേറെ എവിടെയെങ്കിലും വച്ച് നടത്തുകയാണെങ്കില്‍ സ്ഥലത്തിന് വാടക കൊടുക്കേണ്ടിവരുമെന്ന്  പ്രസിഡന്‍ഡിന്   അറിയാം]. അപ്പുണ്ണി ഒട്ടും സമയം കളയാതെ, അനൌണ്‍സ്  ചെയ്യാനുള്ള "മാറ്റര്‍ " എഴുതാനായി പേനയും, കടലാസ്സുമായി എത്തി; 

"ഡാ ദിവാരാ.... അതൊന്ന് എഴുതിത്താ ഡാ   .... "

എഴുതിക്കഴിഞ്ഞതും അത് പിടിച്ചുവാങ്ങി ഒന്ന് വായിച്ചു നോക്കി അപ്പുണ്ണി സന്ദേഹത്തോടെ എന്നെ നോക്കി ചോദിച്ചു:

"ഒന്നുകൂടി ഉഗ്രനാക്കണോ ....?"

"ഇത് മൃഗങ്ങള്‍ടെ  അല്ലേടാ ... ഇത്രേ ഒക്കെ മതി. അടുത്തു തന്നെ കുഷ്ഠരോഗ നിവാരണ ക്യാമ്പ് വക്കുന്നുണ്ട്. അപ്പൊ മ്മക്ക് ഗംഭീരാക്കി എഴുതാം..." ഞാന്‍
പറഞ്ഞു.

അധികം താമസിയാതെ തന്നെ ഒരു കോളുകൂടി ഉണ്ടെന്ന് കേട്ടതും അപ്പുണ്ണി പ്രകാശിച്ചുകൊണ്ട് തുടര്‍ന്നടപടികളില്‍ വ്യാപൃതനായി.


പിന്നീടങ്ങോട്ട് അപ്പുണ്ണിക്ക്  tight schedule ആയിരുന്നു. [തെറ്റിദ്ധരിക്കല്ലേ... അനൌണ്‍സുമെന്റ് വകയില്‍ അപ്പുണ്ണി കാലണ പോലും ചാര്‍ജ് വാങ്ങാറില്ല. അത് അപ്പുണ്ണിയുടെ വക, ഞങ്ങള്‍ നാട്ടുകാര്‍ക്കുള്ള സേവനം ആണ്]. കന്നുകാലി, കുഷ്ഠരോഗം, പുകയില്ലാത്ത അടുപ്പ് ..... മൊത്തത്തില്‍ അപ്പുണ്ണിക്ക് നല്ല വര്‍ക്ക്‌ ലോഡ്. പക്ഷെ, പുകയില്ലാത്ത അടുപ്പില്‍ ചെറിയൊരു നാക്ക് പിഴവ് അഥവാ വാക്ക് പിഴവ് പറ്റി...

പുകയില്ലാത്ത അടുപ്പിനെപ്പറ്റിയുള്ള ബോധവല്‍ക്കരണത്തിനുവേണ്ടി, അടുത്തുള്ള അമ്പലത്തില്‍ കലം മയക്കുന്ന [പൊങ്കാല] ദിവസം ആണ് പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്തത്. അമ്പലപ്പറമ്പില്‍ തന്നെ ഒരു ചെറിയ ഷെഡ്‌ കെട്ടി demonstration ന് വേണ്ടി അടുപ്പ് തയ്യാറാക്കി വച്ചു. കുരങ്ങ് തന്റെ കുഞ്ഞിനെ എന്ന പോലെ അപ്പുണ്ണി, മൈക്കും നെഞ്ചത്ത്‌ ചേര്‍ത്ത് പിടിച്ച്‌ [താഴെ വച്ചാല്‍ വേറെ ആരെങ്കിലും എടുത്തു അനൌണ്‍സുമെന്റ് തുടങ്ങിയാലോ] മുന്നില്‍ തന്നെ അടുപ്പിന്റെ അടുത്ത്, കുറ്റി തറച്ച പോലെ നിന്നു. പെണ്‍പിള്ളേരുടെ പ്രവാഹം കണ്ട്, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ എണ്ണത്തിനെ നോക്കുക എന്ന പോളിസിയില്‍ ഞങ്ങള്‍
"ചെത്ത്‌"കള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയായിരുന്നു.

