Saturday, January 19, 2013

അല്പം ആനക്കാര്യം






വേനല്‍ചൂട് തുടങ്ങി. മദ്ധ്യ കേരളത്തില്‍ ഇത് പൂരക്കാലം. കൂടെ, ആനകള്‍ ഇടയുന്നതിന്റെയും, പാപ്പാന്മാരുടെ ദാരുണമരണത്തിന്റെയും, മയക്കുവെടിയുടെയും സീസണ്‍ . ആനകളെ ഉത്സവങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നിടത്തോളം കാലം നമ്മള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. പക്ഷെ, ബന്ധപ്പെട്ടവര്‍ ഒന്ന് ഉത്സാഹിച്ചാല്‍ തീര്‍ച്ചയായും ഈ വാര്‍ത്തകള്‍ എണ്ണത്തില്‍  കുറയ്ക്കാന്‍ പറ്റും.

ഇതിന്
 ഏറ്റവും കൂടുതല്‍ ഇരയാകുന്നതും, പലപ്പോഴും ജീവന്‍വരെ നഷ്ടപ്പെടുന്നവരുമായ ആനപ്പാപ്പാന്മാരില്‍ നിന്ന് തന്നെ തുടങ്ങാം [ആനയെ മറന്നിട്ടല്ല]
.

നല്ലൊരു ശതമാനം ആനപ്പാപ്പാന്മാരും ഈ ജോലി തെരഞ്ഞെടുക്കുന്നത് ആനകളോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്. കാരണം, ഇതില്‍ക്കൂടുതല്‍ വരുമാനമുള്ള മറ്റനേകം ജോലികള്‍ നാട്ടില്‍ ലഭ്യമാണെങ്കിലും അതൊന്നും ഇത്തരക്കാരെ ആകര്ഷിയ്ക്കുന്നില്ല. അഥവാ താല്പര്യം ഇല്ലായിരുന്നെങ്കില്‍
 കൂടി, ചട്ടക്കാരന്റെ [ഒന്നാം പാപ്പാന്‍‌ ] സഹായി ആയി കൂടി, പണിയെല്ലാം പഠിച്ച് നല്ലൊരു ചട്ടക്കാരന്‍ ആകുമ്പോഴേയ്ക്കും അയാള്‍ക്ക്‌ ആനയെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല. ആനയെ നന്നായി പരിപാലിയ്ക്കാത്ത ചട്ടക്കാരന്റെ കയ്യില്‍ ഒരു മുതലാളിയും അറിഞ്ഞുകൊണ്ട് തന്റെ ആനയെ ഏല്‍പ്പിക്കില്ലല്ലോ [രൂപ 60-80 ലക്ഷം ആണേ....].  

പാപ്പാന്മാരുടെ ന്യായീകരണങ്ങള്‍ എന്തൊക്കെ ആയാലും, അവരുടെ മദ്യപാനം, അകാരണമായി
 ആനയെ ദ്രോഹിയ്ക്കുന്നതിന് കാരണമാകുന്നു. ഇത് മറ്റു അനിഷ്ട സംഭവങ്ങളിലേക്കും, അപകടത്തിലേക്കും നയിക്കുന്നു. അടിച്ച് പൂക്കുറ്റിയായ ചില പാപ്പാന്മാരെ ആന നിയന്ത്രിയ്ക്കേണ്ടി വരുന്നത് ചിലപ്പോഴൊക്കെ നമ്മള്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. ആനയ്ക്ക് ഏറ്റവും അടുപ്പമുള്ളത് അതിന്റെ ചട്ടക്കാരനുമായിട്ടായിരിക്കും. അതുപോലെ തന്നെ നീരില്‍ [മദംപാട്] ആന ഏറ്റവും കൂടുതല്‍ വെറുക്കുന്നതും അയാളെ തന്നെ [Exceptions ഇല്ലാതില്ല].  

ചില പാപ്പാന്മാരും, ആന മുതലാളിമാരും ക്യാമറയ്ക്ക് മുന്നില്‍ ഘോഷിയ്ക്കുന്നത് കേള്‍ക്കാം തങ്ങളുടെ ആനയെ അടിയ്ക്കാറില്ല, സ്നേഹത്തോടെ പറഞ്ഞു അനുസരിപ്പിയ്ക്കുകയാണ് പതിവ് എന്ന്. പച്ചക്കള്ളം ആണ് ഇത്. ദിവാരേട്ടന്‍ ഇവരെപ്പറ്റി ഗുരുവായൂര്‍ ആനപ്പപ്പാന്മാരോട് സംസാരമദ്ധ്യേ സൂചിപ്പിച്ചപ്പോള്‍ അവരെല്ലാരും കൂടി ആര്‍ത്തുചിരിച്ചു. എന്നിട്ട് പറഞ്ഞു,
"ഞങ്ങള്‍ ആനയെ കാരക്കോല്‍കൊണ്ട് ആണ് അടിയ്ക്കുന്നതെങ്കില്‍ അവര്‍ കമ്പിപ്പാര വച്ച് ആണ് വീക്കുന്നത്" എന്ന്.

ഇന്ന് നമ്മള്‍ ആനയെക്കൊണ്ട്‌ ചെയ്യിക്കുന്ന ജോലികള്‍ ആന സ്വന്തം ഇഷ്ടത്തോടെ ചെയ്യുന്നതൊന്നും അല്ല. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ചെറിയ തോതില്‍ അടിയ്ക്കേണ്ടി വരാറുണ്ട് എന്നത് സത്യം. സ്നേഹം എന്നതുപോലെ തന്നെ ആനയ്ക്ക് ചട്ടക്കാരനെ പേടിയും വേണം, എങ്കിലെ ആന
 ചട്ടക്കാരന്റെ കയ്യില്‍ ഒതുങ്ങുകയുള്ളൂ എന്ന് ആനക്കാരുടെ ഭാഷ്യം.

രണ്ടാമതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക ഉത്സവം നടത്തിപ്പുക്കാര്‍ക്ക്‌ ആണ്.

8 അടിയ്ക്ക് മേല്‍ ഉയരമുള്ള ഒരു ആന എഴുന്നെള്ളിപ്പ് സമയത്ത് ചുമക്കേണ്ട ഭാരം:

നെറ്റിപ്പട്ടം
കോലം [തിടമ്പ്]
മുത്തുക്കുട
വെണ്‍ചാമരം
ആലവട്ടം
കഴുത്തിലും കാലുകളിലും കെട്ടുന്ന മണി
പുറത്ത്  4 ആളുകള്‍
ചങ്ങല 
എല്ലാം കൂടി ഏകദേശം 500 to 600 kg.

സമയം [പകല്‍ എഴുന്നള്ളിപ്പ്] = 1.00 PM
 മുതല്‍ 7.00 PM = 6 മണിക്കൂര്‍
 
യാത്ര - കത്തുന്ന വെയിലത്ത്‌ ടാറിട്ട റോഡിലൂടെ..

എഴുന്നള്ളിപ്പ് സമയം
 ക്രമീകരിക്കുകയും, കുറയ്ക്കുകയും ചെയ്യുന്നതോടെ [ഉദാ:- ഉച്ചതിരിഞ്ഞ്  4 മുതല്‍ 7 വരെ] ഈ പ്രശ്നത്തിന് വലിയൊരു പരിഹാരമാകും.

ഇനി നാട്ടുകാര്‍ /ഭക്തര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്:-

ആനയെ തൊട്ടു നെറുകയില്‍ വയ്ക്കുന്നതുകൊണ്ട് ഭക്തന്  എന്തെങ്കിലും ഗുണമുള്ളതായി കണ്ടിട്ടില്ല. ചട്ടക്കാരനല്ലാത്തവര്‍ ദേഹത്ത് തൊടുന്നതോ, അടുത്ത് ചെല്ലുന്നതോ ഇഷ്ടപ്പെടാത്ത ആനകള്‍ ഉണ്ട്. പ്രത്യേകിച്ചും ഒറ്റച്ചട്ടം ഉള്ള ആനകള്‍ .

ആന ഒരു വന്യമൃഗം മാത്രമാണ്. അതിന്റെ വാലുകൊണ്ട് [വാലിന്മേല്‍ ഉള്ള രോമം] വളയും, മോതിരവും മറ്റും ഉണ്ടാക്കി ധരിച്ചാല്‍ ചില രോഗങ്ങള്‍  മാറുമെന്നത് വെറും അന്ധവിശ്വാസം ആണ്.

ഒരു പൂരകമ്മിറ്റി ഒന്നിലധികം ആനകളെ എഴുന്നള്ളിയ്ക്കുന്നത് നിരുല്സാഹപ്പെടുത്തണം.

എവിടെയെങ്കിലും ആന ഒന്ന് കന്നംതിരിവ് കാണിച്ചു എന്നറിഞ്ഞാല്‍ പിന്നെ അവിടേയ്ക്ക് ബൈക്കിലും മറ്റുമായി കാണികളുടെ ഒരു പ്രവാഹമായിരിക്കും. ഫലമോ? ആനപാപ്പാനും, പോലീസിനും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചെറിയ അനുസരണക്കേട്‌ കാണിച്ച ആന ഈ ബഹളം കൂടി കേള്‍ക്കുമ്പോള്‍ കൂടുതല്‍
കുഴപ്പക്കാരനായി മാറുന്നു. ഓര്‍ക്കുക, ആന നിങ്ങളുടെ നേരെ തിരിയാതിരിക്കാന്‍ സ്വന്തം ജീവനെ കണക്കാതെ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന രണ്ടുമൂന്ന് ആളുകള്‍ അവിടെ ഉണ്ട്.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം എഴുന്നള്ളിയ്ക്കുക എന്നതും പരീക്ഷിക്കാവുന്നതാണ് [ഇപ്പോള്‍ കാണാം ആന മുതലാളിയ്ക്ക് മദം പൊട്ടുന്നത്].

മറ്റൊന്ന്, ലോറികളില്‍ ഉള്ള ദൂര യാത്ര കഴിഞ്ഞുവരുന്ന ആനയെ 4-6 മണിക്കൂറിനുശേഷം മാത്രം എഴുന്നള്ളിക്കുക. ഇത്തരത്തിലുള്ള യാത്ര ചില ആനകളില്‍
കുറേ നേരത്തേയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.

ആനകളുടെ നേരെ ഉള്ള പീഡനം കണ്ടു സഹിക്കാനാവാതെ, ഇവയെ കാട്ടിലേക്ക് തന്നെ തിരിച്ചു വിടണമെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. പക്ഷെ, 
ഇത് കൂടുതല്‍ കുഴപ്പം വരുത്തിവയ്ക്കില്ലേ? കേരളത്തില്‍ ഇപ്പോള്‍തന്നെ 600-ന് അടുത്ത് നാട്ടാനകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക് . [മൈക്രോ ചിപ്പ് പിടിപ്പിച്ചതും, അല്ലാത്തതും കൂടി]. ഇവയെയെല്ലാം ഒന്നിച്ചോ, ഘട്ടം ഘട്ടമായോ കൊണ്ടുവിടാമെന്ന് വച്ചാല്‍ തന്നെ [നടക്കുമെന്ന് തോന്നുന്നില്ല], നാട്ടാനകളെ, കാട്ടാനകള്‍ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടില്ല. ഫലത്തില്‍ ഇവ ഒറ്റപ്പെടും. അത് ഒറ്റയാന്റെ ഫലം ചെയ്യും. ഒരു ഒറ്റയാന്‍ ഇറങ്ങിയാല്‍ തന്നെ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ നമ്മള്‍ കാണാറുണ്ടല്ലോ!! മാത്രവുമല്ല, നാട്ടിലെ ആളുകളുടെ ഒപ്പം ജീവിച്ച ആന തിരിച്ചു കാടിറങ്ങാനുള്ള സാധ്യത ആണ് കൂടുതല്‍ . 

Template by:

Free Blog Templates