Tuesday, February 1, 2011

കണ്ണപുരത്തെ നാഗന്മാര്‍



ഇത് ഒരു പഴയ കഥ. കേരളസര്‍ക്കാര്‍ ചാരായം നിരോധിക്കുന്നതിനും വളരെ മുന്‍പ്,
കണ്ണപുരത്തെ 'നാഗ'ന്മാരുടെ [അടിച്ച് പാമ്പ്‌ ആകുന്നവരുടെ] ഐശ്വര്യപൂര്‍ണമായ ഒരു ഭൂതകാലത്ത് നടന്നത്.....
 
തേജസ്സുറ്റ ഒരു സന്ധ്യ. ഷാപ്പുകാരന്‍ കണാരേട്ടന്‍ സ്വന്തം ചിത്രകൂടക്കല്ലിനരികില്‍ വരച്ച കളത്തില്‍ വന്ന്, നൂറും പാലും കൈക്കൊള്ളാന്‍ പ്രദേശത്തെ അറിയപ്പെടുന്ന 'പാമ്പു'കള്‍ എല്ലാം എത്തിത്തുടങ്ങി. ചിലര്‍ പകലത്തെ അധ്വാനം കഴിഞ്ഞ് ദേഹശുദ്ധി വരുത്തിയവരും, മറ്റു ചിലര്‍ ഇത്തരം ശുദ്ധിയിയിലൊന്നും വലിയ വിശ്വാസമില്ലാത്തവരും.

കണാരേട്ടന്‍ "പാമ്പു"കളുടെ ഇടയിലൂടെ ഒന്ന് കണ്ണോടിച്ചു. ഒരു ദിവസം പോലും താന്‍ നല്‍കുന്ന തീര്‍ത്ഥം നിരാകരിക്കാത്ത, തന്റെ എക്കാലത്തെയും ഉറപ്പുള്ള കസ്റ്റമര്‍ ആയ ശങ്കരനാഗം ഇനിയും വെളിച്ചപ്പെട്ടിട്ടില്ല. കാതില്‍ മാണിക്ക്യം ചൂടിയ കരുത്തനായ നാഗന്‍ . ഒരേ സമയം 8-10 തവണ വരെ നൂറ് [100 മില്ലീ] ഉള്‍ക്കൊള്ളുന്നവന്‍ .  നട്ടെല്ലിന് പാമ്പന്‍ പാലത്തിന്റെ ഉറപ്പുള്ളവന്‍ . "പാമ്പു"കളിലെ നാഗരാജന്‍ .

കുറച്ച് വൈകി എത്തിയതിന്റെ പ്രായശ്ചിത്തം എന്ന പോലെ, വന്ന മൂച്ചിന് തന്നെ ഒരു ഫുള്‍ ഗ്ലാസ് ചാരായം വാങ്ങി, നിന്ന നില്‍പ്പില്‍ വിഴുങ്ങി, ശങ്കരന്‍ വിജഗീഷുവിനെപ്പോലെ അവിടെ കൂടിയിരിക്കുന്ന "നീര്‍ക്കോലി"കളെയും, "ചേര"കളെയും നോക്കി. തുടര്‍ന്നങ്ങോട്ട് ഏത് കുടിയനും അസൂയപ്പെടും വിധം ഉള്ള "തെക്ക്" ആയിരുന്നു. അതും "ടച്ചിങ്ങ്സ്" എന്ന ആര്‍ഭാടം ഒട്ടും ഇല്ലാതെ. 


ഒരു മണിക്കൂര്‍ കൊണ്ട് വയറ്റില്‍ കൊള്ളാവുന്ന അത്ര കുടിച്ച് ശങ്കരന്‍ പോകാനായി എണീറ്റു. നിന്ന നില്‍പ്പില്‍ വൈന്റ് കഴിയാറായ പെന്‍ഡുലം കണക്കെ മെല്ലെ ആടി. പിന്നെ എന്തോ, കണി ശരിയല്ലാത്തതുകൊണ്ട് വീണ്ടും അവിടെത്തന്നെ ഇരുന്നു... ചുരുണ്ടു.... മടങ്ങി....