അപ്പോള്‍ അതാ വരുന്നു ഉജാല കമ്പനിയില്‍ ജോലി ചെയ്യുന്ന ദമയന്തിചേച്ചി. ദയ
മന്തി ചേച്ചി എന്ന് വിളിച്ചാലും തെറ്റൊന്നും ഇല്ലാത്ത ഒരു ശരീരത്തിന് ഉടമ. ചേച്ചിയുടെ പല്ല് മാത്രമേ ഉജാല compatible ആയി ഉള്ളു. ശരീരം കണ്ടാല്‍ അമാവാസിക്ക്, അമാവാസിയില്‍, കറുത്ത വാവിന്റെ അന്ന് ഉണ്ടായ മോള് ആണെന്നേ  ആരും പറയൂ.

ദമയന്തി ചേച്ചിയെ കണ്ടപ്പോള്‍ നിര്‍ദോഷമായ ഒരു ആത്മഗതം അപ്പുണ്ണിയില്‍ നിന്നും പുറത്ത് വന്നു__


"ഈ ദമയന്ത്യേച്ചിക്ക് കൊറച്ച് ഉജാല കുടിച്ചൂടെ ... ആ ശരീരെങ്കിലും ഒന്ന് വെളുക്കും..!!"

മൈക്ക് ഓണ്‍ ചെയ്തിരുന്ന കാര്യം അപ്പുണ്ണി അറിയാതെയാണോ അതോ മറന്നു പോയതോ??!!


രണ്ടായാലും, പുകയില്ലാത്തെ അടുപ്പിന്റെ വിവരണത്തിനൊപ്പം വന്ന നിര്‍ദ്ദേശത്തെ നാട്ടുകാര്‍ കൂവിക്കൊണ്ട് എതിരേറ്റു.  

ദമയന്തിചേച്ചി വാളൊന്നും എടുക്കാതെ തന്നെ കോമരമായി അമര്‍ത്തിച്ചവുട്ടി നേരെ ഷെഡിനകത്തോട്ട്  കയറി വന്നു. അപ്പുണ്ണിയുടെ ചെവിയില്‍ പിടിച്ച്‌ കുറച്ച് നേരം ട്യൂണ്‍ ചെയ്ത് വന്ന പോലെ തന്നെ ഇറങ്ങി പോയി. ഒരു കുഴിമിന്നി പ്രതീക്ഷിച്ചത് വെറും ഒരു ചൈനീസ്‌ പടക്കത്തില്‍ ഒതുങ്ങിയതില്‍ ഞങ്ങള്‍ ആശ്വസിച്ചു. ഷേവ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ മീശ മുറിഞ്ഞു പോയതുകൊണ്ട് ക്ലീന്‍ ഷേവ് ചെയ്യേണ്ടിവന്നവന്‍ ചെയ്യുന്നതുപോലെ അപ്പുണ്ണി കുറച്ച് നേരം ചെവിയും പൊത്തിപ്പിടിച്ചു ഇരുന്നു.

എന്തായാലും ഈ സംഭവം കര്‍മ്മ രംഗത്ത് അപ്പുണ്ണിക്ക് ഒരു ബ്ലാക്ക്‌ മാര്‍ക്ക് ആയി. ഈ മാര്‍ക്ക്‌ ഒന്ന് പെയിന്റ് ചെയ്ത് വൈറ്റ് ആക്കാനുള്ള സാവകാശം കിട്ടുന്നതിനുമുന്പു തന്നെ അപ്പുണ്ണി വടകര, കണ്ണപുരം, മദ്രാസ്‌ തുടങ്ങിയ വിദേശ
രാജ്യങ്ങളിലേക്ക് പര്യടനത്തിന് ഇറങ്ങി. അവസാനം ബോംബെ എന്ന ഗ്രഹത്തില്‍ തമ്പടിച്ചു. അവിടെനിന്നും അവന്റെ അമ്മക്ക് ഒരു ഇമെയില്‍ [നമ്മടെ പഴയ ഇളം നീല നിറത്തിലുള്ള ഇന്‍ലാന്‍ഡ്‌ തന്നേന്നെ...] അയച്ചു. പക്ഷെ, From അഡ്രസ്സില്‍ "Appunni, Bombay" എന്ന് മാത്രമേ ഉള്ളു. ഇങ്ങനെ ഒക്കെ കത്തിന് അഡ്രസ്സ് എഴുതിയാല്‍ കിട്ടാന്‍ മാത്രം അപ്പുണ്ണി ബോംബെയില്‍ പ്രശസ്തനായതില്‍ ഞങ്ങള്‍ നാട്ടുകാര്‍ സന്തോഷിച്ചു.

പിന്നീട് അപ്പുണ്ണിയുടെ കത്തുകളൊന്നും തന്നെ വന്നില്ല. അപ്പുണ്ണിയുടെ അമ്മയുടെ അഭ്യര്‍ഥനയെ മാനിച്ച്, നാട്ടിലെ ഫോറന്‍സിക് ടീം [മറ്റുള്ളവരുടെ കുറ്റങ്ങളും, കുറവുകളും യാതൊരു ഉപകരണങ്ങളുടെയും സഹായം ഇല്ലാതെ തന്നെ കണ്ടുപിടിക്കുന്നവര്‍ ] അപ്പുണ്ണി അയച്ച കന്നി കത്ത് അതിവിദഗ്ദമായി പരിശോധിച്ച്  അത് അയച്ചിരിക്കുന്നത് ബോംബെ-25 ല്‍ നിന്നും  ആണെന്ന് തെളിയാത്ത തപാല്‍ മുദ്രയില്‍നിന്നും കണ്ടെത്തി.


ഇനി ബോംബെ-25 എവിട്യാണപ്പാ ??!!


അത് ബോംബെ-24 ന്റെ അടുത്താണെന്ന് നാണപ്പേട്ടന്‍ പ്രഖ്യാപിച്ചു. ഇദ്ദേഹം പണ്ടൊരിക്കല്‍ ഷിര്‍ദ്ദിയില്‍ സായിബാബ ദര്‍ശനത്തിന്‌ ഉള്ള യാത്രയില്‍ , ഹാലിയുടെ വാല്‍നക്ഷത്രം പോലെ, ബോംബെയ്ക്ക് 35 കിലോമീറ്റര്‍ അകലെക്കൂടി കടന്നു പോയിട്ടുണ്ട്. അതുകൊണ്ട് ബോംബെയെകുറിച്ച് നല്ല അറിവുണ്ട്.   

അധികം താമസിയാതെ, 
ആന  സഹായിച്ച്, ദിവാരേട്ടനും ബോംബയിലേക്ക് നാട് കടത്തപ്പെട്ടു. ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും അപ്പുണ്ണിയുടെ അമ്മ എന്നെ കാണാന്‍ വരും. പണ്ട് അപ്പുണ്ണി അയച്ച, പഴക്കം കൊണ്ട് നീല നിറം മാറി വെള്ളയായ കത്തും കയ്യില്‍ പിടിച്ചുകൊണ്ട്; അപ്പുണ്ണിയെ എങ്ങാനും കണ്ട്വോ എന്ന് അറിയാന്‍ . കുറച്ചു നേരം കരയും, തിരിച്ചു പോകും. ആരായാലും വേണ്ടില്ല, ബോംബയില്‍ ആണെന്ന് പറഞ്ഞാല്‍ ഉടനെ ആയമ്മ ചോദിക്കും, ബോംബെ എത്രയില്‍ ആണെന്ന്. അവരെ സംബന്ധിച്ചേടത്തോളം "ബോംബെ-25" എന്ന പേരില്ലാത്ത, നമ്പര്‍ മാത്രമുള്ള തുരുത്ത് ആയിരുന്നു അപ്പുണ്ണിയുടെ സ്ഥലം.

കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോള്‍ പതിവുപോലെ അപ്പുണ്ണിയുടെ അമ്മ വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ഇനിയും വരാത്ത അപ്പുണ്ണിയെ കാത്തുനില്‍ക്കാതെ, ആറുമാസം മുമ്പ് അവരും യാത്രയായി എന്ന്.


അപ്പുണ്ണിക്ക്  വേണ്ടിയുള്ള എന്റെ കണ്ണുകള്‍കൊണ്ടുള്ള  അന്വേഷണം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കാതോര്‍ക്കുന്നു__

ഏതെങ്കിലും, എവിടെയെങ്കിലും ഒരു മൈക്കിലൂടെയുള്ള അനൌണ്‍സുമെന്റുമായി അപ്പുണ്ണിയുടെ വരവിനായി ...

Image courtesy : coolclips.com

40 comments:

ചാണ്ടിച്ചായന്‍ said...

അപ്പുണ്ണി ഇന്ന് വല്ല അധോലോകരാജാവുമായിരിക്കും :-(

പട്ടേപ്പാടം റാംജി said...

ഒരു കുഴിമിന്നി പ്രതീക്ഷിച്ചത് വെറും ഒരു ചൈനീസ്‌ പടക്കത്തില്‍ ഒതുങ്ങിയതില്‍ ഞങ്ങള്‍ ആശ്വസിച്ചു.

സംഭവം വളരെ രസമായി അവതരിപ്പിച്ചിരിക്കുന്നു ദിവാരേട്ടാ.ഈ അപ്പുണ്ണി ഭാവനയല്ലല്ലോ. ഇതില്‍ പറഞ്ഞത്‌ പോലെ തന്നെയാണോ ഇപ്പോഴത്തെ അവസ്ഥ.

ajith said...

അപ്പുണ്ണിയെ കണ്ടാല്‍ അറിയിക്കാട്ടോ!!!

രമേശ്‌ അരൂര്‍ said...

ദിവാരേട്ടാ ഇത്രനാള്‍ ഇതെവിടെ ആയിരുന്നു ?
അപ്പുണ്ണിയെപ്പോലെ മുങ്ങി നടക്കുവാ യിരുന്നോ ?
അപ്പുണ്ണിയെക്കണ്ടാല്‍ പറയണം ട്ടോ ..:)അല്ലെങ്കില്‍ ഒരൈഡിയ പറയട്ടെ ? ഒരനൌന്‍സ്‌ മെന്റ് ഉണ്ടെന്നു അനൌണ്സ് ചെയ്‌താല്‍ അപ്പുണ്ണി ഏതു പാതാളത്തില്‍ ആണേലും ഇറങ്ങി വരില്ലേ ദിവാരേട്ടാ ..

Lipi Ranju said...

"Appunni, Bombay"
ഈ അപ്പുണ്ണി ശരിക്കും ഉള്ള കഥാപാത്രം തന്നെയാണോ ?
എങ്കില്‍ ഷാനവാസിക്ക "പുത്തോ" യെ കണ്ടു മുട്ടിയ
പോലെ എവിടെയെങ്കിലും വച്ച് വീണ്ടും കാണും എന്നു തന്നെ കരുതാം

jyo said...

അപ്പുണ്ണി ബോംബെ രസകരമായി.

സീത* said...

ന്നാലും ദിവാരേട്ടോ ഈ അപ്പുണ്ണിയെങ്ങട് പോയി....

നിശാസുരഭി said...

ഉജാല ബോംബെ ലാബറട്ടറീസിന്റെ അല്ലെ?
അവ്ടെത്തെ മാനേയരായ്ക്കാണും മ്മ്ടെ കൊച്ചുണ്ണി, അല്ല അപ്പുണ്ണി :)

എഴുത്ത് നേരത്തെ പോലെത്തന്നെ, നന്നായ്ട്ടുണ്ട്.
രസകരവും..

നിശാസുരഭി said...

സൗമ്യത

സൌമ്യെനെപ്പിടിച്ച് മാറ്റിയതാ, വേണെങ്കില്‍, ഹ് മം..

ദിവാരേട്ടn said...

ചാണ്ടിച്ചായന്‍ ,
ഹേയ്, അങ്ങനെ ആകാന്‍ ചാന്‍സ് വളരെ കുറവ് ആണ്. കാക്കി ധരിച്ച പോലീസുകാരെ മാത്രമല്ല, ബസ്‌ കണ്ടക്ടറെ കണ്ടാല്‍ പോലും അപ്പുണ്ണിയുടെ കിഡ് നി കൂട്ടിയിടിക്കും.

പട്ടേപ്പാടം റാംജി,
അപ്പുണ്ണി ഭാവനയല്ല. ദിവാരേട്ടന്‍ മാറ്റിയത് പേര് മാത്രം; കാരണം, ഈ കഥാപാത്രങ്ങളെ എല്ലാം എന്നെങ്കിലും ഒരിക്കല്‍ ഇനിയും കണ്ടുമുട്ടുമെന്ന് ദിവാരേട്ടന്‍ പ്രത്യാശിക്കുന്നു. ആള്‍ തിരിച്ചുവന്നില്ല ഇതുവരെ എന്നുള്ളത് സത്യം.

ajith,
അറിയിക്കണം. വായിച്ചതില്‍ സന്തോഷം.

രമേശ്‌ അരൂര്‍ ,
ദിവാരേട്ടന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്. വെറുതെ ഇരുന്നു ബോറടിച്ചപ്പോള്‍ കുറച്ച നാള്‍ ഒന്ന് വിശ്രമിച്ചെന്നു മാത്രം.
രമേശ്‌ പറഞ്ഞ ഐഡിയ ഒന്ന് പരീക്ഷിക്കാവുന്നതാണ്.

Lipi,
അപ്പുണ്ണി ശരിക്കുള്ള ആള്‍ തന്നെ; പേര് ഇതല്ല എന്ന് മാത്രം. [ഇതെന്താടോ എല്ലാവരും ഇങ്ങനെ ചോദിക്കുന്നെ? ദിവാരേട്ടന്റെ എഴുത്തില്‍ ഒരു fraud രീതി feel ചെയ്യുന്നുണ്ടോ? സത്യസന്ധന്‍ എന്ന് പറഞ്ഞാലേ നാട്ടില്‍ ദിവാരേട്ടനെ അറിയന്നെ ഉള്ളു!!]
"ഷാനവാസിക്ക"യുടെ ലിങ്ക് തന്നിരുന്നെങ്കില്‍ ദിവാരേട്ടന് വായിക്കാമായിരുന്നു.

jyo,
സന്ദര്‍ശനത്തിന് നന്ദി.

സീത,
ഒരു വിവരോല്യ ന്റെ കുട്ട്യേ.... അപ്പുണ്ണി നാടുവിട്ട് ബോംബയ്ക്ക് പോയി എന്ന് മാത്രം അറിയാം.

നിശാസുരഭി ,
ഉജാല ബോംബെ ലാബറട്ടറീസിന്റെ അല്ല; "Jyoti Laboratories" ന്റെ ആണ്.
ഞങ്ങടെ "അപ്പുണ്ണി"യെ പിടിച്ചു "കൊച്ചുണ്ണി" ആക്കല്ലേ... [ഒരു നാടിന്റെ മൊത്തം announcer ആണ്]
രണ്ടാമത്തെ കമന്റ്‌ ശരിക്ക് അങ്ങട് മനസ്സിലായില്ല. [അത്രയ്ക്കുണ്ടേ ദിവാരേട്ടന്റെ ഭാഷാപാണ്ഡിത്യം]

നിശാസുരഭി said...

ഉവ്വ്, മാറിപ്പൊയതാ ഹിഹിഹ്

സൗമ്യത

സൌ
സൗ

രണ്ടിലും വല്ല മാറ്റം? :)
ഭാഷാ പാണ്ഡിത്യം, ഹ് മം..

Lipi Ranju said...

ദിവാരേട്ടോ, "പുത്തോ" yude link ....
http://shanavasthazhakath.blogspot.com/2011/05/blog-post_21.html

ഭായി said...

നാട്ടുകാരുടെ കൈക്ക് ജോലിയുൺറ്റാക്കാതെ പോയി രക്ഷപ്പെട്ടത് നന്നായി...:)

നികു കേച്ചേരി said...

ഈ അപ്പുണ്ണിനേ ഞാനൊന്നന്വേഷിക്കട്ടെ...അപ്പോ സ്ഥലവെടേന്നാ പറഞ്ഞേ...കൂന്നംമ്മൂച്ചി ല്ലേ,,,ഇമ്മള്‌ ഒന്ന് നോക്കട്ടെ.....

Satheesh Haripad said...

അപ്പുണ്ണിയെ മനസ്സിലായിടത്തോളം ആൾ ഇപ്പോൾ
ഏതോ വലിയ നിലയിൽ ( അധോലോകത്തും ചാൻസുണ്ട്) ആയിരിക്കാനാണ്‌ സാധ്യത.

രസിച്ച് വായിച്ചു.
എല്ലാ ആശംസകളും.
satheeshharipad.blogspot.com

Villagemaan said...

അപ്പുണ്ണി മിക്കവാറും അപ്പു ഭായി ആയി കാണും !

വീ കെ said...

സാരോല്യാ... അപ്പുണ്ണി തിരിച്ചു വരും... വരാണ്ടെവിടെ പോകാനാ...?
പോസ്റ്റ് കലക്കീട്ടൊ...
ആശംസകൾ....

Anonymous said...

നന്നായിട്ടുണ്ട് സമയം കിട്ടുമ്പോള്‍ ഈ ചെറിയ മണ്ടതരങ്ങളിലോട്ടും സ്വാഗതം
http://apnaapnamrk.blogspot.com/
ആശംസകളോടെ എം ആര്‍ കെ

ദിവാരേട്ടn said...

നിശാസുരഭി,
Thanks for correction.

Lipi,
Thanks for link.

ഭായി,
ഭായിക്ക് അങ്ങനെ ഒക്കെ പറയാം. ഒരു അനൌണ്സറെ വളര്‍ത്തി "അപ്പുണ്ണി" ആക്കാനുള്ള പാട് ഞങ്ങള്‍ നാട്ടുകാര്‍ക്കെ അറിയൂ.

നികു കേച്ചേരി,
അന്വേഷിച്ചോളൂ.. കിട്ടിയാല്‍ പറഞ്ഞാല്‍ മതി. സ്ഥലം അവിടെ തന്നെ...

സതീഷ്‌,
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

Villagemaan,
ഹെയ്... അങ്ങനെ അറം പറ്റണതൊന്നും പറയാതെ...

വീ കെ,
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

എം ആര്‍ കെ,
നന്ദി. തീര്‍ച്ചയായും വരുന്നതാണ്.

ഇ.എ.സജിം തട്ടത്തുമല said...

കൊള്ളാമല്ലോ ദിവാകരേട്ടാ! അവിടെയും മൈക്ക് പനിക്കാർ ഉണ്ടല്ലേ? ഹാഹഹ!

ഉമേഷ്‌ പിലിക്കോട് said...

ഓഹോ അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ ?

mottamanoj said...

അപ്പുണ്ണി ഇപ്പൊ ബോംബയില്‍ വിളിച്ചു പറഞ്ഞു നടക്കുന്നുണ്ടാവും, ഇല്ലെങ്കില്‍ നമ്മുടെ സിനിമയില്‍ കാണുന്നത് പോലെ വല്ല അധോലോകതും ഉണ്ടാവും...

ഡി.പി.കെ said...

ഉഗ്രന്‍ ആശാനെ ഇഷ്ടപ്പെട്ടു , ഇനിയും വരാം

ദിവാരേട്ടn said...

സജിം,
ഇത് വെറും മൈക്ക് പനി ഒന്നും അല്ല; മൈക്ക് ടൈ ഫോയ് ഡു, അല്ലെങ്കില്‍ മൈക്ക് മലേറിയ എന്നൊക്കെ പറയേണ്ടിവരും. വായനക്ക് നന്ദി.

ഉമേഷ്‌,
വരവിനു നന്ദി.

മനോജ്‌,
അങ്ങനെ ആയിരിക്കാം. നന്ദി.

ഡി.പി.കെ,
തീര്‍ച്ചയായും വരണം. നന്ദി.

മേല്‍പ്പത്തൂരാന്‍ said...

മലയാളത്തില്‍ അനൌണ്‍സ്സ്മെന്റിനാളെ ആവശ്യമുണ്ടെന്ന് ബോംബെയില്‍ ചെന്ന് അനൌണ്‍സ് ചെയ്താല്‍ ചിലപ്പോള്‍ അപ്പുണ്ണി പുറത്തു വന്നേക്കും..:) രസകരമായ എഴുത്ത്,ആസ്വദിച്ചു വായിച്ചു...

മുകിൽ said...

അപ്പുണ്ണിയുടെ അമ്മ പാവം. അപ്പുണ്ണിയെ കണ്ടുമുട്ടാനാവട്ടെ. നന്നായിരിക്കുന്നു അവതരണം.

keraladasanunni said...

ഭീകരാക്രമണിത്തിലെങ്ങാനും നമ്മുടെ അപ്പുണ്ണി .....

ദിവാരേട്ടn said...

മേല്‍പ്പത്തൂരാന്‍ ,
ചിലപ്പോ ഈ ഐഡിയ ക്ലിക്ക് ചെയ്തേക്കും. വരവില്‍ സന്തോഷം. നന്ദി.

മുകില്‍ ,
അമ്മക്ക് അപ്പുണ്ണിയെ ഇനി കണ്ടുമുട്ടാനാവില്ല.

keraladasanunni,
അങ്ങനെ സന്തോഷിക്കേണ്ട [പേടി വേണ്ട]. ഈയിടെ മുംബെയില്‍ പൊട്ടിയ ബോംബിന് അപ്പുണ്ണിയുടെ തൊലിക്കട്ടിയെ ഒരു ചുക്കും ചെയ്യാന്‍ ആകില്ല.
വായനക്കും, അഭിപ്രായത്തിനും നന്ദി.

കുമാരന്‍ | kumaran said...

പക്ഷെ, From അഡ്രസ്സില്‍ "Appunni, Bombay" എന്ന് മാത്രമേ ഉള്ളു. ഇങ്ങനെ ഒക്കെ കത്തിന് അഡ്രസ്സ് എഴുതിയാല്‍ കിട്ടാന്‍ മാത്രം അപ്പുണ്ണി ബോംബെയില്‍ പ്രശസ്തനായതില്‍ ഞങ്ങള്‍ നാട്ടുകാര്‍ സന്തോഷിച്ചു.

ഹഹ... കുറേ ചിരിപ്പിച്ചു. അവസാനം ഇങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.

ദിവാരേട്ടn said...

കുമാരന്‍ ,
വായനക്ക് നന്ദി. അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഈ മൈക്കപ്പുണ്ണി സൂപ്പറായിയിട്ടുണ്ട് കേട്ടൊ ഭായ്

ദിവാരേട്ടn said...

മുരളി,
നന്ദി... ഈ സന്ദര്‍ശനത്തിനും, അഭിപ്രായം അറിയിച്ചതിനും.

ഒരു വിളിപ്പാടകലെ said...

എത്ര രസമായി എഴുതിയിരിക്കുന്നു . ഏതൊക്കെയോ വരികളില്‍ എന്‍റെ നാടിനെയും കുട്ടിക്കാലത്തെയും ഓര്‍മ്മിപ്പിച്ചു .

പട്ടേപ്പാടം റാംജി said...

അപ്പുണ്ണിയുടെ അനൌണ്സ്മെന്റ് വായിച്ചപ്പോള്‍ പഴയത് പലതും ഞാനും ഓര്‍ത്തു.

ദിവാരേട്ടN said...

ഒരു വിളിപ്പാടകലെ,
റാംജി,

സന്ദര്‍ശനത്തിന് നന്ദി.

sunil vettom said...

Nalla kadha .....ezhuthiya reethiyum Kollam....

ദിവാരേട്ടN said...

സുനില്‍ ,
സന്ദര്‍ശനത്തിന് നന്ദി.

അക്ഷി said...

എന്നാലും ദിവകരേട്ടാ ആ അപ്പുണ്ണി എവിടെ പോയി..?? ഫോട്ടോ പോസ്റ്റ്‌ ചെയുവാന്നെ ഞാന്‍ കണ്ടുപിടിച്ചു തരാവേ...

ദിവാരേട്ടN said...

അപ്പുണ്ണി എന്നെങ്കിലും ഒരിക്കല്‍ വരും. വരാതെ എവിടെപ്പോകാന്‍ ... [ആളെ തിരിച്ചറിയാവുന്ന ഒരു ഫോട്ടോ ദിവാരേട്ടന്റെ കൈവശമില്ല. ]
സന്ദര്‍ശനത്തിന് നന്ദി പറയുന്നു.

binithadivya said...

ഞാന്‍ ഇപ്പോളാ സംഭവം അറിഞ്ഞത് .. അപ്പുണ്ണി വരുമായിരിക്കും അല്ലേ ??
കഥ നന്നായിട്ടുണ്ട്...

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates