Saturday, January 19, 2013

അല്പം ആനക്കാര്യം






വേനല്‍ചൂട് തുടങ്ങി. മദ്ധ്യ കേരളത്തില്‍ ഇത് പൂരക്കാലം. കൂടെ, ആനകള്‍ ഇടയുന്നതിന്റെയും, പാപ്പാന്മാരുടെ ദാരുണമരണത്തിന്റെയും, മയക്കുവെടിയുടെയും സീസണ്‍ . ആനകളെ ഉത്സവങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്നിടത്തോളം കാലം നമ്മള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. പക്ഷെ, ബന്ധപ്പെട്ടവര്‍ ഒന്ന് ഉത്സാഹിച്ചാല്‍ തീര്‍ച്ചയായും ഈ വാര്‍ത്തകള്‍ എണ്ണത്തില്‍  കുറയ്ക്കാന്‍ പറ്റും.

ഇതിന്
 ഏറ്റവും കൂടുതല്‍ ഇരയാകുന്നതും, പലപ്പോഴും ജീവന്‍വരെ നഷ്ടപ്പെടുന്നവരുമായ ആനപ്പാപ്പാന്മാരില്‍ നിന്ന് തന്നെ തുടങ്ങാം [ആനയെ മറന്നിട്ടല്ല]
.

നല്ലൊരു ശതമാനം ആനപ്പാപ്പാന്മാരും ഈ ജോലി തെരഞ്ഞെടുക്കുന്നത് ആനകളോടുള്ള ഇഷ്ടം കൊണ്ട് കൂടിയാണ്. കാരണം, ഇതില്‍ക്കൂടുതല്‍ വരുമാനമുള്ള മറ്റനേകം ജോലികള്‍ നാട്ടില്‍ ലഭ്യമാണെങ്കിലും അതൊന്നും ഇത്തരക്കാരെ ആകര്ഷിയ്ക്കുന്നില്ല. അഥവാ താല്പര്യം ഇല്ലായിരുന്നെങ്കില്‍
 കൂടി, ചട്ടക്കാരന്റെ [ഒന്നാം പാപ്പാന്‍‌ ] സഹായി ആയി കൂടി, പണിയെല്ലാം പഠിച്ച് നല്ലൊരു ചട്ടക്കാരന്‍ ആകുമ്പോഴേയ്ക്കും അയാള്‍ക്ക്‌ ആനയെ സ്നേഹിക്കാതിരിക്കാന്‍ പറ്റില്ല. ആനയെ നന്നായി പരിപാലിയ്ക്കാത്ത ചട്ടക്കാരന്റെ കയ്യില്‍ ഒരു മുതലാളിയും അറിഞ്ഞുകൊണ്ട് തന്റെ ആനയെ ഏല്‍പ്പിക്കില്ലല്ലോ [രൂപ 60-80 ലക്ഷം ആണേ....].  

പാപ്പാന്മാരുടെ ന്യായീകരണങ്ങള്‍ എന്തൊക്കെ ആയാലും, അവരുടെ മദ്യപാനം, അകാരണമായി
 ആനയെ ദ്രോഹിയ്ക്കുന്നതിന് കാരണമാകുന്നു. ഇത് മറ്റു അനിഷ്ട സംഭവങ്ങളിലേക്കും, അപകടത്തിലേക്കും നയിക്കുന്നു. അടിച്ച് പൂക്കുറ്റിയായ ചില പാപ്പാന്മാരെ ആന നിയന്ത്രിയ്ക്കേണ്ടി വരുന്നത് ചിലപ്പോഴൊക്കെ നമ്മള്‍ ടിവിയില്‍ കണ്ടിട്ടുണ്ട്. ആനയ്ക്ക് ഏറ്റവും അടുപ്പമുള്ളത് അതിന്റെ ചട്ടക്കാരനുമായിട്ടായിരിക്കും. അതുപോലെ തന്നെ നീരില്‍ [മദംപാട്] ആന ഏറ്റവും കൂടുതല്‍ വെറുക്കുന്നതും അയാളെ തന്നെ [Exceptions ഇല്ലാതില്ല].  

ചില പാപ്പാന്മാരും, ആന മുതലാളിമാരും ക്യാമറയ്ക്ക് മുന്നില്‍ ഘോഷിയ്ക്കുന്നത് കേള്‍ക്കാം തങ്ങളുടെ ആനയെ അടിയ്ക്കാറില്ല, സ്നേഹത്തോടെ പറഞ്ഞു അനുസരിപ്പിയ്ക്കുകയാണ് പതിവ് എന്ന്. പച്ചക്കള്ളം ആണ് ഇത്. ദിവാരേട്ടന്‍ ഇവരെപ്പറ്റി ഗുരുവായൂര്‍ ആനപ്പപ്പാന്മാരോട് സംസാരമദ്ധ്യേ സൂചിപ്പിച്ചപ്പോള്‍ അവരെല്ലാരും കൂടി ആര്‍ത്തുചിരിച്ചു. എന്നിട്ട് പറഞ്ഞു,
"ഞങ്ങള്‍ ആനയെ കാരക്കോല്‍കൊണ്ട് ആണ് അടിയ്ക്കുന്നതെങ്കില്‍ അവര്‍ കമ്പിപ്പാര വച്ച് ആണ് വീക്കുന്നത്" എന്ന്.

ഇന്ന് നമ്മള്‍ ആനയെക്കൊണ്ട്‌ ചെയ്യിക്കുന്ന ജോലികള്‍ ആന സ്വന്തം ഇഷ്ടത്തോടെ ചെയ്യുന്നതൊന്നും അല്ല. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ചെറിയ തോതില്‍ അടിയ്ക്കേണ്ടി വരാറുണ്ട് എന്നത് സത്യം. സ്നേഹം എന്നതുപോലെ തന്നെ ആനയ്ക്ക് ചട്ടക്കാരനെ പേടിയും വേണം, എങ്കിലെ ആന
 ചട്ടക്കാരന്റെ കയ്യില്‍ ഒതുങ്ങുകയുള്ളൂ എന്ന് ആനക്കാരുടെ ഭാഷ്യം.

രണ്ടാമതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുക ഉത്സവം നടത്തിപ്പുക്കാര്‍ക്ക്‌ ആണ്.

8 അടിയ്ക്ക് മേല്‍ ഉയരമുള്ള ഒരു ആന എഴുന്നെള്ളിപ്പ് സമയത്ത് ചുമക്കേണ്ട ഭാരം:

നെറ്റിപ്പട്ടം
കോലം [തിടമ്പ്]
മുത്തുക്കുട
വെണ്‍ചാമരം
ആലവട്ടം
കഴുത്തിലും കാലുകളിലും കെട്ടുന്ന മണി
പുറത്ത്  4 ആളുകള്‍
ചങ്ങല 
എല്ലാം കൂടി ഏകദേശം 500 to 600 kg.

സമയം [പകല്‍ എഴുന്നള്ളിപ്പ്] = 1.00 PM
 മുതല്‍ 7.00 PM = 6 മണിക്കൂര്‍
 
യാത്ര - കത്തുന്ന വെയിലത്ത്‌ ടാറിട്ട റോഡിലൂടെ..

എഴുന്നള്ളിപ്പ് സമയം
 ക്രമീകരിക്കുകയും, കുറയ്ക്കുകയും ചെയ്യുന്നതോടെ [ഉദാ:- ഉച്ചതിരിഞ്ഞ്  4 മുതല്‍ 7 വരെ] ഈ പ്രശ്നത്തിന് വലിയൊരു പരിഹാരമാകും.

ഇനി നാട്ടുകാര്‍ /ഭക്തര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്:-

ആനയെ തൊട്ടു നെറുകയില്‍ വയ്ക്കുന്നതുകൊണ്ട് ഭക്തന്  എന്തെങ്കിലും ഗുണമുള്ളതായി കണ്ടിട്ടില്ല. ചട്ടക്കാരനല്ലാത്തവര്‍ ദേഹത്ത് തൊടുന്നതോ, അടുത്ത് ചെല്ലുന്നതോ ഇഷ്ടപ്പെടാത്ത ആനകള്‍ ഉണ്ട്. പ്രത്യേകിച്ചും ഒറ്റച്ചട്ടം ഉള്ള ആനകള്‍ .

ആന ഒരു വന്യമൃഗം മാത്രമാണ്. അതിന്റെ വാലുകൊണ്ട് [വാലിന്മേല്‍ ഉള്ള രോമം] വളയും, മോതിരവും മറ്റും ഉണ്ടാക്കി ധരിച്ചാല്‍ ചില രോഗങ്ങള്‍  മാറുമെന്നത് വെറും അന്ധവിശ്വാസം ആണ്.

ഒരു പൂരകമ്മിറ്റി ഒന്നിലധികം ആനകളെ എഴുന്നള്ളിയ്ക്കുന്നത് നിരുല്സാഹപ്പെടുത്തണം.

എവിടെയെങ്കിലും ആന ഒന്ന് കന്നംതിരിവ് കാണിച്ചു എന്നറിഞ്ഞാല്‍ പിന്നെ അവിടേയ്ക്ക് ബൈക്കിലും മറ്റുമായി കാണികളുടെ ഒരു പ്രവാഹമായിരിക്കും. ഫലമോ? ആനപാപ്പാനും, പോലീസിനും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ചെറിയ അനുസരണക്കേട്‌ കാണിച്ച ആന ഈ ബഹളം കൂടി കേള്‍ക്കുമ്പോള്‍ കൂടുതല്‍
കുഴപ്പക്കാരനായി മാറുന്നു. ഓര്‍ക്കുക, ആന നിങ്ങളുടെ നേരെ തിരിയാതിരിക്കാന്‍ സ്വന്തം ജീവനെ കണക്കാതെ ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന രണ്ടുമൂന്ന് ആളുകള്‍ അവിടെ ഉണ്ട്.

ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം എഴുന്നള്ളിയ്ക്കുക എന്നതും പരീക്ഷിക്കാവുന്നതാണ് [ഇപ്പോള്‍ കാണാം ആന മുതലാളിയ്ക്ക് മദം പൊട്ടുന്നത്].

മറ്റൊന്ന്, ലോറികളില്‍ ഉള്ള ദൂര യാത്ര കഴിഞ്ഞുവരുന്ന ആനയെ 4-6 മണിക്കൂറിനുശേഷം മാത്രം എഴുന്നള്ളിക്കുക. ഇത്തരത്തിലുള്ള യാത്ര ചില ആനകളില്‍
കുറേ നേരത്തേയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.

ആനകളുടെ നേരെ ഉള്ള പീഡനം കണ്ടു സഹിക്കാനാവാതെ, ഇവയെ കാട്ടിലേക്ക് തന്നെ തിരിച്ചു വിടണമെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. പക്ഷെ, 
ഇത് കൂടുതല്‍ കുഴപ്പം വരുത്തിവയ്ക്കില്ലേ? കേരളത്തില്‍ ഇപ്പോള്‍തന്നെ 600-ന് അടുത്ത് നാട്ടാനകള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക് . [മൈക്രോ ചിപ്പ് പിടിപ്പിച്ചതും, അല്ലാത്തതും കൂടി]. ഇവയെയെല്ലാം ഒന്നിച്ചോ, ഘട്ടം ഘട്ടമായോ കൊണ്ടുവിടാമെന്ന് വച്ചാല്‍ തന്നെ [നടക്കുമെന്ന് തോന്നുന്നില്ല], നാട്ടാനകളെ, കാട്ടാനകള്‍ തങ്ങളുടെ കൂട്ടത്തില്‍ കൂട്ടില്ല. ഫലത്തില്‍ ഇവ ഒറ്റപ്പെടും. അത് ഒറ്റയാന്റെ ഫലം ചെയ്യും. ഒരു ഒറ്റയാന്‍ ഇറങ്ങിയാല്‍ തന്നെ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ നമ്മള്‍ കാണാറുണ്ടല്ലോ!! മാത്രവുമല്ല, നാട്ടിലെ ആളുകളുടെ ഒപ്പം ജീവിച്ച ആന തിരിച്ചു കാടിറങ്ങാനുള്ള സാധ്യത ആണ് കൂടുതല്‍ . 

Monday, June 18, 2012

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍


തവളകള്‍ക്ക് കാലവര്‍ഷം വരുന്നതുപോലെ ആണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ വായനശാലയുടെ വാര്‍ഷികം. എല്ലാവരും ഒന്ന് സടകുടഞ്ഞ്‌ എണീക്കും. പിന്നെ കോളേജില്‍പോക്ക് മുതല്‍ ഫുട്ബോള്‍ /ക്രിക്കറ്റ്‌ കളി, എസ്കോര്‍ട്ട്  [ദേശത്തെ സുന്ദരിമാരെ സുരക്ഷിതമായി കോളേജുകളിലും, സ്കൂളുകളിലും എത്തിക്കുക-തിരിച്ചുകൊണ്ടുവരിക] വരെ പിന്നേയ്ക്ക് വച്ച് എങ്ങനെയൊക്കെ ഷൈന്‍ ചെയ്യാമെന്ന് കൂലങ്കുഷമായി ചിന്തിയ്ക്കും.

ഡാന്‍സ് പഠിയ്ക്കാന്‍ പോകുന്നവരും, അവര്‍ക്ക് കൂട്ട് നടക്കുന്നവരുമായ ചെറിയ പെണ്‍കുട്ടികളുടെ ഡാന്‍സ് [ഇതില്‍ തന്നെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി  ഡപ്പാംകുത്ത് വരെ ഉണ്ടാകും], ഞങ്ങളുടെ നാട്ടിലെ 15 മുതല്‍ 50 വയസ്സുവരെ ഉള്ളവരും, കുഴിമടിയന്മാരും,  ഭക്ഷണം കഴിയ്ക്കുന്നതുപോലും ഭാരിച്ച ഒരു ജോലിയായി കാണുന്നവരുമായ പുരോഗമന കലാസമിതിയുടെ പ്രവര്‍ത്തകര്‍ അഭിനയിക്കുന്ന നാടകം, ഘനജലം അടിച്ച്  ആരുടെയെങ്കിലും കയ്യില്നിന്നുള്ള, നാണപ്പേട്ടന്റെ തല്ലു ഇരന്നു വാങ്ങല്‍ ഇതെല്ലാം കൂടിച്ചേര്‍ന്നത് ആണ്  ഒരു സാധാരണ വാര്‍ഷിക ആഘോഷം.

നാടകാവതരണത്തിന്റെ ആദ്യ പടിയായി സ്ക്രിപ്റ്റ് സെലക്ട്‌ [സ്ത്രീ കഥാപാത്രങ്ങള്‍ എണ്ണത്തില്‍ കുറവുള്ള ഒരു നാടകം] ചെയ്തു. അടുത്തത്  നടിയെ കണ്ടെത്തി ബുക്ക്‌ ചെയ്തു അഡ്വാന്‍സ് കൊടുക്കല്‍ ആണ്. കുറച്ച് റിസ്ക്‌ ആണ്. ഇന്നത്തെ പോലെ റെഡി ഡാറ്റാ ഒന്നും ഉള്ള കാലം അല്ലല്ലോ... അന്വേഷിച്ചു ചെല്ലുന്നിടത്ത് തന്നെ പലപ്പോഴും നടികള്‍ ഉണ്ടാകാറില്ല.

"അപ്പൊ നാളെ തന്നെ എറങ്ങാ ല്ലേ ?" വായനശാലയില്‍ ക്യാരംബോര്‍ഡ്  കളിയ്ക്കുന്നിടത്തുനിന്നും അപ്പുണ്ണിയുടെ ഉഷാറോടെയുള്ള അന്വേഷണം.
"അതിന് നീ എന്തിനാ വരണ്?" ഞാന്‍
"അല്ലാതെ നടിയെ അറിയണോര്  ആരാ ഉള്ളത്?"
"നിനക്ക് നടിയെ അറിയ്വോ?
"എനിക്കറിയില്ല. പക്ഷെ രാമഷ്ണേട്ടന് അറിയാം. രാമഷ്ണേട്ടനെ എനിക്കല്ലേ അറിയൂ?"

അപ്പുണ്ണിയുടെ വല്യമ്മേടെ മോന്‍ ആണത്രേ രാമഷ്ണേട്ടന്‍ . സ്വന്തമായി ഒരു ടൂറിസ്റ്റ് ടാക്സി ഉണ്ട്. അപ്പുണ്ണിയുടെ സ്വാധീനത്താല്‍ , വണ്ടിയ്ക്ക്  ഡീസലും, രാമഷ്ണേട്ടന് തീറ്റയും അടിച്ചുകൊടുത്താല്‍ നടിയുടെ വീട് അന്വേഷിച്ച് പോകാന്‍ വണ്ടിയും കൊണ്ട് അദ്ദേഹത്തെ വരുത്താമെന്ന് പറഞ്ഞ് അപ്പുണ്ണി ഞങ്ങളെ പ്രലോഭിപ്പിച്ചു. പ്രോഗ്രാം നടത്തുന്നതെല്ലാം കമ്മി ബജറ്റില്‍ ആയതിനാല്‍ ഞങ്ങള്‍ വേഗം സമ്മതിച്ചു. 
 
പിറ്റേ ദിവസം രാവിലെ തന്നെ പുറപ്പെട്ടു. അപ്പുണ്ണി കാറിന്റെ മുന്‍സീറ്റില്‍ തന്നെ കയറി, കാറില്‍ ദൈവങ്ങളുടെ പടത്തിനു പകരം വച്ചിരിയ്ക്കുന്ന സില്‍ക്ക് സ്മിതയുടെ ചിത്രത്തില്‍ ഭക്തിയോടെ തൊട്ടു തൊഴുതു [പോകുന്നതും അത്തരം ഒരു കാര്യത്തിനാണല്ലോ...]. ഒരു പത്തിരുപത് കിലോമീറ്റര്‍ ഓടിക്കാണും.  രാമഷ്ണേട്ടന്‍ ഒരു "പൊറാട്ട-കപ്പ-ബീഫ്" ഹോട്ടലിന്റെ മുന്നില്‍ കാര്‍ നിറുത്തി. ആള്‍ക്ക് ഇന്ധനം നിറയ്ക്കണം. രാമഷ്ണേട്ടന്റെ മെനുവില്‍ നാല്‍ക്കാലികള്‍ക്ക് ആണ് മുന്ഗണന. അതില്ലെങ്കില്‍ മാത്രമേ അങ്ങേര് കോഴി, താറാവ്, കാട മുതലായ ചീള് കേസുകളില്‍ കൈ വയ്ക്കു. 

രാമഷ്ണേട്ടന്‍ "പോളിംഗ്" ആരംഭിച്ചു. തീറ്റയുടെ ആക്രാന്തം കണ്ടാല്‍ ആള്‍ ജനിച്ചു വളര്‍ന്നത്‌ സുഡാന്‍ , സോമാലിയ, റുവാണ്ട മുതലായ സമ്പന്ന രാജ്യങ്ങളില്‍ ആണെന്ന് തോന്നും. തീറ്റി ഇങ്ങനെ ആണെങ്കിലും, ഏതൊരു പട്ടിണി രാജ്യത്തിന്റെയും ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കാവുന്ന "വടി"വൊത്ത ശരീരഘടന ആണ്.  ഉത്ഘാടനതീറ്റ തന്നെ ഇങ്ങനെ ആയ നിലയ്ക്ക് ഇനി ഇങ്ങേരെ വിളിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം എന്ന് തോന്നി. 

നടിയുടെ നാട് എത്തി; ഒരു ചെറിയ ചായക്കടയ്ക്ക് മുന്നില്‍ കാര്‍ നിറുത്തി. രാമഷ്ണേട്ടന്റെ വെള്ളടാക്സിയില്‍ [അപ്പുണ്ണിയുടെ ഭാഷയില്‍ ടൂറിസ്റ്റ് ടാക്സിയുടെ വിളിപ്പേര്] ചെന്നിറങ്ങിയ ഞങ്ങള്‍ പിള്ളേരെ പറക്കുംതളികയില്‍ വന്നിറങ്ങിയ പരഗ്രഹ ജീവികളെപ്പോലെ ചായക്കടയില്‍ ഇരിക്കുന്നവര്‍ അത്ഭുതത്തോടെ മിഴിച്ചു നോക്കി. ഏതോ ഉത്സവകമ്മിറ്റിയുടെ "B" ടീം ആണെന്ന് അവര്‍ക്ക് മനസ്സിലായി. നടിയുടെ വീട് കാണിച്ചുതരാന്‍ അവരുടെ അഭ്യുദയകാംക്ഷി  [ന്റെ അമ്മെ.. എന്തൊരു കടുപ്പമുള്ള വാക്ക്] ആയ ഒരു അമ്മാന്‍ ഞങ്ങളുടെ കൂടെ വന്നു. എന്തായാലും നടിയും കുടുംബവും നാട്ടുകാരെ വെറുപ്പിക്കുന്നവര്‍ അല്ലെന്നു തോന്നുന്നു!. അഡ്വാന്‍സ് കൊടുത്ത്, ക്യാമ്പ് റിഹേഴ്സലിന്റെ തിയ്യതി ഫോണ്‍ ചെയ്ത് അറിയിയ്ക്കാമെന്ന് പറഞ്ഞ്, ഒരു പെണ്ണ് പറഞ്ഞ് ഉറപ്പിച്ച സന്തോഷത്തോടെ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു.. 

*                    *                   *                  *
 
റിഹേഴ്സല്‍ എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ഡയലോഗ് പ്രസന്റേഷന്‍ ഒരുവിധം എല്ലാവരും ഭംഗിയായി ചെയ്യുന്നുണ്ട്. അങ്ങനെ നാടകദിവസം വന്നെത്തി. അഭിനേതാക്കളില്‍ പലരും ജീവിതത്തില്‍ ആദ്യമായി അഭിനയിയ്ക്കുന്ന [ഒരുപക്ഷെ അവസാനമായും] നാടകമാണ്. ഇതിന്റെ ഒക്കെ കുറച്ച് ഫോട്ടോ എടുത്ത് വച്ചില്ലെങ്കില്‍ പിന്നെ ഇത്തരം ഒരു സംഭവം തന്നെ ഇനി ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലോ......

 
ഡിജിറ്റല്‍ ക്യാമറ ജനിച്ചിട്ടില്ല. ഉള്ള "സോപ്പ്പെട്ടി ക്യാമറ" തന്നെ അപൂര്‍വ്വം ചില ഗള്‍ഫ്‌ കാരുടെ വീട്ടില്‍ മാത്രം. കുവൈറ്റിലുള്ള ഹൈദ്രോസ് ഇക്കാടെ വീട്ടില്‍ ക്യാമറ ഉണ്ട് എന്ന് വിവരാവകാശനിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന് മറുപടിയായി അപ്പുണ്ണി വെളിപ്പെടുത്തി. അത് എങ്ങനെയും വാങ്ങികൊണ്ട് വരാന്‍ അവന്‍ സന്നദ്ധന്‍ . പിന്നെന്തിന് ടെന്‍ഷന്‍ ?? അപ്പുണ്ണി സൈക്കിളുമെടുത്ത് കത്തിച്ചു വിട്ടു. അരമണിക്കൂറിനുള്ളില്‍ ആള്‍ തിരിച്ചെത്തി.

"കിട്ടീ ട്ടാ..."

അപ്പുണ്ണി ക്യാമറയും കയ്യില്‍ പിടിച്ചുനിന്ന് കിതച്ചു. ഹൈദ്രോസ് ഇക്ക നാട്ടില്‍ വന്ന സമയം ആയതുകൊണ്ട് ക്യാമറ കിട്ടി. കൂടെ ഒരു റോള്‍ ഫിലിമും അദ്ദേഹം ദാനം ചെയ്തു. ഫിലിം ഹൈദ്രോസ് ഇക്ക തന്നെ ക്യാമറയില്‍ ലോഡ് ചെയ്ത് കൊടുത്തു. 

"ഫോട്ടോ ആരാ എട്ക്കാ?"
"അതൊക്കെ യ്ക്ക് അറിയാഡയ്ക്ക. ഹൈദ്രോസിക്ക കാണിച്ചുതന്നിട്ടുണ്ട്. "
ആവൂ... അങ്ങനെ അതിനും ഒരു പരിഹാരായി. ഞാന്‍ ആദരവോടെ, അപ്പുണ്ണിയെ മനസാ നമിച്ചു. 

"എത്ര ഫോട്ടോ കിട്ടും?"
"36 എണ്ണം ന്നാ അങ്ങേര് പറഞ്ഞത്. ചെലപ്പോ 100 ഫോട്ടോടെ ഫിലിം ഒക്കെ ഉണ്ടാവുഡാ, അയ്യാള്‍ ഇമ്മക്ക് തരാതെആവും .."  
അപ്പുണ്ണി തന്റെ വിജ്ഞാനം വിളമ്പി. 
[വെറുതെ അല്ല ഇക്കാലത്ത് ഒരാളും ഒരു ഉപകാരോം ചെയ്യാത്തത്].

നാടകം ആരംഭിച്ചു. അഭിനയത്തിലെ പല ഉജ്ജ്വല മുഹൂര്‍ത്തങ്ങളും അപ്പുണ്ണി ഒരു പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫറുടെ  കൈവഴക്കത്തോടെ ക്യാമറയില്‍ പകര്‍ത്തി. ഒരു ക്യാമറ എന്നതിലുപരി ഫോട്ടോ എടുക്കുന്ന മെഷീന്‍ എന്ന രീതിയില്‍ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തിരുന്നത്. ഒരാളെയും ക്യാമറയുടെ എഴയലത്തേയ്ക്ക് അടുപ്പിച്ചില്ല. ഇതെല്ലാം കണ്ടപ്പോള്‍
ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനെക്കുറിച്ച് നല്ല മതിപ്പ് തോന്നി.

കുറെ ദിവസത്തെ ക്ഷീണം പിറ്റേന്ന് പകലെല്ലാം ഉറങ്ങിതീര്‍ത്ത്, സന്ധ്യയായപ്പോള്‍ എണീറ്റ്‌ കുളിച്ച് വായനശാലയിലേയ്ക്ക് ചെന്നു. അഭിനേതാക്കള്‍ ഒരു വിധം എല്ലാവരും വന്നിട്ടുണ്ട്. നാടകം നന്നായി അവതരിപ്പിയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ട്. കൂട്ടത്തില്‍നിന്ന് അപ്പുണ്ണിയെ തെരഞ്ഞുപിടിച്ചു.


"
നീ ക്യാമറ കൊണ്ട്കൊടുത്ത്വോ?"
"ഇല്ല. ദ്യേ പുവ്വാണ്."

"ക്യാമറേന്ന് ഫിലിം എടുക്കാന്‍ മറക്കേണ്ട."

ഇത് കേട്ടതും അപ്പുണ്ണി ക്യാമറയുടെ പിന്‍ഭാഗം തുറന്ന്, ആരോമല്‍ ചേകവര്‍ ഉറുമി വലിച്ചൂരുന്നപോലെ ഫിലിമിന്റെ അവസാന ഭാഗം പിടിച്ച്‌ പുറത്തോട്ട് വലിച്ചെടുത്തു. ഞങ്ങളുടെയെല്ലാം മികച്ച ഭാവാഭിനയങ്ങള്‍ അടങ്ങിയ ഫിലിം, ഫിലിം കേസില്‍ നിന്നും പുറത്തുവന്ന് ട്യൂബ് ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നഗ്നനായി, നീണ്ടുനിവര്‍ന്ന് കിടന്നു.  ചിലരുടെ തൊണ്ടയില്‍നിന്നും  ഒരു ആര്‍ത്തനാദം ഉയര്‍ന്നു. മറ്റു ചിലരുടെ ശ്വാസം നിലച്ചു. അപ്പുണ്ണിയാകട്ടെ ഇതൊന്നും ശ്രദ്ധിയ്ക്കാതെ, വലിച്ചെടുത്ത ഫിലിം വളരെ സൂക്ഷ്മതയോടെ ഒഴിഞ്ഞ ഫിലിം കേസിന്റെ പുറത്തുകൂടി വട്ടത്തില്‍ പലവട്ടം ചുറ്റി സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചുകൊണ്ട് ഞങ്ങളെ നോക്കി വിജയശ്രീലാളിതനായി പുഞ്ചിരിച്ചു. 

Image Courtesy: www.clipartof.com

Friday, February 10, 2012

ടെക് നിക്കല്‍ സപ്പോര്‍ട്ട് [Technical Support]


"ദിവാരേട്ടാ അനുഗ്രഹിക്കണം"
രാവിലെ തന്നെ നിതിന്‍ നല്ല ഫോമില്‍ ആണ് .

"എന്തെ, നീ ട്രെയിന്‍ ന്  തല വയ്ക്കാന്‍ പോവ്വാണോ?" ഞാന്‍ .

"അതായിരുന്നു ഇതിലും ഭേദം. ഇന്ന് മുതല്‍ എന്നെ
Support Desk-ല്‍ ഇട്ടു.  ആ മൊട്ട HoD, ക്യാബിനില്‍ വിളിച്ച് ഓര്‍ഡര്‍ issue ചെയ്യുമ്പോള്‍ ചേട്ടനും പല്ലിളിച്ച് അവിടെ ഇരുപ്പുണ്ടായിരുന്നില്ലേ? ഒരു വാക്ക് അയാളോട് പറയാരുന്നില്ലേ, ഞാന്‍ Desk-ല്‍ ശരിയാവില്ല എന്ന്... "

"സാരമില്ലെടാ..  ആ പണിയും ആരെങ്കിലും ചെയ്യണ്ടേ..."

അത് കേട്ട്
ഗോവര്‍ദ്ധനും, പിങ്കിയും ഊറിച്ചിരിച്ചു.

"എന്താടി കിണിക്കിണ്?"
അവന്‍ പിങ്കിയുടെ നേരെ.
അവള്‍ ഒന്നുമില്ലെന്ന് തോള്‍ വെട്ടിച്ച് കാണിച്ചു.

"ഇനി ഞാന്‍ നിനക്ക് ഒരക്ഷരം മലയാളം പഠിപ്പിച്ചു തരില്ല...." പിങ്കിയോട് വീണ്ടും.


പിങ്കി ഞങ്ങളുടെ കൂടെ കൂടി മലയാളം പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിതിന്‍ ആണ് ഗുരു. അവന്റെ പാട് കണ്ടാല്‍ അവനാണ് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന് തോന്നും. മലയാളം സംസാരിക്കാന്‍ മാത്രമേ പഠിപ്പിക്കുകയുള്ളൂ. കാരണം, എഴുതാനും വായിക്കാനും, മുംബയില്‍ ജനിച്ചു വളര്‍ന്ന ഗുരുവിനു തന്നെ ഇത്തിരി കഷ്ടി ആണേ...

നിതിന്‍ കലിപ്പോടെ പാഞ്ഞു ചെന്ന്
ഗോവര്‍ദ്ധന്റെ deodorant എടുത്ത് സ്വന്തം ശരീരം മുഴുവനും, കീടനാശിനി തളിക്കുന്നതു പോലെ തലങ്ങും, വിലങ്ങും വീശിയടിച്ചു.

പൊതുവെ Development ടീമിലെ ആരും തന്നെ
Support Desk-ല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്മെന്റ് ആണ്. എന്തായാലും ഒരു മാസം അതില്‍ ഇരിക്കട്ടെ, പിന്നീട് വേണമെങ്കില്‍ മാറ്റാന്‍ നോക്കാം എന്ന് മനസ്സില്‍ വിചാരിച്ചു.

പക്ഷെ പിന്നീടുള്ള ദിവസങ്ങള്‍ ഞങ്ങളെ എല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് യാതൊരു പരാതിയും ഇല്ലാതെ നിതിന്‍ ജോലി ചെയ്തു. അതിനു ശേഷം മൊബൈല്‍ വിളി കൂടിയോ എന്ന് ഞാനൊന്നു സംശയിച്ചു. 

.

ഒരു week-end ബിയര്‍ അടിയില്‍ ഗോവര്‍ദ്ധന്‍ ആണ് പറഞ്ഞത് നിതിന് ഒരു പുതിയ girl friend-നെ കിട്ടിയ വിവരം.
പേര് നീലിമ. ഡല്‍ഹിയില്‍ ഉള്ള ഞങ്ങളുടെ തന്നെ ഒരു client-ന്റെ ഓഫീസിലെ പെണ്‍കുട്ടി ആണ്. Support ല്‍ ഇരുന്ന ആദ്യത്തെ ആഴ്ചയില്‍ തന്നെ ഒപ്പിച്ചെടുത്തത് ആണ്.

"ശരിയാണോടാ?" ഞാന്‍ .
നിതിന്‍ chilled beer ന്റെ കുളിരുള്ള ചിരിയോടെ തലയാട്ടി.


"ആ കുട്ടി technical support ആവശ്യപ്പെട്ടു. ഇവന്‍ , ഇവന് അറിയാവുന്ന support കൊടുത്തു; That's all...." ഗോവര്‍ദ്ധന്‍
അവനെ ഒന്ന് കൊട്ടി.


"ആറടി ഉയരം, athletic built അങ്ങനെ എന്തൊക്ക്യാ ഇവന്‍ അവളോട്‌ അടിച്ച് വിട്ടിരിക്കുന്നത് എന്നറിയ്വോ?" ഗോവര്‍ദ്ധന്‍ .


'ഉള്ളതാണോടാ' എന്നാ മട്ടില്‍ ഞാന്‍ 5' 2" ഉള്ള അവന്റെ "ബാഡി"യിലേക്ക് ഒന്ന്  നോക്കി. അവന്‍ ഏതാണ്ട്  ഉപ്പിലിട്ട  പരുവത്തില്‍ ഒന്ന് ചുരുങ്ങി, "ഞാന്‍  ഭക്ഷണം വിളിച്ചു പറയാം"  എന്ന് പറഞ്ഞ്, ഹോട്ടലിലേക്ക് ഫോണ്‍ ചെയ്യാന്‍ എന്ന ഭാവേന മൊബൈലും കയ്യിലെടുത്ത് ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. എന്തായാലും കൂടുതല്‍ ഗുലുമാലൊന്നും ഒപ്പിച്ചില്ലല്ലോ  എന്ന് ഞാന്‍ സമാധാനിച്ചു.


*                            *                           *                            *

അടുത്ത  ഒരാഴ്ച ജോലി സംബന്ധമായി നാഗ്പൂരില്‍ ആയിരുന്നു. തിരിച്ചുവന്നപ്പോള്‍ ഫ്ലാറ്റിലെ ഒച്ചയും, ബഹളവും എല്ലാം കുറഞ്ഞിരിയ്ക്കുന്നു. ഒരാഴ്ചകൊണ്ട് ഇവന്മാരെല്ലാം [ഒരു ഇവളും] ഇത്രയും decent ആയോ? പിങ്കിയുടെയും, നിതിന്റെയും മുഖത്ത് നല്ല തെളിച്ചമില്ല. കൂടുതല്‍ അന്വേഷണം പതിവുപോലെ week-end ല്‍ ആകാമെന്ന് വച്ചു. അതുവരെയുള്ള ദിവസങ്ങളിലും നിതിനും, പിങ്കിയും തമ്മില്‍ ഒന്നും സംസാരിക്കുന്നതും കണ്ടില്ല. മലയാളം പഠിക്കലും, പഠിപ്പിക്കലും എല്ലാം ഏതാണ്ട് നിലച്ച മട്ട് ആണ്. 

ആ weekend __

തത്ത ചീട്ട് എടുക്കുന്നതുപോലെ ഗോവര്‍ദ്ധന്‍ ബീയറിന്റെ ക്യാന്‍ കയ്യിലെടുത്തു. അതിന് ശേഷം അവന്റെ മുക്കൂട്ട്‌ ഭാഷയില്‍  [ഇംഗ്ലീഷും, ഹിന്ദിയും, മലയാളവും] കിളിപ്പാട്ട് ആരംഭിച്ചു. അത് ഇങ്ങനെ...

"നിതിന്റെ ലൈന്‍ അവനുമായി അടിച്ചുപിരിഞ്ചു , ചേട്ടാ..." ഗോവര്‍ദ്ധന്‍ .

"എന്തിന്?" ഞാന്‍

"അത് Just a misunderstanding" ഗോവര്‍ദ്ധന്‍

"കാര്യം തെളിച്ച് പറ..."  ഞാന്‍

"ആ കുട്ടിയോട് ആരോ പറഞ്ഞു അവന്റെ ശാദി [ शादी=കല്യാണം] കഴിഞ്ഞതാണെന്നും, രണ്ട്  കുട്ടികള്‍ ഉണ്ടെന്നും ....."

"ആര് ?"

"അവന് doubt പിങ്കിയെ ആണ്.."

"അതിനും വേണ്ടേ ഒരു കാരണം; അങ്ങനെ സംശയിക്കാന്‍ ... " ഞാന്‍


ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ഇരുന്ന പിങ്കി ഒന്നും മിണ്ടാതെ എണീറ്റ്‌ ടെറസ്സിലേക്ക് പോയി. 


"പിങ്കി തന്ന്യാ എന്നോട് പറഞ്ഞത്". ഗോവര്‍ദ്ധന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.


മലയാളം പഠിക്കുന്നതിന്റെ ഭാഗമായി, ശിഷ്യ ഗുരുവിനോട് എവിടെന്നോ കേട്ട ഒരു മലയാളം വാക്കിന്റെ അര്‍ത്ഥം ചോദിച്ചിരുന്നു. ഗുരു "മുടി" എന്ന് അര്‍ത്ഥവും പറഞ്ഞു കൊടുത്തു. സംഭവം തെറി ആണെന്ന് ഗുരു വിശദീകരിച്ചില്ല, ബംഗാളിയായ ശിഷ്യ അതൊരു സാധാരണ വാക്ക് ആയി മനസ്സിലാക്കുകയും ചെയ്തു.


അടുത്ത ദിവസം പിങ്കി, ഹെയര്‍ ഡ്രസ്സ്‌ ചെയ്യിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി. ഞങ്ങളുടെ അടുത്ത ബില്‍ഡിംഗ്‌ ല്‍ താമസിക്കുന്ന മറ്റൊരു മലയാളി പെണ്‍കുട്ടിയെ [ഞങ്ങളുടെ പരിചയക്കാരി] കണ്ടു. വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഹെയര്‍ ഡ്രസ്സ്‌ ചെയ്യാന്‍ വന്നതാണെന്ന്, അതുവരെ പഠിച്ച മലയാളത്തില്‍ പറഞ്ഞു. പക്ഷെ ഉപയോഗിച്ച വാക്ക്, ഗുരുവിനോട് സംശയനിവൃത്തി വരുത്തിയിരുന്ന വാക്ക് ആയിപ്പോയി എന്ന് മാത്രം.  മലയാളം പറഞ്ഞ് മലയാളിയായ പരിചയക്കാരിയെ ഒന്ന് ഞെട്ടിക്കുക എന്നെ ഉദ്ദ്യേശിച്ചുള്ളൂ. മുടിയെ സംബോധന ചെയ്ത വാക്ക് കേട്ട്, പരിചയക്കാരിക്ക് ആദ്യം ഷോക്കടിച്ചു, പിന്നെ കത്തി. ചിരിച്ച് ചിരിച്ച്  കുഴഞ്ഞ് ആ കുട്ടി ഒരു പരുവമായി.


പിങ്കി, ആകെ ചമ്മി നാശാകോശമായി, ഹെയര്‍ ഡ്രെസ്സിംഗ്  എല്ലാം പിന്നേക്ക് മാറ്റിവച്ച്, നിതിനെ കൊന്നിട്ട് എത്രയും പെട്ടന്ന് ജയിലില്‍ പോകാം എന്ന് ഉറപ്പിച്ച്, നേരെ വച്ചടിച്ചു ഞങ്ങളുടെ ഫ്ലാറ്റിലേയ്ക്ക്. നിതിന്‍ കുളിയ്ക്കാന്‍ ബാത്‌റൂമില്‍ കയറിയ സമയം. സകലമാന കൂതറ പരസ്യപാട്ടുകളും അവയുടെ orchestration-ഓടുകൂടി അട്ടഹാസരൂപത്തില്‍ ബാത്‌റൂമില്‍ നിന്നും കേള്‍ക്കാം. ആഘോഷമായി നീരാടുകയാണ്. 


പെട്ടന്ന് നിതിന്റെ മൊബൈല്‍ അലറി. Martin Cooper [മൊബൈല്‍ ഫോണ്‍ കണ്ടുപിച്ച ആള്‍ ] കേട്ടിരുന്നെങ്കില്‍ അവന്റെ ചെകിടത്ത് അടിച്ചേനെ; ഇത്രയും വൃത്തികെട്ട ഒരു റിംഗ് ടോണ്‍ വച്ചതിന്. പിങ്കി ഫോണ്‍ എടുത്തു. Display-ല്‍ blink ചെയ്യുന്നു  

Nilima calling  


[ഇനിയുള്ളത്, പിങ്കി ഗോവര്‍ദ്ധനോട് പറഞ്ഞത് ]


Hi Nit....

പിങ്കി ഒന്ന് ഞെട്ടി. ഒരു മാസം കൊണ്ട് ലവള്‍ ഇവന്റെ പേര് വരെ മാറ്റി കളഞ്ഞോ????
Hi

Where's Nitin?

He's in bathroom.

Who's this?


പിങ്കി ഒരു നിമിഷം ആലോചിച്ചു.  എന്നിട്ട് പറഞ്ഞു:
I'm his wife.


പെട്ടന്ന് അപ്പുറത്തെ ശബ്ദം നിലച്ചു. കുറച്ചുകഴിഞ്ഞ് വിറയലോടെ നീലിമ ചോദിച്ചു.


Is he married?

Yep.. blessed with 2 sons. കിടക്കട്ടെ ഒരു വെയിറ്റ്.


അപ്പുറത്തെ ഫോണ്‍ കട്ട്‌ ആയി.


*                          *                            *                             *


പുതിയ trainees എത്തിയതോടെ  Development-ല്‍ നിന്നുള്ളവരെ തിരിച്ച് അങ്ങോട്ട്‌ തന്നെ വിടാന്‍ തീരുമാനമായി. അടുത്ത ദിവസം തന്നെ HoD യെ കണ്ടു. ലിസ്റ്റില്‍ ആദ്യത്തെ ആള്‍ നിതിന്‍ നെ ആക്കി ഓര്‍ഡര്‍ ഇഷ്യൂ ചെയ്യിച്ച് ഓഫീസില്‍നിന്നും ഇറങ്ങി. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ടെറസ്സില്‍ നിന്നും സംസാരം കേട്ടു. ഇതേത്‌ "ബാസ" എന്ന് മനസ്സിലാകാതെ കയറിച്ചെന്നു. നിതിനും പിങ്കിയും കൂടി മലയാളം സംസാരിക്കുകയാണ്. ഒരു ഭാഷ, ഇത്രയധികം തെറ്റുകളോടെ ഇത്രയും ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കേ കഴിയൂ എന്നെനിയ്ക്ക് ബോദ്ധ്യമായി.


വീണ്ടും പിങ്കി തന്നെ ഇടപെട്ട് അവന്റെ "ഡല്‍ഹി ലൈന്‍ " reconnect ചെയ്തിരിയ്ക്കുന്നു.  എന്നെ കണ്ടതും നിതിന്‍ വലിയ സന്തോഷത്തില്‍ പറഞ്ഞു:


"ചേട്ടാ,  എന്നെ support-ല്‍ തന്നെ ഇരുത്താന്‍ ആ HoD യോട് ഒന്ന് പറയണം, ട്ടോ."


ഇത് കേട്ടതും ഞാന്‍ "ശശി" ആയി അവിടെ തന്നെ നിന്നുപോയി.
.
 *                    *                       *                    *
.

Saturday, May 21, 2011

അനൌണ്‍സര്‍ അപ്പുണ്ണി

.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് .....


റെയില്‍വേ സ്റ്റേഷനില്‍ ഈ അനൌണ്‍സുമെന്റ് കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ അപ്പുണ്ണിയെ ഓര്‍ക്കാറുണ്ട്__ 


അപ്പുണ്ണിയുടെ ഒരേയൊരു വീക്ക്‌നസ്സ് ആയിരുന്നു മൈക്ക്. മൈക്കിലൂടെ സ്വന്തം ശബ്ദം നാട്ടുക്കാരെ കേള്‍പ്പിക്കാനുള്ള ഒരു അവസരവും അപ്പുണ്ണി പാഴാക്കാറില്ല. ഞങ്ങളുടെ നാട്ടില്‍ ഒരു Registered Announcer ഇല്ലാത്തതുകൊണ്ട്, സൌജന്യ കന്നുകാലി ചികിത്സ ക്യാമ്പ് നടത്തുന്ന വിവരം ജനങ്ങളെ അറിയിക്കാന്‍ വഴിയില്ലാതെ പഞ്ചായത്ത് പ്രസിഡണ്ട്‌  ഓടിപ്പായുന്നതായി  ആരോ അപ്പുണ്ണിയോട്  അറിയാതെ ഒന്ന് പറഞ്ഞ് പോയി. അടുത്ത പത്ത് നിമിഷത്തിനുള്ളില്‍ അപ്പുണ്ണി, പ്രസിഡണ്ട്‌ സമക്ഷം ഹാജര്‍ . അപ്പുണ്ണി ഇച്ഛിച്ചതും, പ്രസിഡണ്ട് കല്പിച്ചതും മൈക്ക്. ‌അപ്പുണ്ണി ആനന്ദസാഗരത്തില്‍ ആറാടി, എഴാടി അങ്ങനെ പത്തു വരെ ആടി.
പ്രസിഡണ്ട്‌ ഓഫര്‍ ചെയ്ത ഫണ്ട്‌ അപ്പുണ്ണി പോട്ടെ പുല്ലെന്ന് വച്ചു. മൈക്കിനുമെലെ ആണോ ഒരു ഫണ്ട്‌...!!!


ക്യാമ്പ് സ്ഥലം, ഞങ്ങളുടെ ഗ്രാമീണ വായനശാല തന്നെ. [വേറെ എവിടെയെങ്കിലും വച്ച് നടത്തുകയാണെങ്കില്‍ സ്ഥലത്തിന് വാടക കൊടുക്കേണ്ടിവരുമെന്ന്  പ്രസിഡന്‍ഡിന്   അറിയാം]. അപ്പുണ്ണി ഒട്ടും സമയം കളയാതെ, അനൌണ്‍സ്  ചെയ്യാനുള്ള "മാറ്റര്‍ " എഴുതാനായി പേനയും, കടലാസ്സുമായി എത്തി; 

"ഡാ ദിവാരാ.... അതൊന്ന് എഴുതിത്താ ഡാ   .... "

എഴുതിക്കഴിഞ്ഞതും അത് പിടിച്ചുവാങ്ങി ഒന്ന് വായിച്ചു നോക്കി അപ്പുണ്ണി സന്ദേഹത്തോടെ എന്നെ നോക്കി ചോദിച്ചു:

"ഒന്നുകൂടി ഉഗ്രനാക്കണോ ....?"

"ഇത് മൃഗങ്ങള്‍ടെ  അല്ലേടാ ... ഇത്രേ ഒക്കെ മതി. അടുത്തു തന്നെ കുഷ്ഠരോഗ നിവാരണ ക്യാമ്പ് വക്കുന്നുണ്ട്. അപ്പൊ മ്മക്ക് ഗംഭീരാക്കി എഴുതാം..." ഞാന്‍
പറഞ്ഞു.

അധികം താമസിയാതെ തന്നെ ഒരു കോളുകൂടി ഉണ്ടെന്ന് കേട്ടതും അപ്പുണ്ണി പ്രകാശിച്ചുകൊണ്ട് തുടര്‍ന്നടപടികളില്‍ വ്യാപൃതനായി.


പിന്നീടങ്ങോട്ട് അപ്പുണ്ണിക്ക്  tight schedule ആയിരുന്നു. [തെറ്റിദ്ധരിക്കല്ലേ... അനൌണ്‍സുമെന്റ് വകയില്‍ അപ്പുണ്ണി കാലണ പോലും ചാര്‍ജ് വാങ്ങാറില്ല. അത് അപ്പുണ്ണിയുടെ വക, ഞങ്ങള്‍ നാട്ടുകാര്‍ക്കുള്ള സേവനം ആണ്]. കന്നുകാലി, കുഷ്ഠരോഗം, പുകയില്ലാത്ത അടുപ്പ് ..... മൊത്തത്തില്‍ അപ്പുണ്ണിക്ക് നല്ല വര്‍ക്ക്‌ ലോഡ്. പക്ഷെ, പുകയില്ലാത്ത അടുപ്പില്‍ ചെറിയൊരു നാക്ക് പിഴവ് അഥവാ വാക്ക് പിഴവ് പറ്റി...

പുകയില്ലാത്ത അടുപ്പിനെപ്പറ്റിയുള്ള ബോധവല്‍ക്കരണത്തിനുവേണ്ടി, അടുത്തുള്ള അമ്പലത്തില്‍ കലം മയക്കുന്ന [പൊങ്കാല] ദിവസം ആണ് പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്തത്. അമ്പലപ്പറമ്പില്‍ തന്നെ ഒരു ചെറിയ ഷെഡ്‌ കെട്ടി demonstration ന് വേണ്ടി അടുപ്പ് തയ്യാറാക്കി വച്ചു. കുരങ്ങ് തന്റെ കുഞ്ഞിനെ എന്ന പോലെ അപ്പുണ്ണി, മൈക്കും നെഞ്ചത്ത്‌ ചേര്‍ത്ത് പിടിച്ച്‌ [താഴെ വച്ചാല്‍ വേറെ ആരെങ്കിലും എടുത്തു അനൌണ്‍സുമെന്റ് തുടങ്ങിയാലോ] മുന്നില്‍ തന്നെ അടുപ്പിന്റെ അടുത്ത്, കുറ്റി തറച്ച പോലെ നിന്നു. പെണ്‍പിള്ളേരുടെ പ്രവാഹം കണ്ട്, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ എണ്ണത്തിനെ നോക്കുക എന്ന പോളിസിയില്‍ ഞങ്ങള്‍
"ചെത്ത്‌"കള്‍ തമ്മില്‍ തമ്മില്‍ മത്സരിക്കുകയായിരുന്നു.

അപ്പോള്‍ അതാ വരുന്നു ഉജാല കമ്പനിയില്‍ ജോലി ചെയ്യുന്ന ദമയന്തിചേച്ചി. ദയ
മന്തി ചേച്ചി എന്ന് വിളിച്ചാലും തെറ്റൊന്നും ഇല്ലാത്ത ഒരു ശരീരത്തിന് ഉടമ. ചേച്ചിയുടെ പല്ല് മാത്രമേ ഉജാല compatible ആയി ഉള്ളു. ശരീരം കണ്ടാല്‍ അമാവാസിക്ക്, അമാവാസിയില്‍, കറുത്ത വാവിന്റെ അന്ന് ഉണ്ടായ മോള് ആണെന്നേ  ആരും പറയൂ.

ദമയന്തി ചേച്ചിയെ കണ്ടപ്പോള്‍ നിര്‍ദോഷമായ ഒരു ആത്മഗതം അപ്പുണ്ണിയില്‍ നിന്നും പുറത്ത് വന്നു__


"ഈ ദമയന്ത്യേച്ചിക്ക് കൊറച്ച് ഉജാല കുടിച്ചൂടെ ... ആ ശരീരെങ്കിലും ഒന്ന് വെളുക്കും..!!"

മൈക്ക് ഓണ്‍ ചെയ്തിരുന്ന കാര്യം അപ്പുണ്ണി അറിയാതെയാണോ അതോ മറന്നു പോയതോ??!!


രണ്ടായാലും, പുകയില്ലാത്തെ അടുപ്പിന്റെ വിവരണത്തിനൊപ്പം വന്ന നിര്‍ദ്ദേശത്തെ നാട്ടുകാര്‍ കൂവിക്കൊണ്ട് എതിരേറ്റു.  

ദമയന്തിചേച്ചി വാളൊന്നും എടുക്കാതെ തന്നെ കോമരമായി അമര്‍ത്തിച്ചവുട്ടി നേരെ ഷെഡിനകത്തോട്ട്  കയറി വന്നു. അപ്പുണ്ണിയുടെ ചെവിയില്‍ പിടിച്ച്‌ കുറച്ച് നേരം ട്യൂണ്‍ ചെയ്ത് വന്ന പോലെ തന്നെ ഇറങ്ങി പോയി. ഒരു കുഴിമിന്നി പ്രതീക്ഷിച്ചത് വെറും ഒരു ചൈനീസ്‌ പടക്കത്തില്‍ ഒതുങ്ങിയതില്‍ ഞങ്ങള്‍ ആശ്വസിച്ചു. ഷേവ് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ മീശ മുറിഞ്ഞു പോയതുകൊണ്ട് ക്ലീന്‍ ഷേവ് ചെയ്യേണ്ടിവന്നവന്‍ ചെയ്യുന്നതുപോലെ അപ്പുണ്ണി കുറച്ച് നേരം ചെവിയും പൊത്തിപ്പിടിച്ചു ഇരുന്നു.

എന്തായാലും ഈ സംഭവം കര്‍മ്മ രംഗത്ത് അപ്പുണ്ണിക്ക് ഒരു ബ്ലാക്ക്‌ മാര്‍ക്ക് ആയി. ഈ മാര്‍ക്ക്‌ ഒന്ന് പെയിന്റ് ചെയ്ത് വൈറ്റ് ആക്കാനുള്ള സാവകാശം കിട്ടുന്നതിനുമുന്പു തന്നെ അപ്പുണ്ണി വടകര, കണ്ണപുരം, മദ്രാസ്‌ തുടങ്ങിയ വിദേശ
രാജ്യങ്ങളിലേക്ക് പര്യടനത്തിന് ഇറങ്ങി. അവസാനം ബോംബെ എന്ന ഗ്രഹത്തില്‍ തമ്പടിച്ചു. അവിടെനിന്നും അവന്റെ അമ്മക്ക് ഒരു ഇമെയില്‍ [നമ്മടെ പഴയ ഇളം നീല നിറത്തിലുള്ള ഇന്‍ലാന്‍ഡ്‌ തന്നേന്നെ...] അയച്ചു. പക്ഷെ, From അഡ്രസ്സില്‍ "Appunni, Bombay" എന്ന് മാത്രമേ ഉള്ളു. ഇങ്ങനെ ഒക്കെ കത്തിന് അഡ്രസ്സ് എഴുതിയാല്‍ കിട്ടാന്‍ മാത്രം അപ്പുണ്ണി ബോംബെയില്‍ പ്രശസ്തനായതില്‍ ഞങ്ങള്‍ നാട്ടുകാര്‍ സന്തോഷിച്ചു.

പിന്നീട് അപ്പുണ്ണിയുടെ കത്തുകളൊന്നും തന്നെ വന്നില്ല. അപ്പുണ്ണിയുടെ അമ്മയുടെ അഭ്യര്‍ഥനയെ മാനിച്ച്, നാട്ടിലെ ഫോറന്‍സിക് ടീം [മറ്റുള്ളവരുടെ കുറ്റങ്ങളും, കുറവുകളും യാതൊരു ഉപകരണങ്ങളുടെയും സഹായം ഇല്ലാതെ തന്നെ കണ്ടുപിടിക്കുന്നവര്‍ ] അപ്പുണ്ണി അയച്ച കന്നി കത്ത് അതിവിദഗ്ദമായി പരിശോധിച്ച്  അത് അയച്ചിരിക്കുന്നത് ബോംബെ-25 ല്‍ നിന്നും  ആണെന്ന് തെളിയാത്ത തപാല്‍ മുദ്രയില്‍നിന്നും കണ്ടെത്തി.


ഇനി ബോംബെ-25 എവിട്യാണപ്പാ ??!!


അത് ബോംബെ-24 ന്റെ അടുത്താണെന്ന് നാണപ്പേട്ടന്‍ പ്രഖ്യാപിച്ചു. ഇദ്ദേഹം പണ്ടൊരിക്കല്‍ ഷിര്‍ദ്ദിയില്‍ സായിബാബ ദര്‍ശനത്തിന്‌ ഉള്ള യാത്രയില്‍ , ഹാലിയുടെ വാല്‍നക്ഷത്രം പോലെ, ബോംബെയ്ക്ക് 35 കിലോമീറ്റര്‍ അകലെക്കൂടി കടന്നു പോയിട്ടുണ്ട്. അതുകൊണ്ട് ബോംബെയെകുറിച്ച് നല്ല അറിവുണ്ട്.   

അധികം താമസിയാതെ, 
ആന  സഹായിച്ച്, ദിവാരേട്ടനും ബോംബയിലേക്ക് നാട് കടത്തപ്പെട്ടു. ഓരോ തവണ നാട്ടില്‍ ചെല്ലുമ്പോഴും അപ്പുണ്ണിയുടെ അമ്മ എന്നെ കാണാന്‍ വരും. പണ്ട് അപ്പുണ്ണി അയച്ച, പഴക്കം കൊണ്ട് നീല നിറം മാറി വെള്ളയായ കത്തും കയ്യില്‍ പിടിച്ചുകൊണ്ട്; അപ്പുണ്ണിയെ എങ്ങാനും കണ്ട്വോ എന്ന് അറിയാന്‍ . കുറച്ചു നേരം കരയും, തിരിച്ചു പോകും. ആരായാലും വേണ്ടില്ല, ബോംബയില്‍ ആണെന്ന് പറഞ്ഞാല്‍ ഉടനെ ആയമ്മ ചോദിക്കും, ബോംബെ എത്രയില്‍ ആണെന്ന്. അവരെ സംബന്ധിച്ചേടത്തോളം "ബോംബെ-25" എന്ന പേരില്ലാത്ത, നമ്പര്‍ മാത്രമുള്ള തുരുത്ത് ആയിരുന്നു അപ്പുണ്ണിയുടെ സ്ഥലം.

കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോള്‍ പതിവുപോലെ അപ്പുണ്ണിയുടെ അമ്മ വന്നില്ല. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, ഇനിയും വരാത്ത അപ്പുണ്ണിയെ കാത്തുനില്‍ക്കാതെ, ആറുമാസം മുമ്പ് അവരും യാത്രയായി എന്ന്.


അപ്പുണ്ണിക്ക്  വേണ്ടിയുള്ള എന്റെ കണ്ണുകള്‍കൊണ്ടുള്ള  അന്വേഷണം ഞാന്‍ അവസാനിപ്പിച്ചു. പക്ഷെ എന്റെ ഹൃദയം ഇപ്പോഴും കാതോര്‍ക്കുന്നു__

ഏതെങ്കിലും, എവിടെയെങ്കിലും ഒരു മൈക്കിലൂടെയുള്ള അനൌണ്‍സുമെന്റുമായി അപ്പുണ്ണിയുടെ വരവിനായി ...

Image courtesy : coolclips.com

Tuesday, February 1, 2011

കണ്ണപുരത്തെ നാഗന്മാര്‍



ഇത് ഒരു പഴയ കഥ. കേരളസര്‍ക്കാര്‍ ചാരായം നിരോധിക്കുന്നതിനും വളരെ മുന്‍പ്,
കണ്ണപുരത്തെ 'നാഗ'ന്മാരുടെ [അടിച്ച് പാമ്പ്‌ ആകുന്നവരുടെ] ഐശ്വര്യപൂര്‍ണമായ ഒരു ഭൂതകാലത്ത് നടന്നത്.....
 
തേജസ്സുറ്റ ഒരു സന്ധ്യ. ഷാപ്പുകാരന്‍ കണാരേട്ടന്‍ സ്വന്തം ചിത്രകൂടക്കല്ലിനരികില്‍ വരച്ച കളത്തില്‍ വന്ന്, നൂറും പാലും കൈക്കൊള്ളാന്‍ പ്രദേശത്തെ അറിയപ്പെടുന്ന 'പാമ്പു'കള്‍ എല്ലാം എത്തിത്തുടങ്ങി. ചിലര്‍ പകലത്തെ അധ്വാനം കഴിഞ്ഞ് ദേഹശുദ്ധി വരുത്തിയവരും, മറ്റു ചിലര്‍ ഇത്തരം ശുദ്ധിയിയിലൊന്നും വലിയ വിശ്വാസമില്ലാത്തവരും.

കണാരേട്ടന്‍ "പാമ്പു"കളുടെ ഇടയിലൂടെ ഒന്ന് കണ്ണോടിച്ചു. ഒരു ദിവസം പോലും താന്‍ നല്‍കുന്ന തീര്‍ത്ഥം നിരാകരിക്കാത്ത, തന്റെ എക്കാലത്തെയും ഉറപ്പുള്ള കസ്റ്റമര്‍ ആയ ശങ്കരനാഗം ഇനിയും വെളിച്ചപ്പെട്ടിട്ടില്ല. കാതില്‍ മാണിക്ക്യം ചൂടിയ കരുത്തനായ നാഗന്‍ . ഒരേ സമയം 8-10 തവണ വരെ നൂറ് [100 മില്ലീ] ഉള്‍ക്കൊള്ളുന്നവന്‍ .  നട്ടെല്ലിന് പാമ്പന്‍ പാലത്തിന്റെ ഉറപ്പുള്ളവന്‍ . "പാമ്പു"കളിലെ നാഗരാജന്‍ .

കുറച്ച് വൈകി എത്തിയതിന്റെ പ്രായശ്ചിത്തം എന്ന പോലെ, വന്ന മൂച്ചിന് തന്നെ ഒരു ഫുള്‍ ഗ്ലാസ് ചാരായം വാങ്ങി, നിന്ന നില്‍പ്പില്‍ വിഴുങ്ങി, ശങ്കരന്‍ വിജഗീഷുവിനെപ്പോലെ അവിടെ കൂടിയിരിക്കുന്ന "നീര്‍ക്കോലി"കളെയും, "ചേര"കളെയും നോക്കി. തുടര്‍ന്നങ്ങോട്ട് ഏത് കുടിയനും അസൂയപ്പെടും വിധം ഉള്ള "തെക്ക്" ആയിരുന്നു. അതും "ടച്ചിങ്ങ്സ്" എന്ന ആര്‍ഭാടം ഒട്ടും ഇല്ലാതെ. 


ഒരു മണിക്കൂര്‍ കൊണ്ട് വയറ്റില്‍ കൊള്ളാവുന്ന അത്ര കുടിച്ച് ശങ്കരന്‍ പോകാനായി എണീറ്റു. നിന്ന നില്‍പ്പില്‍ വൈന്റ് കഴിയാറായ പെന്‍ഡുലം കണക്കെ മെല്ലെ ആടി. പിന്നെ എന്തോ, കണി ശരിയല്ലാത്തതുകൊണ്ട് വീണ്ടും അവിടെത്തന്നെ ഇരുന്നു... ചുരുണ്ടു.... മടങ്ങി....

കുടിച്ച ചാരായത്തിന്റെ പൈസ കണാരേട്ടന്‍ , ശങ്കരന്റെ കണക്കില്‍ തങ്കലിപികളാല്‍ കോറിയിട്ടു. ഷാപ്പ്‌ അടക്കുന്ന സമയം കഴിഞ്ഞിട്ടും വീട്ടില്‍ പോകാതെ, താഴോട്ടും നോക്കി ഇരിക്കുന്ന ശങ്കരനെ നോക്കി കണാരേട്ടന്‍ ചോദിച്ചു.

"ഞ്ഞി പൊരേ പോണ് ല്ലേ ശങ്കരാ?"
"ദേ കീയിണ്. ചേനാര് പൂട്ടിക്കള..."

പുര എന്ന്  പറയാന്‍
ശങ്കരന്  കാര്യമായിട്ടൊന്നും ഉണ്ടായിരുന്നില്ല. മണ്ണു വച്ചു പണിത ആള്‍ ഉയരത്തിലുള്ള ഭിത്തി; അതിന്റെ മേലെ പേരിനു മാത്രമുള്ള കഴുക്കോലില്‍ കാറ്റില്‍ പറന്നു പോകാതെ ബാക്കി നില്‍ക്കുന്ന കുറച്ച് കരിയോലകള്‍ . കഴിഞ്ഞ രണ്ട് വര്‍ഷമായി പുര കെട്ടി മേഞ്ഞിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ നീലിയുടെ, വിഷം തീണ്ടിയുള്ള, മരണശേഷം. നീലി പോയതോടെ പുര കെട്ടിമേയലെല്ലാം ശങ്കരന് ആഡംബരമായി തോന്നി.   ശങ്കരന്‍ നീലിയെ ഓര്‍ത്തു. അവളോടൊപ്പം കഴിഞ്ഞ നല്ല കാലവും....

കഞ്ഞി കുടിക്കുന്നതും, പണിക്കുപോകുന്നതും, കണാരേട്ടന്റെ ചാരായഷാപ്പില്‍ പോകുന്നതും എല്ലാം രണ്ടുപേരും ഒരുമിച്ച് തന്നെ. ഷാപ്പില്‍ പോയി കുടിക്കുന്നത്, ഒരിക്കലും ഒരു കുറച്ചിലായി  നീലിയെ അലട്ടിയിട്ടില്ല. ശങ്കരന്‍ ചെയ്യുന്നത്  അവളും ചെയ്യുന്നു; അത്ര തന്നെ. അതിലെ ശരി-തെറ്റുകള്‍ വിശകലനം ചെയ്യാന്‍ മാത്രം അറിവും  അവള്‍ക്ക്  ഇല്ലായിരുന്നു. കുട്ടികള്‍ ഇല്ലെന്നത് ഒരു കുറവേ അല്ല, മറിച്ച് രണ്ടുപേര്‍ക്കും കൂടുതല്‍  സൌകര്യവും ആയിരുന്നു. 


പുറത്തിറങ്ങിയ
ശങ്കരന്‍ , ഭൂമിയുടെ തിരിച്ചലിന് ചെറിയൊരു താളപ്പിശക് ഉണ്ടെന്ന്  കണ്ടുപിടിച്ചെങ്കിലും, തല്‍ക്കാലം ക്ഷമിച്ചു. ഇനിയും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍  അപ്പോള്‍ ചോദിക്കാം ഭൂമിയോട്  എന്ന് മനസ്സിലുറപ്പിച്ചു. പതിവുള്ള, സ്വയം രചിച്ച,  "ലളിത"സംഗീതം പുറത്തെടുത്തു.

രാഗിണി പത്മിനി ലളിത ...... 
പത്മിനി രാഗിണി ലളിത ......
ലളിത രാഗിണി പത്മിനി  ......
പത്മിനി ലളിത രാഗിണി   ......
രാഗിണി ലളിത പത്മിനി  ......
ലളിത രാഗിണി പത്മിനി  ......

വീട്ടിലേക്കുള്ള വെട്ടുവഴിയിലൂടെ നടന്ന്, തന്റെ ഈ മാസ്റ്റര്‍പീസ്‌  പല പല രാഗത്തിലും, പല പല താളത്തിലും പാടി. ഷഡ് കാലത്തിലും അതിന്റെ അപ്പുറത്തെ കാലത്തിലും പാടി ഗോവിന്ദ മാരാരെപ്പോലും വെല്ലുവിളിച്ചു. പിന്നെ കണ്ട്രോള്‍ വീണ്ടെടുത്ത്‌  വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ഊര്‍ന്നിറങ്ങി. രണ്ട് വശവും ഉയര്‍ത്തി കെട്ടിയ മുളവേലികള്‍ ഉള്ളതുകൊണ്ട്  വഴി തെറ്റുന്ന പ്രശ്നം തന്നെ ഇല്ല. അയാള്‍ ഒരു വിധത്തില്‍ നീന്തിയും, തുഴഞ്ഞും മുന്നോട്ടു നീങ്ങി.

പെട്ടന്ന് കാലിനടിയില്‍ നിന്നും ഒരു പിടച്ചില്‍ . ശങ്കരന്‍ ഒന്ന് മേലോട്ട് ചാടി.  സീല്‍ക്കാരത്തോടെ ഒരു കമ്പ്, തൊട്ടു മുന്നില്‍ . മങ്ങിയ നിലാവെളിച്ചത്തില്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. കമ്പ് അല്ല. ആര് കണ്ടാലും കുറ്റം പറയാത്ത ഒരു തറവാടി സര്‍പ്പം. കണ്ടിട്ട് ഒരു രാജവെമ്പാല ലുക്ക്‌.   


"ഉം... ചങ്കരനോടാ ഇന്റെ കളി?" 
പുച്ഛവും, ഗര്‍വ്വും  കലര്‍ന്ന സ്വരത്തില്‍ ശങ്കരന്‍ ആക്രോശിച്ചു. 

കണാരേട്ടന്റെ തീര്‍ത്ഥം ആണവ റിയാക്ടറില്‍ എന്ന പോലെ ശങ്കരന്റെ ഉള്ളില്‍ കിടന്നു വിഘടിച്ചു. അത് ശങ്കരന് അളവറ്റ ഊര്‍ജ്ജം പ്രദാനം ചെയ്തു. ആ ഊര്‍ജ്ജത്തിന്റെ ബലത്തില്‍ വെറും ചങ്കരനായ ശങ്കരന്‍ , കൈലാസനാഥനായി രൂപാന്തരം പ്രാപിച്ചു. കോപാക്രാന്തനായി പാമ്പിന്റെ നേര്‍ക്കടുത്തു. ഇടതും വലതും ചുവടുവച്ച്‌ താണ്ഡവം തുടങ്ങി. 

പലപ്പോഴും ഒഴിഞ്ഞു പോകാന്‍ ശ്രമിച്ച പാമ്പിനെ വീണ്ടും വീണ്ടും തടഞ്ഞു. ഈ യുദ്ധത്തിനിടക്ക്, നില തെറ്റി കുനിഞ്ഞുപോയ ശങ്കരനെ, രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ പാമ്പ് മൂര്‍ധാവില്‍ ആഞ്ഞു കൊത്തി. ശങ്കരന്  ഒഴിഞ്ഞു മാറാനായില്ല. പക്ഷെ, രണ്ടാമതൊന്നു കൂടി കൊത്തുന്നതിനുമുന്പ്  പാമ്പിന്റെ കഴുത്തിന്‌ ശങ്കരനും പിടുത്തമിട്ടു.

മരണവെപ്രാളം രണ്ടുപേരിലും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയപ്പോഴും ശങ്കരന്‍ പാമ്പിന്റെ കഴുത്തില്‍നിന്നും പിടി വിട്ടിരുന്നില്ല. കുറച്ച് നേരത്തെ പിടച്ചിലിനുശേഷം പാമ്പ്  നിശ്ചലമായി. കൂടെ തുറന്ന വായ ഒരു വശത്തേക്ക് കോടിക്കൊണ്ട് ശങ്കരനും.

അന്നുമുതല്‍ കണ്ണപുരത്തെ എല്ലാ "തീര്ത്ഥങ്കര"ന്മാരും ഷാപ്പ്‌ തുറന്നു വ്യാപാരം ആരംഭിക്കുനതിനു മുന്‍പ് ഒരു ചെറിയ ഗ്ലാസ്സില്‍ കുറച്ച് തീര്‍ത്ഥം ഒഴിച്ചുവച്ചു, ശങ്കരന്‍ എന്ന രക്തസാക്ഷിക്കുവേണ്ടി. 


Image courtesy: Google

Saturday, January 1, 2011

ഒരു അഭ്യര്‍ത്ഥന

[പേടിക്കേണ്ട. കാശിനും, കിഡ്നിക്കും ഒന്നും അല്ല ഡേയ്  ...]

എല്ലാ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും സ്വന്തം പ്രൊഫൈലില്‍ , തങ്ങളുടെ ബ്ലോഗുകളുടെ ഒരു custom link കൂടി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു [ഒരിക്കല്‍ ഇത് ചെയ്തിട്ടുള്ളവര്‍ രണ്ടാമതും ചെയ്‌താല്‍ , അടി.. അടി...ങ്ഹാ...] . ഇതുകൊണ്ടുള്ള സൌകര്യം, followers list-ല്‍ [ഏത് ബ്ലോഗില്‍ നിന്നും] നിങ്ങളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ ലിങ്ക് കിട്ടും. അതില്‍ ക്ലിക്ക്  ചെയ്‌താല്‍ ദിവാരേട്ടന് പെട്ടന്ന് തന്നെ നിങ്ങളുടെ ബ്ലോഗില്‍ എത്തിച്ചേരാം. ഇനി ഇത് എങ്ങനാന്ന് അറിയില്ല എന്ന് മാത്രം പറയരുത്.

ദിവാരേട്ടന്‍ ചെയ്ത, വളഞ്ഞ വഴി:

ലോഗിന്‍ ചെയ്തു ഡാഷ് ബോര്‍ഡ് ല്‍ കയറുക.

Reading List ല്‍ Blogs I'm Following ന് താഴെ Manage ല്‍ ഏതെങ്കിലും ഒരു ബ്ലോഗിന്റെ settings ല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ക്ക് 
താഴെ [ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് അന്യഗൃഹജീവിയുടെ പോലെ ഒരു ചിത്രം കാണാം], Add links ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന Add a custom link ന് താഴെ URL ല്‍ നിങ്ങളുടെ ബ്ലോഗ്‌ ന്റെ URL ഉം Link name ല്‍ ബ്ലോഗിന്റെ പേരും കൊടുക്കുക. സംഗതി ശുഭം. [screenshots എല്ലാ വലിയ മിനക്കേട് ആണന്നേ...]

ഇത് വേറെ പല വിധത്തിലും ചെയ്യാമെന്ന്  തോന്നുന്നു [അല്ലാതെ, എനിക്ക് അറിയില്ലാന്ന് ഞാന്‍ സമ്മതിക്ക്വോ?]. ഇത് blogspot.com ലെ രീതി. wordpress-കാര്, വല്ല വിവരം ഉള്ളവനോടും ചോദിച്ചു മനസ്സിലാക്കി ചെയ്യുക.

!!    എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു    !!
.
.

Saturday, November 13, 2010

Quadratic Equation അഥവാ ദ്വിമാന സമവാക്യം

 
ax2+bx+c=0

ഈ സമവാക്യം മുകളില്‍ കൊടുക്കാന്‍ കാരണമുണ്ട്. IT "പ്രാണി"കളെ സംബന്ധിച്ചിടത്തോളം  ഇതിന് മറ്റൊരു interpretation കൊടുക്കാമെന്ന് തോന്നുന്നു.

Work Load2 + Termination Letter +Tension = 0 [ശൂന്യത]

ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഒരിക്കല്‍ ഈ അവസ്ഥയില്‍ എത്തി [Termination Letter ഒഴികെ] __


*                 *                 *                     *

ഒരു ദിവസം, പട്ടി കടിക്കാന്‍ ഇട്ട് ഓടിച്ച പോലെ നിതിന്‍ എന്റെ കാബിനിലേക്ക്പാഞ്ഞു വന്നു:

"ദിവാരേട്ടാ, പിങ്കി smokers' corner ല്‍  ഇരുന്നു കഞ്ചാവ് ആണ് അടിക്കുന്നത് !!" അവന്‍  കിതപ്പോടെ പറഞ്ഞു.
"അതിന് നിനക്കെന്താ?" ഞാന്‍ ചോദിച്ചു.

പ്രതീക്ഷിച്ച നവരസങ്ങളൊന്നും എന്റെ മുഖത്ത് കാണാത്തതുകൊണ്ട്, തന്റെ ഓട്ടം വെറുതെ ആയോ എന്നുള്ള സന്ദേഹത്തോടെ അവന്‍ എന്നെ ഒന്ന് ചരിഞ്ഞ് നോക്കി. എന്നിട്ട് ഉവാച:

"എനിക്കൊന്നും ഇല്ല. HR-ന് റിപ്പോര്‍ട്ട്‌ ചെന്നാല്‍  അവള്‍ക്ക് ഔട്ട്പാസ്  കിട്ടും എന്ന് മാത്രം."

"അതേ. എന്നിട്ടുവേണം കമ്പനിയുടെ C# ഉം,  PERL ഉം project-കള്‍ പെട്ടിയില്‍ വച്ച് പൂട്ടാന്‍ , അല്ലെ?" ഞാന്‍ തമാശയോടെ പറഞ്ഞു.


പിങ്കി ഓഫീസില്‍ വച്ച് കഞ്ചാവല്ല, സാക്ഷാല്‍ ബ്രൌണ്‍ ഷുഗര്‍ തന്നെ അടിച്ചാലും കമ്പനി അവളെ പറഞ്ഞു വിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  വെറും ഒരു development trainee ആയി join ചെയ്ത് 3 വര്‍ഷം കൊണ്ട് pioneer of project ആയത്  അവളുടെ കഠിനാധ്വാനം കൊണ്ട് തന്നെ ആണ്. മാത്രവുമല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി ചെയ്ത മികച്ച project കളില്‍ പിങ്കിയുടെ contribution എടുത്തുപറയത്തക്കതാണ്.

ഞാന്‍ ഒന്നും മിണ്ടാതെ എന്റെ ജോലി തുടര്‍ന്നു. എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകണം അവിടെ ഇരുന്നുകൊണ്ടുതന്നെ, അതേ ഷിഫ്റ്റില്‍ ഉള്ള 2 റൂംമേറ്റ്സ് നെയും ഇന്റര്‍കോമില്‍ വിളിച്ചും, വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 12 to 8 [രാത്രി] ഷിഫ്റ്റ്കാരനെ മൊബൈലില്‍  വിളിച്ചുണര്‍ത്തിയും "കാര്യം" വിളംബരം ചെയ്തു. ഉറങ്ങുന്നവനോട് പറഞ്ഞപ്പോള്‍ മറുപടി ആയി കിട്ടിയത്  ISO 9000 തെറി ആണെന്ന് അവന്റെ മുഖഭാവം കൊണ്ട് മനസ്സിലായി.

"ഷിഫ്റ്റ്കഴിയട്ടെ. നമുക്ക് അവളെ പോയി കാണാം." ഞാന്‍ പറഞ്ഞു.

 "നമുക്ക് ഇപ്പൊ തന്നെ പോയാലോ?" ഒരു തരം ജഗദീഷ് സ്റ്റൈലില്‍ . 

"എന്തിനാ, അവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാനോ?" ഞാന്‍ ദേഷ്യപ്പെട്ടു.

നിതിന്‍ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. പിന്നീട് ഫലമില്ല  എന്ന് തോന്നിയിട്ടോ എന്തോ, എണീറ്റ്സ്വന്തം cubicle ലേക്ക് പോയി. കാഴ്ചക്ക്  “ബോണ്‍സായ് “ പോലെ ഇരുന്നാലും ഇവന്‍ വളരെ ആക്റ്റീവ് ആണ്; ജോലി ചെയ്യുന്നതില്‍ ഒഴികെ. ഇവനെ കുറച്ചുദിവസം technical support-ല്‍  ഇരുത്തണം, ഒന്നുമില്ലെങ്കിലും മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതെങ്കിലും ഒന്ന് കുറഞ്ഞുകിട്ടും.

അപ്പോള്‍ അവനെ ഒഴിവാക്കി എങ്കിലും, അവന്‍ പറഞ്ഞത് ഒരു വണ്ടിനെപ്പോലെ എന്റെ തലക്കുള്ളില്‍ മൂളിക്കൊണ്ടിരുന്നു. പിങ്കി ഞങ്ങളുടെ ഒരു നല്ല കൂട്ടുകാരി ആയിരുന്നു. വളരെ അപൂര്‍വമായേ അവള്‍ സിഗരറ്റ് വലിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു., അതും പാര്‍ട്ടികളില്‍ മാത്രം. ഓഫീസില്‍ ആണെങ്കില്‍ പുക വലിക്കാന്‍ പ്രത്യേക ഇടം ഉണ്ട്, smokers' corner. ഈ റൂം ഉപയോഗിക്കുന്നത് അധികവും പെണ്‍ പിള്ളേര്‍ മാത്രം [എന്തൊരു അച്ചടക്കവും, അനുസരണയും ഉള്ള  പെണ്‍കുട്ടികള്‍ ആണെന്നോ പുനെയിലെ ഞങ്ങളുടെ ഓഫീസിലെ]. ആണുങ്ങള്‍ വലിച്ച്, പുക നേരെ ബഹിരാകാശത്തേക്ക് വിടും; ഒട്ടും അനുസരണയില്ലാതെ.... 

ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. എന്നിലെ വല്യേട്ടന്‍ ഉണര്‍ന്നു. ഞാന്‍ LAN CHAT (Internal Messaging System) വഴി പിങ്കിക്ക് ഒരു മെസ്സേജ് അയച്ചു നോക്കി. മറുപടി കിട്ടി. അവള്‍  സീറ്റില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് മനസ്സിലായി. ഞാന്‍ ഇന്റര്‍ കോം എടുത്തു:

"cab ഡ്രോപ്പ് ചെയ് തോളൂ  . ഞാന്‍ ബൈക്ക് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് ഒരുമിച്ചു പോകാം." 

"നിതിന്‍ അവിടെ എത്തി അല്ലെ?"  


ഒട്ടൊരു അരിശത്തോടെ അവള്‍ തിരിച്ചു ചോദിച്ചു. ഞാന്‍ മറുപടി പറയാതെ ഫോണ്‍ വച്ചു. അടുത്ത 10 മിനിട്ടിനുള്ളില്‍ , നിതിനെതിരെ ഉള്ള പരാതിയുമായി, ചാടിതുള്ളി ഉള്ള അവളുടെ ഒരു വരവ് ഞാന്‍ പ്രതീക്ഷിച്ചു; പക്ഷെ ഉണ്ടായില്ല. 

ഷിഫ്റ്റ്‌ കഴിഞ്ഞ് പുറത്തിറങ്ങിയതും റിസപ്ഷനില്‍ പിങ്കി കാത്തുനിന്നിരുന്നു. 

"എനിക്ക് കുറച്ച് ഷോപ്പിംഗ്‌ ഉണ്ടായിരുന്നു." അവള്‍ മുങ്ങാന്‍ നോക്കി.

"അതിനെന്താ, ഞാന്‍ തന്നെ നിന്നെ mall ല്‍ ഡ്രോപ്പ് ചെയ്യാം, പിന്നെ നിന്റെ അപ്പാര്‍ട്ട്മെന്റിലും   കൊണ്ട് വിടാം; പക്ഷെ വീട്ടില്‍ പോയി ഒരു കാപ്പി കുടിച്ചതിനുശേഷം..." 

അവള്‍ മടിയോടെ ബൈക്കില്‍ കയറി. അടുത്ത ഉടക്ക് കൊണ്ടുവരുന്നതിന് മുന്‍പ് ഞാന്‍ കത്തിച്ചു വിട്ടു.

ഫ്ലാറ്റിലെത്തിയപ്പോള്‍ night shift കാരന്‍ കാപ്പി ഒക്കെ ഉണ്ടാക്കി ഫ്ലാസ്കില്‍ ആക്കി വച്ചിരിക്കുന്നു. രണ്ട് കപ്പില്‍ എടുത്തുകൊണ്ട് ഒന്ന്‍ പിങ്കിക്ക് കൊടുത്തു. ഇപ്പോഴും അവള്‍ വളരെ confused ആണ്. ഞാന്‍ അവളെ ഒന്ന് ചുഴിഞ്ഞ് നോക്കികൊണ്ട് ചോദിച്ചു:

"നിനക്ക് എവിടുന്നാ കഞ്ചാവ് കിട്ടിയത്?"
"ഇല്ല കരണ്‍ , അത് സാധാരണ സിഗരറ്റ് ആയിരുന്നു. നിതിന്‍ നുണ പറയുകയാണ്‌".

പക്ഷെ നുണ പറയുന്നത് താന്‍ തന്നെയാണെന്ന് പിങ്കിയുടെ മുഖത്ത് എഴുതി വച്ചിരുന്നു. 

[എന്റെ നാട്ടുകാര്‍ സ്നേഹത്തോടെ എനിക്ക് സമ്മാനിച്ച "ദിവാരേട്ടന്‍ " എന്ന എന്റെ പേര് ഈ ഗോസായികളെല്ലാം കൂടി വിളിക്കാന്‍ സൌകര്യം പറഞ്ഞ്  "കരണ്‍ " എന്നാക്കി മാറ്റിയിരുന്നു., ഡോബര്‍മാന്‍ പട്ടിയുടെ വാല് മുറിച്ചപോലെ. എനിക്ക് അത് കേള്‍ക്കുമ്പോള്‍ "കരുണന്‍ ചന്തക്കവല"യെ (CID മൂസ) ഓര്‍മ്മ വരും]

അപ്പോഴേക്കും നിതിനും, ഗോവര്‍ദ്ധനും കയറി വന്നു. പിങ്കി നിതിന്‍ നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അവന്‍ ഒരു മന്ദബുദ്ധി ചിരി ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി. ഈ ചിരിയുടെ "പേറ്റന്റ്‌"  ഞങ്ങളുടെ കൂട്ടത്തില്‍ അവന് ആണ്. എന്തൊക്കെ ഗുലുമാല് ഒപ്പിച്ചാലും അവസാനം ഈ ഒരു ചിരിയോടെ അവന്‍ രക്ഷപ്പെടും, ഞങ്ങളെല്ലാവരും ആപ്പിലാവുകയും ചെയ്യും.

എത്ര തിരിച്ചും മറിച്ചും ചോദിച്ചിട്ടും പിങ്കി സമ്മതിച്ചില്ല. എങ്കിലും അവള്‍ വളരെ അധികം disturbed ആണെന്ന് മനസ്സിലായി. പിന്നെ എനിക്ക് തോന്നി ഇപ്പൊ കൂടുതലൊന്നും ചോദിക്കേണ്ട. ചിലപ്പോള്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലോ...

week end ആകുമ്പോഴേക്കും വിവരങ്ങള്‍ ചികഞ്ഞ് അറിയാന്‍ ഗോവര്‍ദ്ധനെ ചട്ടം കെട്ടി. ഗ്രൂപ്പിലെ "മിണ്ടാപ്രാണി" ആയ ഗോവര്‍ദ്ധനുമായി ആണ് അവള്‍ക്ക് കൂടുതല്‍ അടുപ്പം. ഒഴിവുദിവസങ്ങളില്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വരുമ്പോള്‍ , കുക്കിംഗ്‌ ല്‍ ഗോവര്‍ദ്ധനെ മാത്രമേ പിങ്കി സഹായിക്കാറുള്ളൂ. പ്രായത്തില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ഗോവര്‍ദ്ധന്‍ അവളെ ദീദി [ചേച്ചി] എന്ന് വിളിക്കണമെന്ന് അവള്‍ക്ക് നിര്‍ബന്ധം ആണ്.

ഗോവര്‍ദ്ധന്‍ കൊണ്ടുവന്ന വിവരം കേട്ട് ഞങ്ങള്‍ എല്ലാവരും ആദ്യം ചിരിച്ചു. പിന്നീട്, ചിരിച്ചല്ലോ എന്നോര്‍ത്ത് വല്ലായ്മ തോന്നി.

പിങ്കിയുടെ അമ്മ കല്യാണം കഴിക്കാന്‍ പോകുന്നു !!.

പിങ്കിയുടെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചുപോയെന്നും, അമ്മ കല്‍ക്കത്തയില്‍ ഗൈനക്കോളജിസ്റ്റ് ആണെന്നും അവള്‍ പറഞ്ഞ് ഞങ്ങള്‍ക്ക് അറിയാം. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഗോവര്‍ദ്ധനോട് ചോദിക്കണം. അവന് പിങ്കിയുടെ അമ്മയുമായി ഫോണ്‍ contact ഉണ്ട്. പക്ഷെ, ഇക്കാര്യത്തില്‍ അവനും കൂടുതല്‍ ഒന്നും അറിയില്ല. 

മറ്റുള്ളവരുടെ കാര്യത്തില്‍ എല്ലാം പിങ്കിക്ക് വളരെ liberal approach ആണെങ്കിലും സ്വന്തം അമ്മ വീണ്ടും കല്യാണം കഴിക്കുന്ന കാര്യം വന്നപ്പോള്‍ ആള് ആകെ മാറി. ആ അമ്മക്ക് നല്ല പ്രായത്തില്‍ വേണമെങ്കില്‍ പുനര്‍വിവാഹം ആകാമായിരുന്നു. അന്നൊന്നും അത് ചെയ്യാതെ ഇപ്പോള്‍ അതിനു മുതിരുന്നുണ്ടെങ്കില്‍ അതിനു തക്കതായ കാരണവും ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, പ്രായമാകുമ്പോള്‍ അവര്‍ക്കും ഒരു ആശ്രയം വേണമെന്ന് തോന്നിയിരിക്കാം. ജോലിയിലെ മിടുക്ക് പിങ്കിക്ക് മറ്റുള്ള കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ ഉണ്ടായിരുന്നില്ല.

എന്തിനേറെ പറയുന്നു, ആ ഞായറാഴ്ച ഓരോ ബിയറിന്റെ പുറത്ത്, ഞങ്ങള്‍ എല്ലാവരും കൂടി പിങ്കിയെ പറഞ്ഞ് മനസ്സിലാക്കി. അവളും ഒരു വിധം സമ്മതിച്ചു, അമ്മയുടെ കല്യാണത്തിന്. മാത്രവുമല്ല എന്ത് വന്നാലും ലഹരി [ഇതില്‍ ബിയറും, വൈനും പെടില്ല ട്ടോ] ഉപയോഗിക്കില്ല എന്നും.

ആവേശം മൂത്ത്, ഞാന്‍ അപ്പോള്‍ തന്നെ അവളുടെ അമ്മയെ വിളിച്ചു പിങ്കിയുടെ സമ്മതം അറിയിക്കാന്‍ പറഞ്ഞു ഗോവര്‍ദ്ധനോട്. പിങ്കിയുടെ അമ്മയുമായി 5 മിനിറ്റ് സംസാരിച്ച് അവന്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്ന് മിഴുങ്ങസ്യാന്ന് നിന്നു.

"എന്താടാ?" ഞാന്‍
"അവര്‍ക്ക് കല്യാണം വേണ്ടെന്ന്." ഗോവര്‍ദ്ധന്‍
"അതെന്തേ പ്രായപൂര്‍ത്തി ആകാത്തതുകൊണ്ടാണോ?" നിതിന്‍
"പ്രതിശ്രുതവരന്‍ ഡോക്ടര്‍ " വടി ആയെന്ന്....." ഗോവര്‍ദ്ധന്‍ .

ഞാന്‍ എണീറ്റ്‌ അടുത്ത ക്യാന്‍ എടുക്കാന്‍ ഫ്രിഡ്ജിനടുത്തേക്ക് നടക്കുമ്പോള്‍ പിങ്കിയുടെ ഉറക്കെയുള്ള ചിരി കേട്ടു. അമ്മയെ തിരിച്ചു കിട്ടിയ ഒരു മോളുടെ ചിരി. അപ്പോള്‍ Quadratic Equation ല്‍ നിന്നും "Tension" കൊഴിഞ്ഞു പോയിരുന്നു. 


കുറിപ്പ്: ഇതിലെ സംഭാഷണം ദിവാരേട്ടന്‍ മലയാളീകരിച്ചതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ...



Image from: www.indiashines.com



Template by:

Free Blog Templates