കുടിച്ച ചാരായത്തിന്റെ പൈസ കണാരേട്ടന്‍ , ശങ്കരന്റെ കണക്കില്‍ തങ്കലിപികളാല്‍ കോറിയിട്ടു. ഷാപ്പ്‌ അടക്കുന്ന സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ, താഴോട്ടും നോക്കി ഇരിക്കുന്ന ശങ്കരനെ നോക്കി കണാരേട്ടന്‍ ചോദിച്ചു.

"ഞ്ഞി പൊരേ പോണ് ല്ലേ ശങ്കരാ?"
"ദേ കീയിണ്. ചേനാര് പൂട്ടിക്കള..."

പുര എന്ന്  പറയാന്‍
ശങ്കരന്  കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല. മണ്ണു വച്ചു പണിത ആള്‍ ഉയരത്തിലുള്ള ഭിത്തി; അതിന്റെ മേലെ പേരിനു മാത്രമുള്ള കഴുക്കോലില്‍ കാറ്റില്‍ പറന്നു പോകാതെ ബാക്കി നില്‍ക്കുന്ന കുറച്ച് കരിയോലകള്‍ . കഴിഞ്ഞ രണ്ട് വര്‍ഷമായി പുര കെട്ടി മേഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ നീലിയുടെ, വിഷം തീണ്ടിയുള്ള, മരണശേഷം. നീലി പോയതോടെ പുര കെട്ടിമേയലെല്ലാം ശങ്കരന് ആഡംബരമായി തോന്നി.   ശങ്കരന്‍ നീലിയെ ഓര്‍ത്തു. അവളോടൊപ്പം കഴിഞ്ഞ നല്ല കാലവും....

കഞ്ഞി കുടിക്കുന്നതും, പണിക്കുപോകുന്നതും, കണാരേട്ടന്റെ ചാരായഷാപ്പില്‍ പോകുന്നതും എല്ലാം രണ്ടുപേരും ഒരുമിച്ച് തന്നെ. ഷാപ്പില്‍ പോയി കുടിക്കുന്നത്, ഒരിക്കലും ഒരു കുറച്ചിലായി  നീലിയെ അലട്ടിയിട്ടില്ല. ശങ്കരന്‍ ചെയ്യുന്നത്  അവളും ചെയ്യുന്നു; അത്ര തന്നെ. അതിലെ ശരി-തെറ്റുകള്‍ വിശകലനം ചെയ്യാന്‍ മാത്രം അറിവും  അവള്‍ക്ക്  ഇല്ലായിരുന്നു. കുട്ടികള്‍ ഇല്ലെന്നത് ഒരു കുറവേ അല്ല, മറിച്ച് രണ്ടുപേര്‍ക്കും കൂടുതല്‍  സൌകര്യവും ആയിരുന്നു. 


പുറത്തിറങ്ങിയ
ശങ്കരന്‍ , ഭൂമിയുടെ തിരിച്ചലിന് ചെറിയൊരു താളപ്പിശക് ഉണ്ടെന്ന്  കണ്ടുപിടിച്ചെങ്കിലും, തല്‍ക്കാലം ക്ഷമിച്ചു. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍  അപ്പോള്‍ ചോദിക്കാം ഭൂമിയോട്  എന്ന് മനസ്സിലുറപ്പിച്ചു. പതിവുള്ള, സ്വയം രചിച്ച,  "ലളിത"സംഗീതം പുറത്തെടുത്തു.

രാഗിണി പത്മിനി ലളിത ...... 
പത്മിനി രാഗിണി ലളിത ......
ലളിത രാഗിണി പത്മിനി  ......
പത്മിനി ലളിത രാഗിണി   ......
രാഗിണി ലളിത പത്മിനി  ......
ലളിത രാഗിണി പത്മിനി  ......

വീട്ടിലേക്കുള്ള വെട്ടുവഴിയിലൂടെ നടന്ന്, തന്റെ ഈ മാസ്റ്റര്‍പീസ്‌  പല പല രാഗത്തിലും, പല പല താളത്തിലും പാടി. ഷഡ് കാലത്തിലും അതിന്റെ അപ്പുറത്തെ കാലത്തിലും പാടി ഗോവിന്ദ മാരാരെപ്പോലും വെല്ലുവിളിച്ചു. പിന്നെ കണ്ട്രോള്‍ വീണ്ടെടുത്ത്‌  വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ഊര്‍ന്നിറങ്ങി. രണ്ട് വശവും ഉയര്‍ത്തി കെട്ടിയ മുളവേലികള്‍ ഉള്ളതുകൊണ്ട്  വഴി തെറ്റുന്ന പ്രശ്നം തന്നെ ഇല്ല. അയാള്‍ ഒരു വിധത്തില്‍ നീന്തിയും, തുഴഞ്ഞും മുന്നോട്ടു നീങ്ങി.

പെട്ടന്ന് കാലിനടിയില്‍ നിന്നും ഒരു പിടച്ചില്‍ . ശങ്കരന്‍ ഒന്ന് മേലോട്ട് ചാടി.  സീല്‍ക്കാരത്തോടെ ഒരു കമ്പ്, തൊട്ടു മുന്നില്‍ . മങ്ങിയ നിലാവെളിച്ചത്തില്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. കമ്പ് അല്ല. ആര് കണ്ടാലും കുറ്റം പറയാത്ത ഒരു തറവാടി സര്‍പ്പം. കണ്ടിട്ട് ഒരു രാജവെമ്പാല ലുക്ക്‌.   


"ഉം... ചങ്കരനോടാ ഇന്റെ കളി?" 
പുച്ഛവും, ഗര്‍വ്വും  കലര്‍ന്ന സ്വരത്തില്‍ ശങ്കരന്‍ ആക്രോശിച്ചു. 

കണാരേട്ടന്റെ തീര്‍ത്ഥം ആണവ റിയാക്ടറില്‍ എന്ന പോലെ ശങ്കരന്റെ ഉള്ളില്‍ കിടന്നു വിഘടിച്ചു. അത് ശങ്കരന് അളവറ്റ ഊര്‍ജ്ജം പ്രദാനം ചെയ്തു. ആ ഊര്‍ജ്ജത്തിന്റെ ബലത്തില്‍ വെറും ചങ്കരനായ ശങ്കരന്‍ , കൈലാസനാഥനായി രൂപാന്തരം പ്രാപിച്ചു. കോപാക്രാന്തനായി പാമ്പിന്റെ നേര്‍ക്കടുത്തു. ഇടതും വലതും ചുവടുവച്ച്‌ താണ്ഡവം തുടങ്ങി. 

പലപ്പോഴും ഒഴിഞ്ഞു പോകാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും വീണ്ടും തടഞ്ഞു. ഈ യുദ്ധത്തിനിടക്ക്, നില തെറ്റി കുനിഞ്ഞുപോയ ശങ്കരനെ, രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ പാമ്പ് മൂര്‍ധാവില്‍ ആഞ്ഞു കൊത്തി. ശങ്കരന്  ഒഴിഞ്ഞു മാറാനായില്ല. പക്ഷെ, രണ്ടാമതൊന്നു കൂടി കൊത്തുന്നതിനുമുന്പ്  പാമ്പിന്റെ കഴുത്തിന്‌ ശങ്കരനും പിടുത്തമിട്ടു.

മരണവെപ്രാളം രണ്ടുപേരിലും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോഴും ശങ്കരന്‍ പാമ്പിന്റെ കഴുത്തില്‍നിന്നും പിടി വിട്ടിരുന്നില്ല. കുറച്ച് നേരത്തെ പിടച്ചിലിനുശേഷം പാമ്പ്  നിശ്ചലമായി. കൂടെ തുറന്ന വായ ഒരു വശത്തേക്ക് കോടിക്കൊണ്ട് ശങ്കരനും.

അന്നുമുതല്‍ കണ്ണപുരത്തെ എല്ലാ "തീര്ത്ഥങ്കര"ന്മാരും ഷാപ്പ്‌ തുറന്നു വ്യാപാരം ആരംഭിക്കുനതിനു മുന്‍പ് ഒരു ചെറിയ ഗ്ലാസ്സില്‍ കുറച്ച് തീര്‍ത്ഥം ഒഴിച്ചുവച്ചു, ശങ്കരന്‍ എന്ന രക്തസാക്ഷിക്കുവേണ്ടി. 


Image courtesy: Google

29 comments:

സ്വപ്നസഖി said...

തീര്‍ത്ഥം കഴിച്ച് പാമ്പായ ശങ്കരനും, ഒറിജിനല്‍ പാമ്പും ഒരു വഴിക്കുപോയത് അല്പം വിഷമമുണ്ടാക്കി. എങ്കിലും, ശങ്കരന്‍ നീലിയുടെ അടുത്തേക്കു തന്നെ എത്തിയിട്ടുണ്ടാവുമെന്നതുകൊണ്ടൊരു സമാധാനം. നര്‍മ്മത്തില്‍ തുടങ്ങി അവസാനം മനസ്സുനോവിച്ച കഥ.

രമേശ്‌ അരൂര്‍ said...

വിഷം തീണ്ടി നീലിച്ചു നീലിച്ചു ശങ്കരന്‍ നീലിയുടെ അടുത്തേക്ക്‌
പോയി അല്ലെ ദിവാരേട്ടാ ...:(

mini//മിനി said...

എല്ലാ പാമ്പുകളും കലക്കിയിരിക്കുന്നു.

ajith said...

"കഞ്ഞി കുടിക്കുന്നതും, പണിക്കുപോകുന്നതും, കണാരേട്ടന്റെ ചാരായഷാപ്പില്‍ പോകുന്നതും എല്ലാം രണ്ടുപേരും ഒരുമിച്ച് തന്നെ. ഷാപ്പില്‍ പോയി കുടിക്കുന്നത്, ഒരിക്കലും ഒരു കുറച്ചിലായി നീലിയെ അലട്ടിയിട്ടില്ല. ശങ്കരന്‍ ചെയ്യുന്നത് അവളും ചെയ്യുന്നു; അത്ര തന്നെ"

ഹാ എനിക്കറിയാം ഇങ്ങനെയൊരു ജോഡിയെ. പക്ഷെ ദുഃഖാന്ത്യം ഇങ്ങനെയല്ലായിരുന്നു.

പട്ടേപ്പാടം റാംജി said...

ഇത്തരം ഒരു ജോഡി ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു. അത്ര മോശം ചുറ്റുപാട് ആയിരുന്നില്ലെന്ന് മാത്രം. വളരെ പഴയവാരാണ്. രണ്ടുപേരും സര്‍ക്കാര്‍ ജോലിക്കാരും ആയിരുന്നു. നാട്ടിലെ സുസ്സമ്മതരും.ആരെയും ഉപദ്രവിക്കില്ലെന്നു മാത്രമല്ല. എല്ലാരെയും സഹായിക്കുകയും ചെയ്തിരുന്നു. വൈകീട്ട്‌ കള്ളുഷാപ്പില്‍ പോകുന്നത് ഒരുമിച്ച്. ചിലപ്പോള്‍ മക്കളെയും കൂട്ടും. എല്ലാരെയും അസൂയപ്പെടുത്തുന്ന സന്തോഷമായ ഒരു ജീവിതമായിരുന്നു അവരുടേത്. ഒരാള്‍ മരിച്ച് പോയി.
അവരെ എല്ലാരെയും ഓര്‍മ്മിപ്പിച്ച പോസ്റ്റ്‌ ദിവാരേട്ടാ.

Unknown said...

നീലിചേച്ചിയുടെ അടുത്തേക്ക് തന്നെ ശങ്കരേട്ടനും പോയി അല്ലെ അത് ഏതായാലും നന്നായെ ഉള്ളു " അടുത്ത കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു"

jyo.mds said...

ശങ്കരന്റെ പാട്ട് തകര്‍ത്തു.വളരെ രസകരമായിരുന്നു പാമ്പിന്‍ വിവരണം.

റാണിപ്രിയ said...

ശങ്കരനും ഒരു പാമ്പ് തന്നെ ..രണ്ടാളുടെ ഉള്ളിലും വിഷം.പിന്നെ പാമ്പിന്റെ വിഷം തീര്‍ന്നപ്പോള്‍ recharge ചെയ്തതാകും അല്ലെ ദിവാരേട്ടാ..

ഏതായാലും ഇത്ര suport ഉള്ള ഭാര്യ യെ കിട്ടിയ ശങ്കരന്‍ ഭാഗ്യവാന്‍ തന്നെ!!!

സൂപ്പര്‍ ......ദിവാരേട്ടാ...ആശംസകള്‍ ...

ചാണ്ടിച്ചൻ said...

ദിവാരേട്ടാ....മനസ്സില്‍ കൊളുത്തിവലിച്ച കഥ....
എല്ലാ പാമ്പുകളുടെയും ഗതി ഇങ്ങനെയൊക്കെത്തന്നെയാ....

വീകെ said...

ഞങ്ങടെ നാട്ടിലൊക്കെ ‘കുഞ്ചി ഒടിയനാ’. അതോണ്ട് കണ്ണീക്കണ്ട മരത്തിന്റെ ചോട്ടിലും കലുങ്കിലും മറ്റും ചാരി കുഞ്ചി ഒടിഞ്ഞ് ഇരുപ്പുണ്ടാകും..!! ഒരു പാമ്പിനും ഒരു കുഴപ്പവും വരാറില്ല.

ദിവാരേട്ടN said...

സ്വപ്നസഖി,
സന്ദര്ശനത്തിന് ദിവാരേട്ടn നന്ദി പറയുന്നു.

രമേശ്‌,
കമന്റില്‍ പോലും നല്ല പ്രാസം.

മിനി ടീച്ചര്‍ ,
സന്ദര്ശനത്തിന് നന്ദി.

അജിത്‌ഭായ്, റാംജി,
ഇതിന്റെ ത്രെഡ് ദാനം ചെയ്തത് ഗോവര്‍ദ്ധന്‍ .
പിന്നീട് അറിഞ്ഞു, ഓരോ പ്രദേശത്തും ഏകദേശം ഈ രൂപത്തിലുള്ള ഒന്നിലധികം "പാമ്പുകള്‍ " ഉണ്ടെന്ന്.
അഭിപ്രായം അറിയിച്ചതിന് നന്ദി പറയുന്നു".

Sheeba,
"ശങ്കരേട്ടനും, നീലിചേച്ചിയും." Great !! ദിവാരേട്ടന്‍ അത്രയ്ക്ക് ഓര്ത്തില്ല.
സന്ദര്ശനത്തിന് നന്ദി.

jyo,
പാട്ട്, ദിവാരേട്ടന്റെ നാട്ടിലെ ഒരു "പാമ്പ്" തന്റെ വീട്ടിലേക്ക് രാത്രി തിരിച്ചുപോകുമ്പോള്‍ പാടുന്നത് ["പോക്ക്"പാട്ട്. തേക്ക് പാട്ട് പോലെ]. പാടി ഫലിപ്പിക്കാന്‍ എളുപ്പവും, എഴുതി ഫലിപ്പിക്കാന്‍ പറ്റാത്തതുമായ പാട്ട്.
സന്ദര്ശനത്തിന് നന്ദി.

റാണിപ്രിയ,
ഹ..ഹാ..... നല്ല കമന്റ്. Recharge concept ഉഗ്രന്‍ .
നിങ്ങള്‍ എല്ലാവരും ഇതുപോലെ support കൊടുത്ത് സ്വന്തം ഭര്ത്താക്കന്മാരെ "ഭാഗ്യവാന്മാര്‍ ‍" ആക്കണേ.... ☺☺☺ [ഇത് ദിവാരേട്ടന്റെ ഒരു അഭ്യര്ത്ഥന].
സന്ദര്ശനത്തിന് നന്ദി.

ചാണ്ടിച്ചന്‍ , വീ കെ,
ഈ രണ്ടു പാമ്പുകളും കുഴപ്പക്കാരല്ല. അവര്‍ കണ്ടുമുട്ടിയ "സമയം" ശരിയായില്ല എന്ന് മാത്രം.
സന്ദര്ശനത്തിന് നന്ദി.

Shades said...

divaarettaa
sukhamalle?

ഫസലുൽ Fotoshopi said...

ഒള്ളാം സംഗതി കലക്കി. പാമ്പുകള്‍ പാമ്പുകള്‍....

kambarRm said...

ഒടുക്കം ശങ്കരൻ നീലിയുടേ അടുത്ത് തന്നെ എത്തിക്കാണുമോ,,?

അവതരണം സൂപ്പർ, വായിക്കാനൊരു ഹരമുണ്ട്. കീപ്പിറ്റപ്പ്

Yasmin NK said...

ലളിത സഹസ്രനാമം കലക്കി.അതന്നെല്ലേ സംഗതി..?

SUJITH KAYYUR said...

swapna sakhi paranhathaanu sathyam

നികു കേച്ചേരി said...

ആട്‌ പാമ്പേ..ആടാട്‌ പാമ്പേ....
നന്നായി.

ദിവാരേട്ടN said...

Shades,
ദിവാരേട്ടന് സുഖമാണ്. ഡോക്ടര്‍ ക്ക് സുഖമല്ലേ എന്ന് ചോദിക്കുന്നില്ല. [കുറുന്തോട്ടിക്ക് വാതം വരില്ലല്ലോ !! ഹ.. ഹാ....]

ഫസലുല്‍ , കമ്പര്‍ ,
വായിച്ചു അഭിപ്രായം അറിയിച്ചതില്‍ ദിവാരേട്ടന്‍ നന്ദി പറയുന്നു.

മുല്ല,
ലളിത സഹസ്രനാമം? ഇതോ??
എന്റെ അമ്മേ.. ലളിത ഭഗവതി കേള്‍ക്കണ്ട....

സുജിത്,
സന്ദര്‍ശനത്തിന് നന്ദി.

nikukechery,
സന്ദര്‍ശനത്തിന് നന്ദി.

ശങ്കരനാരായണന്‍ മലപ്പുറം said...

nikukechery പറയുന്നതില്‍ (ആട് പാമ്പേ, ആടാട് പാമ്പേ!) എന്ത് അര്‍ത്ഥമാണുള്ളത്. മനുഷന്മാരാരെങ്കിലും പാമ്പിനെ വളര്‍ത്താറുണ്ടോ? ആടിനെയല്ലേ വളര്‍ത്താറ്. ആടിനോടല്ലേ പാമ്പ് വരുന്ന കാര്യം പറയേണ്ടത്. 'പാമ്പാടേ പാമ്പാമ്പ് ആടെ പാമ്പാമ്പാമ്പാടേ!' എന്നല്ലേ പാടേണ്ടത്? അല്ലേ ദിവാരനിയാ!?

നികു കേച്ചേരി said...

@ ശങ്കരേട്ടാ,...അങ്ങിനേം പാടാം...ഇങ്ങിനേം പാടാം...ഞങ്ങള്‌ കേരളത്തിൽ ഇങ്ങിനേം പാടും നിങ്ങള്‌ മലപ്പുറത്ത്‌ അങ്ങിനേം പാടും...ല്ലേ ദിവാരേട്ടാ.....

ബെഞ്ചാലി said...

ദർശിച്ചു… വീണ്ടും വരാം.. :)

Anil cheleri kumaran said...

നീലിയെ തീണ്ടിയവൻ തന്നെ?

Anonymous said...

ശങ്കരേട്ടന്റെ പാട്ടിനെ പറ്റി മാത്രം:
മൂന്നു അക്കങ്ങള്‍ അഥവാ വാക്കുകളുടെ മിശ്രണം (combination) ആറ് (6) തന്നെ.
ആറ് വരികളുമുണ്ട്. പക്ഷേ, മൂന്നാം വരിയും ആറാം വരിയും ആവര്‍ത്തനം.
ഏതെങ്കിലുമൊരു വരി " ലളിത പത്മിനി രാഗിണി" എന്നാവാമായിരുന്നു.
ഉള്ളിലെ "തീര്‍ഥം" കാരണം ശങ്കരേട്ടന് നാക്കുളുക്കിയതായി കരുതിക്കോട്ടെ!

Sidheek Thozhiyoor said...

അങ്ങനെ തന്റെ നീലിയെ തീണ്ടിയ നാഗുവിനോട് ശങ്കരേട്ടന്‍ തന്റെ ജീവന്‍ കൊടുതാനെന്കിലും കണക്ക് തീര്‍ത്തല്ലോ..
നല്ല രസമുള്ള വായന...

ദിവാരേട്ടN said...

ശങ്കരനാരായണന്‍ മലപ്പുറം,
എന്റമ്മേ, എനിക്ക് വയ്യ..
നികു, ആട് വരുന്ന കാര്യം മറ്റൊരു "പാമ്പി"നോട് പറഞ്ഞതാണ് ശങ്കരേട്ടാ....
സന്ദര്‍ശനത്തിന് നന്ദി.

nikukechery,
കേരളത്തിൽ ഇങ്ങിനേം, മലപ്പുറത്ത്‌ അങ്ങിനേം.....
അപ്പൊ, ഇന്ത്യയില്‍ എങ്ങിന്യാ???

ബെഞ്ചാലി,
സന്തോഷം....

കുമാരന്‍ ,
ആയിരിക്കണം...

sree,
ശങ്കരന്റെ പാട്ടിന് നിയതമായ ഒരു ഈണമോ, പദാവലിയോ ഇല്ല തന്നെ.
അദ്ദേഹത്തിന്റെ കാലത്തെ പേര് കേട്ട മൂന്നു നടികളുടെ പേരുകള്‍ കോര്‍ത്തിണക്കി തനിക്കു പറ്റിയപോലെ ഒരു പാട്ട് നിര്‍മ്മിച്ചു; അത്ര മാത്രം.
[നേരെ ചൊവ്വെ പറഞ്ഞാല്‍ "വായില്‍ വന്നത് കോതയ്ക്ക് പാട്ട്"].

സിദ്ധീക്ക,
വായിച്ചു അഭിപ്രായം അറിയിച്ചതില്‍ ദിവാരേട്ടന് സന്തോഷം.
ജീവന്‍ അത്ര പ്രിയപ്പെട്ടതല്ലാതാകുന്ന ചില നിമിഷങ്ങള്‍ വരാം ജീവിതത്തില്‍ ....
[ ഇതില്‍ പറയുന്ന കുമാരന്‍ ചെട്ടിയാരെ ശ്രദ്ധിക്കു]

Umesh Pilicode said...

അപ്പൊ അങ്ങനെയൊക്കെയാണ് സംഭവങ്ങള്‍

ദിവാരേട്ടN said...

ഉമേഷ്‌,
വരവിന് നന്ദി.

Unknown said...

ഭൂമിയുടെ തിരിച്ചലിന് ചെറിയൊരു താളപ്പിശക് ഉണ്ടെന്ന് കണ്ടുപിടിച്ചെങ്കിലും, തല്‍ക്കാലം ക്ഷമിച്ചു.. ഹ്ഹഹഹ..!

എന്നാലും ക്ലൈമാക്സിലൊരു സങ്കടം

ദിവാരേട്ടN said...

നിശാസുരഭി,
വരവില്‍ സന്തോഷം ...

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates